വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ കബറിടത്തില്‍ പ്രാര്‍ത്ഥനയോടെ കാതോലിക്കാ ബാവ

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ കബറിടത്തില്‍ പ്രാര്‍ത്ഥനയോടെ കാതോലിക്കാ ബാവ

ഒരു ഓര്‍ത്തഡോക്‌സ് പരമാധ്യക്ഷന്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ കബറിടത്തില്‍ എത്തുന്നത് ഇതാദ്യം

ഭരണങ്ങാനം: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ ഭരണങ്ങാനത്ത് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ കബറിടത്തില്‍ എത്തി.ഓര്‍ത്തഡോക്‌സ് സഭ തലവന്‍ ആദ്യമായാണ് ഭരണങ്ങാനത്തെ അല്‍ഫോന്‍സാമ്മയുടെ ദേവാലയത്തില്‍ എത്തുന്നത്. ഭരണങ്ങാത്തെത്തിയ ബാവയെ പാലാ രൂപത മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നേതൃത്വത്തില്‍ ദേവാലയത്തിലേക്ക് സ്വീകരിച്ച് ആനയിച്ചു.

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ മാതൃകാപരമായ ജീവിതത്തെ ഓര്‍ത്തഡോക്‌സ് ബാവ അനുസ്മരിച്ചു. ക്രൈസ്തവ സമൂഹം വലിയ വെല്ലുവിളികള്‍ നേരിടുന്ന ഇക്കാലത്ത് സഹോദര സഭകള്‍ക്കിടയില്‍ ഐക്യം പുലരേണ്ടത് അത്യാവശ്യമാണ്. സമന്വയത്തിന്റെ പാതയിലൂടെയാണ് ആത്മീയതയുടെ അന്തസത്ത പരിപാലിക്കപ്പെടുന്നത്. ലോകത്തിന്റെ പൊതു സ്വത്താണ് വിശുദ്ധരെന്നും അതുകൊണ്ടുതന്നെ പരിശുദ്ധമാരെ ആദരിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വവും കടയുമാണന്നും പരിശുദ്ധ ബാവ പറഞ്ഞു.

ലോകത്ത് തിന്മകള്‍ കൂടുമ്പോഴും പരിശുദ്ധരുടെ പ്രാര്‍ത്ഥനയും മധ്യസ്ഥതയും കൊണ്ടാണ് മനുഷ്യവര്‍ഗ്ഗം തന്നെ നിലനില്‍ക്കുന്നതെന്ന് ബാവ ഓര്‍മിപ്പിച്ചു. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ കബറിടത്തിലെത്തിയ ഓര്‍ത്തഡോക്‌സ് സഭ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ പ്രാര്‍ഥിക്കുകയും ചെയ്തു.


വിശുദ്ധ അല്‍ഫോന്‍സായുടെ സ്മരണാര്‍ഥം ഫാമിലി കണക്റ്റിന്റെ നേതൃത്വത്തില്‍ ഓസ്‌ട്രേലിയന്‍ തപാല്‍ വകുപ്പ് പുറത്തിറക്കിയ സ്റ്റാമ്പിന്റെ പ്രകാശനവും ബാവ നിര്‍വഹിച്ചു. ഭാരതത്തില്‍ നിന്ന് വിശുദ്ധ പദവിയിലേയ്ക്ക് ഉയര്‍ത്തപ്പെട്ട ആദ്യ വനിതയാണ് വിശുദ്ധ അല്‍ഫോന്‍സാമ്മ.

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, പാലാ രൂപത മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, തീര്‍ഥാടന കേന്ദ്രം റെക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍, കെയര്‍ ആന്‍ഡ് ഷെയര്‍ മാനേജിങ് ഡയറക്ടര്‍ ഫാ.തോമസ് കുര്യന്‍ മരോട്ടിപ്പുഴ, ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോന പള്ളി വികാരി ഫാ. സക്കറിയാസ് ആട്ടപ്പാട്ട്, മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍, പ്രോട്ടോസിഞ്ചെല്ലൂസ് ഫാ.ജോസഫ് തടത്തില്‍, ഷംഷാബാദ് രൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് കൊല്ലംപറമ്പില്‍, പ്രൊക്കുറേറ്റര്‍ റവ.ഡോ.ജോസഫ് മുത്തനാട്ട്, അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. ജോണ്‍സണ്‍ പുള്ളീറ്റ് തുടങ്ങിയവരും എത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26