ന്യൂസിലന്‍ഡില്‍ ഹോസ്റ്റല്‍ കെട്ടിടത്തില്‍ വന്‍ തീപിടിത്തം; ആറ് പേര്‍ക്കു ദാരുണാന്ത്യം; പതിനൊന്നു പേരെ കാണാതായി

ന്യൂസിലന്‍ഡില്‍ ഹോസ്റ്റല്‍ കെട്ടിടത്തില്‍ വന്‍ തീപിടിത്തം; ആറ് പേര്‍ക്കു ദാരുണാന്ത്യം; പതിനൊന്നു പേരെ കാണാതായി

വില്ലിങ്ടണ്‍: ന്യൂസിലന്‍ഡില്‍ ഹോസ്റ്റല്‍ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ ആറ് പേര്‍ മരിച്ചു. രാജ്യതലസ്ഥാനമായ വില്ലിങ്ടണിലുള്ള ലോഫേഴ്സ് ലോഡ്ജ് ഹോസ്റ്റലിലാണ് തീപിടിത്തം ഉണ്ടായത്. നാലു നിലയുള്ള കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് തീപടര്‍ന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.

വിവരം അറിഞ്ഞയുടനെ അഗ്‌നിശമന സേന സംഭവ സ്ഥലത്തെത്തി. 52 പേരെ കെട്ടിടത്തിനുള്ളില്‍ നിന്നും രക്ഷപ്പെടുത്തി. പതിനൊന്നു പേരെ കണ്ടെത്താനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഹോസ്റ്റല്‍ കെട്ടിടത്തില്‍ വാട്ടര്‍ സ്പ്രിങ്‌ളറോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഉണ്ടായിരുന്നില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

'അര്‍ധരാത്രി ഏകദേശം 12.30-ന് ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി ഓഫീസിലേക്ക് ഹോസ്റ്റല്‍ കെട്ടിടത്തില്‍ തീപിടിത്തം ഉണ്ടായെന്ന് ഫോണ്‍ കോള്‍ വന്നു. അഗ്‌നിശമന സേനയുടെ 20 യൂണിറ്റുകള്‍ ഉടനെ സംഭവസ്ഥലത്തെത്തി. കെട്ടിടത്തില്‍ നിന്നും 52 പേരെ പുറത്തെത്തിച്ചു. കൂടുതല്‍ പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്' ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി ഡിസ്ട്രിക്റ്റ് മാനേജര്‍ നിക്ക് പിയാറ്റ് പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. തീപടരാനുള്ള കാരണം അഗ്‌നിശമനസേനാ വിഭാഗവും അത്യാഹിത വിഭാഗവും ചേര്‍ന്ന് പരിശോധിച്ച് കണ്ടെത്തുമെന്ന് പൊലീസ് അറിയിച്ചു.

മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് പ്രധാനമന്ത്രി ക്രിസ് ഹിപ്കിന്‍സ് പറഞ്ഞു. മുകള്‍ നിലയില്‍ ആസ്ബറ്റോസ് ഉണ്ടായിരുന്നു. കത്തിക്കൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നിന്ന് അഞ്ച് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. മൂന്നാം നിലയില്‍ നിന്ന് ചാടിയ ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു.

തീ ഒരു പരിധി വരെ നിയന്ത്രിക്കാനായെങ്കിലും കെട്ടിടത്തിന്റെ മേല്‍ക്കൂര ഇടിയുമെന്ന ഭീതിയുള്ളതിനാല്‍ പോലീസിന് ഉള്ളില്‍ കടക്കാന്‍ കഴിയാതിരുന്നതും മരണസംഖ്യ ഉയരാന്‍ കാരണമായി.

അപകടത്തില്‍ ഓസ്ട്രേലിയക്കാര്‍ ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ഓസ്ട്രേലിയന്‍ ഉദ്യോഗസ്ഥര്‍. ലോഫേഴ്സ് ലോഡ്ജ് ഹോസ്റ്റലില്‍ 92 അതിഥികള്‍ക്ക് താമസിക്കാനാകും. അതേസമയം, അപകട സമയത്ത് എത്ര പേര്‍ കെട്ടിടത്തിനകത്തുണ്ടായിരുന്നുവെന്ന് വ്യക്തമല്ല. കെട്ടിടത്തില്‍ ഇനിയും ആളുകള്‍ കുടങ്ങിക്കിടക്കുന്നതായാണ് സംശയം.

വിശ്രമമുറികള്‍, അടുക്കള, അലക്കാനുള്ള സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ലോഫേഴ്സ് ലോഡ്ജില്‍ സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന നിരക്കിലാണ് മുറികള്‍ ലഭിക്കുന്നത്. അതിനാല്‍ നിരവധി പേരാണ് ഇവിടെ താമസിക്കാനെത്തുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.