അലിസ്റ്റര്‍ ഡട്ടണ്‍ അന്താരാഷ്ട്ര കാരിത്താസ് സംഘടനയുടെ പുതിയ സെക്രട്ടറി ജനറല്‍

അലിസ്റ്റര്‍ ഡട്ടണ്‍ അന്താരാഷ്ട്ര കാരിത്താസ് സംഘടനയുടെ പുതിയ സെക്രട്ടറി ജനറല്‍

റോം: കത്തോലിക്കാ സഭയുടെ സമൂഹസേവന വിഭാഗമായ അന്താരാഷ്ട്ര കാരിത്താസ് സംഘടനയുടെ പുതിയ സെക്രട്ടറി ജനറലായി അലിസ്റ്റര്‍ ഡട്ടണ്‍ നിയമിതനായി. 162 ദേശീയ കാരിത്താസ് അംഗ സംഘടനകള്‍ ഉള്‍പ്പെടുന്ന കാരിത്താസ് കോണ്‍ഫെഡറേഷന്റെ പ്രതിനിധിയോഗമാണ് അലിസ്റ്റര്‍ ഡട്ടണെ തിരഞ്ഞെടുത്തത്. ടോക്യോ ആര്‍ച്ച് ബിഷപ്പ് ടാര്‍സിസിയോ ഈസാവോ കികുച്ചിയെ പ്രസിഡന്റായി നേരത്തെ തിരഞ്ഞെടുത്തിരുന്നു.

നിലവില്‍ സ്‌കോട്ട്ലന്‍ഡ് കാരിത്താസ് സംഘടനയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായ ഡട്ടണ് 25 വര്‍ഷത്തിലേറെ പ്രവൃത്തി പരിചയമുണ്ടെന്നതും എഴുപതിലധികം രാജ്യങ്ങളില്‍ വിവിധ മാനുഷികവികസന പ്രോജക്ടുകള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.

1996 മുതലാണ് അലിസ്റ്റര്‍ ഡട്ടണ്‍ കാരിത്താസിനൊപ്പം യാത്ര ആരംഭിക്കുന്നത്. 2009 മുതല്‍ 2014 വരെ കാരിത്താസ് ഇന്റര്‍നാഷണലിസിന്റെ ഹ്യൂമാനിറ്റേറിയന്‍ ഡയറക്ടറായിരുന്നു. ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് തത്വശാസ്ത്രം, രാഷ്ട്രീയം, സാമ്പത്തികശാസ്ത്രം എന്നിവയില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.

കാരിത്താസുമായുള്ള യാത്ര ലോകമെമ്പാടും തന്നെ എത്തിച്ചതായി ഡട്ടണ്‍ പറഞ്ഞു. കൊസോവോ, ഡാര്‍ഫര്‍, ഇറാഖ്, ലൈബീരിയ, സിറിയ എന്നിവിടങ്ങളിലെ യുദ്ധം, ഏഷ്യയിലെ സുനാമി, ഹെയ്തി, ഇന്ത്യ, ഇന്തോനേഷ്യ, ചിലി എന്നിവിടങ്ങളിലെ ഭൂകമ്പങ്ങള്‍, സമ്പത്തിനു വേണ്ടിയുള്ള ആഫ്രിക്കയിലെ സംഘര്‍ഷങ്ങള്‍, പാകിസ്ഥാന്‍, മ്യാന്‍മര്‍, ഇന്ത്യ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ചുഴലിക്കാറ്റുകളും വെള്ളപ്പൊക്കവും, ആഫ്രിക്കയിലെ സൊമാലിയ, സുഡാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ഭക്ഷ്യ പ്രതിസന്ധി, പസഫിക്കിലെ ദ്വീപ് സംസ്ഥാനങ്ങള്‍ മുങ്ങുന്നതിന്റെ ഭയപ്പെടുത്തുന്ന യാഥാര്‍ത്ഥ്യം എന്നിവ നേരിട്ട് അനുഭവപ്പെട്ടതായി ഡട്ടണ്‍ പറഞ്ഞു.

2019 മുതല്‍ കാരിത്താസ് ഓസ്ട്രേലിയയുടെ സിഇഒ ആയി സേവനം ചെയ്തു വരുന്ന കിര്‍സ്റ്റി റോബര്‍ട്ട്സനാണ് സംഘടനയുടെ പുതിയ വൈസ്-പ്രസിഡന്റ്. കാരിത്താസ് ഓസ്ട്രേലിയയില്‍ പസഫിക് പ്രോഗ്രാംസ് കോര്‍ഡിനേറ്ററായും, വാര്‍ത്താവിനിമയ വിഭാഗത്തിന്റെ മേധാവിയായും ദീര്‍ഘനാള്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യ അടക്കം ഇരുനൂറോളം രാജ്യങ്ങളില്‍ സജീവ സാന്നിദ്ധ്യമുള്ള കത്തോലിക്ക സന്നദ്ധ സംഘടനയാണ് കാരിത്താസ്.

ദാരിദ്ര്യം അവസാനിപ്പിക്കുക, നീതി പ്രോത്സാഹിപ്പിക്കുക, ഭക്ഷ്യ-ജല അരക്ഷിതാവസ്ഥ പരിഹരിക്കുക, ദുരന്തങ്ങളില്‍ അടിയന്തര സഹായം ലഭ്യമാക്കുക തുടങ്ങിയ നിരവധി പ്രവര്‍ത്തനങ്ങളാണ് സന്നദ്ധ സംഘടന കാഴ്ചവെയ്ക്കുന്നത്. 1962ല്‍ ആണ് കാരിത്താസ് ഇന്ത്യ വിഭാഗം ആരംഭിച്ചത്. രാജ്യത്തെ 152 സോഷ്യല്‍ സര്‍വീസ് സൊസൈറ്റികള്‍, നൂറിലധികം എന്‍ജിഒകള്‍ എന്നിവ കാരിത്താസ് ഇന്ത്യയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26