കര്‍ണാടകയില്‍ സത്യപ്രതിജ്ഞ ശനിയാഴ്ച: സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രി; ശിവകുമാറിന് സുപ്രധാന വകുപ്പുകളുള്‍പ്പടെ ഉപമുഖ്യമന്ത്രി സ്ഥാനം

കര്‍ണാടകയില്‍ സത്യപ്രതിജ്ഞ ശനിയാഴ്ച: സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രി; ശിവകുമാറിന് സുപ്രധാന വകുപ്പുകളുള്‍പ്പടെ ഉപമുഖ്യമന്ത്രി സ്ഥാനം

ബംഗളൂരു: ദിവസങ്ങള്‍ നീണ്ട മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ കര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് ധാരണയായി. സിദ്ധരാമയ്യയെ തന്നെ മുഖ്യമന്ത്രിയാക്കാനാണ് തീരുമാനം. ഇടഞ്ഞു നിന്ന കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാറിനെ അനുനയിപ്പിക്കാന്‍ കഴിഞ്ഞതോടെയാണ് ഏറെ ദിവസങ്ങളായി നിന്ന പ്രശ്‌നത്തിന് പരിഹാരമായത്. ഉപമുഖ്യമന്ത്രി സ്ഥാനം ഉള്‍പ്പടെ സുപ്രധാന ആറ് വകുപ്പുകളും ശിവകുമാറിന് ലഭിക്കും.

മൂന്ന് ദിവസം നീണ്ട ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ശേഷമാണ് കര്‍ണാടകയിലെ മുഖ്യമന്ത്രി പദം സംബന്ധിച്ച് ഹൈക്കമാന്‍ഡിന്റെ ഇടപെടലോടെ നീക്കങ്ങള്‍ വിജയം കണ്ടത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെ ഇതു സംബന്ധിച്ച തീരുമാനം ഇന്ന് പ്രഖ്യാപിക്കും. ശനിയാഴ്ചയാണ് സത്യപ്രതിജ്ഞ. ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് നിയമസഭാ കക്ഷിയോഗം വിളിച്ചിട്ടുണ്ട്. എല്ലാ എംഎല്‍എമാരോടും യോഗത്തിനെത്താന്‍ ശിവകുമാര്‍ നിര്‍ദ്ദേശം നല്‍കി. യോഗത്തില്‍ സിദ്ധരാമയ്യയെ നേതാവായി തിരഞ്ഞെടുക്കും.

മുഖ്യമന്ത്രി സ്ഥാനം നല്‍കാതെ വഴങ്ങില്ലെന്ന ഡി.കെ. ശിവകുമാറിന്റെ കടുത്ത നിലപാടാണ് പ്രതിസന്ധിയുടെ ആക്കം കൂട്ടിയത്. എംഎല്‍എമാരുടെ ഭൂരിപക്ഷ പിന്തുണ കിട്ടിയ സിദ്ധരാമയ്ക്ക് ആദ്യ ടേം നല്‍കാനായിരുന്നു തുടക്കം മുതല്‍ ഹൈക്കമാന്‍ഡ് തീരുമാനം. അനധികൃത സ്വത്ത് സമ്പാദന കേസില്‍ അന്വേഷണ ഏജന്‍സികളുടെ നോട്ടമിട്ടിരിക്കുന്ന ഡി.കെ. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കിയാല്‍ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അതിന്റെ ക്ഷീണമുണ്ടാകുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.