'ചന്ദ്രയാന്‍-മൂന്ന്' ജൂലൈയില്‍; ചാന്ദ്രരഹസ്യങ്ങള്‍ കണ്ടെത്തുക ലക്ഷ്യം

'ചന്ദ്രയാന്‍-മൂന്ന്' ജൂലൈയില്‍; ചാന്ദ്രരഹസ്യങ്ങള്‍ കണ്ടെത്തുക ലക്ഷ്യം

ബംഗളൂരു: ഇന്ത്യയുടെ മൂന്നാമത് ചാന്ദ്രപര്യവേക്ഷണ ദൗത്യവുമായി 'ചന്ദ്രയാന്‍ -മൂന്ന്' ജൂലൈയില്‍ ചന്ദ്രനിലേക്ക് കുതിക്കും. ഉപഗ്രഹവിക്ഷേപണ വാഹനമായ ജിഎസ്എല്‍വി മാര്‍ക്ക്-മൂന്നിന്റെ ചിറകിലേറിയായിരിക്കും യാത്ര. ജൂലൈ 12 നായിരിക്കും വിക്ഷേപണമെന്നും ആഗസ്റ്റ് 23ന് ചന്ദ്രനില്‍ ഇറങ്ങുമെന്നും ബന്ധപ്പെട്ടവര്‍ സൂചന നല്‍കുന്നു.

എന്നാല്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം (ഐഎസ്ആര്‍ഒ) ഇതു സംബന്്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ചന്ദ്രന്റെ അകത്തളങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങളുടെ കലവറ കണ്ടെത്താനുള്ള ഐഎസ്ആര്‍ഒയുടെ മൂന്നാം ചാന്ദ്രദൗത്യമാണിത്. വിക്ഷേപണത്തിന് മുന്നോടിയായുള്ള പേലോഡുകള്‍ ഘടിപ്പിക്കല്‍ പ്രക്രിയ കഴിഞ്ഞ ആഴ്ച ബംഗളൂരുവിലെ സാറ്റലൈറ്റ് സെന്ററില്‍ തുടങ്ങിയിട്ടുണ്ട്.

ചന്ദ്രനില്‍ ഇറങ്ങാനായുള്ള തദ്ദേശീയമായി നിര്‍മിച്ച ലാന്‍ഡര്‍ മൊഡ്യൂള്‍ പ്രൊപല്‍ഷന്‍ മൊഡ്യൂള്‍ ഉപരിതലത്തിലെ പരുക്കന്‍ പ്രതലത്തില്‍ ഓടിക്കാനുള്ള വാഹനമായ റോവര്‍ എന്നിവയടങ്ങിയതാണ് ചന്ദ്രയാന്‍ മൂന്ന്. ചക്രങ്ങള്‍ ഘടിപ്പിച്ച റോവര്‍ വാഹനം ചന്ദ്രോപരിതലത്തിലൂടെ സഞ്ചരിച്ചാണ് വിവരങ്ങള്‍ ശേഖരിക്കുക. ഈ വിവരങ്ങള്‍ ചന്ദ്രയാന്‍ മൂന്ന് പേടകത്തിന്റെ സഹായത്തോടെ ഭൂമിയിലേക്ക് അയക്കും.

ലാന്‍ഡറിലും റോവറിലും പര്യവേക്ഷണം നടത്താനുള്ള പേലോഡുകളുണ്ടാകും. ചന്ദ്രനില്‍ നേരത്തേ തീരുമാനിച്ച ഇടത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്താനും റോവറിനെ ഉപരിതലത്തില്‍വെച്ച് വേര്‍പെടുത്താനുമുള്ള ശേഷി ലാന്‍ഡറിനുണ്ടാകും. 2008 ലാണ് ചന്ദ്രയാന്‍ ഒന്ന് വിജയകരമായി വിക്ഷേപിച്ച് ചന്ദ്രന്റെ ഭ്രമണപഥത്തില്‍ എത്തിക്കാനായത്.

2019 ല്‍ ചന്ദ്രയാന്‍ രണ്ട് വിജയകരമായി വിക്ഷേപിച്ചുവെങ്കിലും ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്താനാകാതെ പരാജയപ്പെടുകയായിരുന്നു. 2019 സെപ്റ്റംബര്‍ ഏഴിന് പുലര്‍ച്ചെ നടന്ന സോഫ്റ്റ് ലാന്‍ഡിങ്ങിന്റെ അവസാനഘട്ടത്തില്‍ ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റര്‍ ഉയരത്തില്‍വെച്ച് ലാന്‍ഡറുമായുള്ള ബന്ധം ചന്ദ്രയാന്‍ രണ്ടിന്റെ പ്രധാനഭാഗമായ ഓര്‍ബിറ്ററിനു നഷ്ടപ്പെടുകയായിരുന്നു.

ഓര്‍ബിറ്ററും ലാന്‍ഡറും റോവറുമായിരുന്നു രണ്ടാം ദൗത്യത്തിലെ ഭാഗങ്ങള്‍. ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങി ലാന്‍ഡര്‍ നഷ്ടമായെങ്കിലും ഓര്‍ബിറ്റര്‍ ഇപ്പോഴും പ്രവര്‍ത്തനക്ഷമമാണെന്നാണ് ഐഎസ്ആര്‍ഒ അധികൃതര്‍ പറയുന്നത്. മൂന്നാം ദൗത്യത്തിലും ഇതിന്റെ സേവനം ഉപയോഗപ്പെടുത്തും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.