കോവിഡിനേക്കാള്‍ മാരകമായ വൈറസ് ഉടന്‍ ആവിര്‍ഭവിച്ചേക്കും; ലോകം തയാറെടുക്കണമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

കോവിഡിനേക്കാള്‍ മാരകമായ വൈറസ് ഉടന്‍ ആവിര്‍ഭവിച്ചേക്കും; ലോകം തയാറെടുക്കണമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ജനീവ: രണ്ട് കോടി മനുഷ്യരുടെ ജീവനെടുത്ത കോവിഡ് മഹാമാരിയേക്കാള്‍ മാരകമായ വൈറസിനെ നേരിടാന്‍ ലോകം തയാറെടുക്കണമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. അടുത്ത മഹാമാരി തടയുന്നതിനുള്ള ചര്‍ച്ചകള്‍ ആരംഭിക്കേണ്ട സമയമാണിതെന്നും ജനീവയില്‍ നടന്ന വാര്‍ഷിക ആരോഗ്യ അസംബ്ലിയില്‍ അദ്ദേഹം പറഞ്ഞു.

'വലിയ ജനവിഭാഗത്തെ രോഗത്തിലേക്കും മരണത്തിലേക്കും തള്ളിവിട്ട കോവിഡിനേക്കാള്‍ മാരകമായ വൈറസ് വകഭേദത്തിന്റെ ഭീഷണിയിലാണ് ലോകമുള്ളത്. വളരെ എളുപ്പത്തില്‍ ഈ മഹാമാരിയെ നേരിടാന്‍ സാധിക്കില്ലെന്നും ഏത് നിമിഷം ഈ മഹാമാരി കടന്നുവരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് മഹാമാരിയെ പ്രതിരോധിച്ച അതേ നിശ്ചയദാര്‍ഢ്യത്തോട് കൂടി ഇനി വരുന്ന മഹാമാരികളെയും ഒറ്റക്കെട്ടായി നേരിടാന്‍ തയ്യാറാകണം'- ടെഡ്രോസ് അദാനോം പറഞ്ഞു.

ജനങ്ങളെ വലിയ രീതിയില്‍ ബാധിച്ചേക്കാവുന്ന ഒന്‍പത് രോഗങ്ങളെയാണ് ഇതുവരെ ലോകാരോഗ്യ സംഘടന തിരിച്ചറിഞ്ഞിട്ടുള്ളത്. കൃത്യമായ ചികിത്സയുടെ അഭാവവും രോഗത്തെ പ്രതിരോധിക്കാനുള്ള ജനങ്ങളുടെ ശേഷിക്കുറവും വലിയ ദുരന്തത്തിലേക്ക് നയിച്ചേക്കാം.

കോവിഡിന്റെ മറ്റു വകഭേദങ്ങള്‍ പുതിയ രോഗികളെ സൃഷ്ടിക്കുകയാണ്. നിലവിലുള്ളതിനേക്കാള്‍ ഭീതിദമായ സാഹചര്യമായിരിക്കും നേരിടേണ്ടി വരിക. ഇനിയുള്ള കാലങ്ങളില്‍ മഹാമാരികളായിരിക്കും നാം നേരിടേണ്ട പ്രധാന ഭീഷണി. അടുത്ത മഹാമാരി വാതിലില്‍ മുട്ടി വിളിക്കുമ്പോഴേക്കും അതിനെ നേരിടാന്‍ എല്ലാ രീതിയിലും നാം മുന്നൊരുക്കങ്ങള്‍ നടത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

കോവിഡിന്റെ അപ്രതീക്ഷിതമായ കടന്നു വരവ് നൂറ്റാണ്ടിലെ ഏറ്റവും വലിയ ആരോഗ്യ പ്രതിസന്ധിയാണ് ലോകത്ത് സൃഷ്ടിച്ചത്. ഈ മഹാമാരി കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ലോകത്തെ തലകീഴായി മാറ്റി. 70 ലക്ഷം കോവിഡ് മരണമാണ് ലോകത്ത് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ രണ്ടു കോടി പേര്‍ മരിച്ചിട്ടുണ്ടാകാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ അനുമാനം.

കോവിഡ് സാഹചര്യത്തില്‍ പ്രഖ്യാപിച്ച ആരോഗ്യ അടിയന്തരാവസ്ഥ ലോകാരോഗ്യ സംഘടന അടുത്തിടെയാണ് പിന്‍വലിച്ചത്. എന്നാല്‍ കോവിഡ് മഹാമാരി പൂര്‍ണമായും അവസാനിച്ചിട്ടില്ലെന്ന മുന്നറിയിപ്പ് ഡബ്ല്യുഎച്ച്ഒ തലവന്‍ നല്‍കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.