കോവിഡ് കാലത്തെ ഗ്ലൗസ് അഴിമതിയുമായി മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ഗോഡൗണിലെ തീപിടിത്തത്തിന് ബന്ധമുണ്ടോയെന്ന് അന്വേഷിക്കണം: പ്രതിപക്ഷ നേതാവ്

കോവിഡ് കാലത്തെ ഗ്ലൗസ് അഴിമതിയുമായി മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ഗോഡൗണിലെ തീപിടിത്തത്തിന് ബന്ധമുണ്ടോയെന്ന് അന്വേഷിക്കണം: പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ തിരുവനന്തപുരം ഗോഡൗണിലുണ്ടായ തീപിടിത്തത്തിന് പിന്നിലെ അട്ടിമറിയും ഗൂഡാലോചനയും ഗൗരവത്തോടെ അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കോവിഡ് കാലത്ത് ഗ്ലൗസ് വാങ്ങിക്കൂട്ടിയതിലെ അഴിമതിയുമായി തീപിടിത്തത്തിന് ബന്ധമുണ്ടോയെന്നതും പരിശോധിക്കണം. തെളിവ് നശിപ്പിക്കാനുള്ള ഗൂഡനീക്കത്തിന്റെ ഭാഗമാണോ തീപിടിത്തമെന്ന സംശയം പൊതു സമൂഹത്തിനുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

കൊല്ലത്തിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്തെ കിന്‍ഫ്ര പാര്‍ക്കിലും തീപിടിത്തമുണ്ടായത്. രണ്ടിടങ്ങളിലും ബ്ലീച്ചിംഗ് പൗഡറില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് പറയുന്നത്.കോവിഡ് കാലത്ത് മരുന്ന് വാങ്ങിയതില്‍ അഴിമതി അന്വേഷണവും നടക്കുകയാണ്.കോവിഡ് കാലത്ത് 2021 മേയ് 14, 27 തീയതികളില്‍ പി.പി.ഇ കിറ്റും ഗ്ലൗസും ഉള്‍പ്പെടെ 15 ഇനങ്ങളെ അവശ്യ മരുന്നുകളുടെ ഗണത്തില്‍പ്പെടുത്തി വില നിയന്ത്രിച്ചുള്ള ഉത്തരവിറക്കി.

ആദ്യ ഉത്തരവില്‍ 5.75 രൂപയും രണ്ടാം ഉത്തരവില്‍ ഏഴു രൂപയുമായിരുന്നു ഗ്ലൗസിന്റെ പരമാവധി വില. എന്നാല്‍ ഈ ഉത്തരവുകള്‍ ലംഘിച്ച് കഴക്കൂട്ടം ആസ്ഥാനമാക്കി പച്ചക്കറി വില്‍ക്കുന്നതിന് വേണ്ടി ആരംഭിച്ച അഗ്രത ആവയോണ്‍ എക്സിം എന്ന സ്ഥാപനത്തില്‍ നിന്ന് 12.15 രൂപ നിരക്കില്‍ ഒരുകോടി ഗ്ലൗസുകള്‍ സംഭരിക്കാന്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ തീരുമാനിക്കുകയായിരുന്നു.

കെ.എം.എസ്.സി.എല്‍ എം.ഡിയെ ഒഴിവാക്കി കാരുണ്യ പര്‍ച്ചേസ് വിഭാഗം അസിസ്റ്റന്റ് മാനേജരാണ് 12.15 കോടി രൂപയുടെ നൈട്രൈല്‍ ഗ്ലൗസ് ഇറക്കുമതി ചെയ്യാനുള്ള ഓര്‍ഡറില്‍ ഒപ്പിട്ടത്. ഉത്തരവിലെ പ്രധാന വ്യവസ്ഥകള്‍ രണ്ടെണ്ണം കമ്പനിക്കു വേണ്ടി പേന കൊണ്ടു വെട്ടിത്തിരുത്തുകയും ചെയ്തു. സംസ്ഥാനത്ത് ഗ്ലൗസിനു വലിയ ക്ഷാമം ഇല്ലാതിരുന്ന കാലത്താണ് ടെന്‍ഡറോ ക്വട്ടേഷനോ ഇല്ലാതെ 12.15 കോടി രൂപയുടെ ഉല്‍പന്നം 6.07 കോടി രൂപ മുന്‍കൂര്‍ നല്‍കി ഇറക്കുമതി ചെയ്തത്. ഇംഗ്ലണ്ടിലെ ആരോഗ്യ സ്ഥാപനങ്ങള്‍ക്കായി മലേഷ്യയില്‍ നിന്നെത്തിച്ച ഗ്ലൗസാണ് അവിടെ നിന്നും കേരളത്തിലേക്ക് ഇറക്കുമതി ചെയ്തത്.

കരാര്‍ രേഖകളിലെ രണ്ട് പ്രധാന വ്യവസ്ഥകളാണ് പേന കൊണ്ട് തിരുത്തിയത്. 'ഇന്‍വോയ്സ് തയാറാക്കി 45 ദിവസത്തിനുള്ളില്‍ പണം നല്‍കണം' എന്നത് അഞ്ച് ദിവസത്തിനുള്ളിലെന്ന് തിരുത്തി. ഉല്‍പന്നത്തിന് ചുരുങ്ങിയത് 60% ഉപയോഗ കാലാവധി (ഷെല്‍ഫ് ലൈഫ്) വേണമെന്നതും വെട്ടിമാറ്റി. രണ്ട് പര്‍ച്ചേസ് ഓര്‍ഡറുകളിലായി (1634, 1635) ഒരു കോടി ഗ്ലൗസിന് ഓര്‍ഡര്‍ നല്‍കി മൂന്നാം ദിവസം മുന്‍കൂര്‍ തുകയുടെ ചെക്കും നല്‍കി. ഈ കമ്പനി എത്തിച്ച ഉല്‍പന്നത്തിലെങ്ങും നിര്‍മാണ തീയതിയോ കാലാവധി തീരുന്ന ദിവസമോ പരമാവധി വില്‍പന വിലയോ രേഖപ്പെടുത്തിയിട്ടില്ല.

ഇതിനിടെ 15 ദിവസത്തിനുള്ളില്‍ 41.6 ലക്ഷം ഗ്ലൗസുകള്‍ മാത്രമാണ് എത്തിച്ചതെന്ന കാരണത്താല്‍ കരാര്‍ റദ്ദാക്കുകയും ചെയ്തു. എന്നാല്‍ 50 ലക്ഷം ഗ്ലൗസുകള്‍ക്കായി നല്‍കിയ മുന്‍കൂര്‍ പണത്തില്‍ ശേഷിക്കുന്ന ഒരു കോടി രൂപ ഇതുവരെ തിരിച്ച് വാങ്ങിയിട്ടുമില്ലെന്നുമാണ് ആരോപണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.