ഉത്തരാഖണ്ഡിനോട് ചേര്‍ന്ന് ചൈന അതിര്‍ത്തി പ്രതിരോധ ഗ്രാമങ്ങള്‍ നിര്‍മ്മിക്കുന്നു; ഇന്ത്യ ആറ് കിലോമീറ്റര്‍ നീളത്തില്‍ തുരങ്കം നിര്‍മ്മിക്കും

ഉത്തരാഖണ്ഡിനോട് ചേര്‍ന്ന് ചൈന അതിര്‍ത്തി പ്രതിരോധ ഗ്രാമങ്ങള്‍ നിര്‍മ്മിക്കുന്നു; ഇന്ത്യ ആറ് കിലോമീറ്റര്‍ നീളത്തില്‍ തുരങ്കം നിര്‍മ്മിക്കും

ന്യൂഡല്‍ഹി: ഇന്ത്യയുമായുള്ള അതിര്‍ത്തിയില്‍ പുതിയ പ്രതിരോധ നീക്കവുമായി ചൈന. ഉത്തരാഖണ്ഡിനോട് ചേര്‍ന്ന് ചൈന അതിര്‍ത്തി പ്രതിരോധ ഗ്രാമങ്ങള്‍ നിര്‍മ്മിക്കുന്നു.

250 വീടുകള്‍ ഉള്‍പ്പെടുന്ന ഈ അതിര്‍ത്തി ഗ്രാമങ്ങള്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ (എല്‍എസി) നിന്ന് 11 കിലോമീറ്റര്‍ അകലെയാണ് നിര്‍മ്മിച്ചിരിക്കുന്നത്. 350 കിലോമീറ്റര്‍ അതിര്‍ത്തിയാണ് ഉത്തരാഖണ്ഡ് ചൈനയുമായി പങ്കിടുന്നത്. അതിര്‍ത്തി ഗ്രാമങ്ങളില്‍ ഭൂരിഭാഗവും ഉപജീവന സാധ്യതകളുടെ അഭാവം മൂലം ജനങ്ങള്‍ പുറത്തേക്ക് കുടിയേറുന്നതാണ് പതിവ്.

പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ (പിഎല്‍എ) മേല്‍നോട്ടത്തില്‍ തുടരുന്ന ഉത്തരാഖണ്ഡിനോട് ചേര്‍ന്നുള്ള എല്‍എസിയില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെ 55-56 വീടുകളുടെ നിര്‍മ്മാണത്തിലും ചൈന ഏര്‍പ്പെട്ടിട്ടുണ്ട്. കിഴക്കന്‍ മേഖലയില്‍ അതിര്‍ത്തിയില്‍ മാത്രം 400 വില്ലേജുകള്‍ നിര്‍മിക്കാനാണ് പദ്ധതി. എല്ലാ സൗകര്യങ്ങളോടും കൂടിയ വലിയ സമുച്ചയങ്ങളാണ് ഈ ഗ്രാമങ്ങളില്‍ ഉയരുന്നത്.

ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ലിപുലേഖ് ചുരത്തിന്റെ അവസാന അതിര്‍ത്തി പോസ്റ്റിലേക്കുള്ള വഴി കൂടുതല്‍ സുഗമമാക്കുന്നതിന് ആറ് കിലോമീറ്റര്‍ നീളമുള്ള തുരങ്കം നിര്‍മ്മിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. ഉത്തരാഖണ്ഡിലെ ഘടിയാബാഗര്‍-ലിപുലേഖ് റോഡില്‍ ബുന്ദിക്കും ഗാര്‍ബിയാങിനുമിടയിലാണ് തുരങ്കം.

തുരങ്കത്തിന്റെ സര്‍വേ ജോലികളുടെ കരാര്‍ നല്‍കിയിട്ടുണ്ട്. സര്‍വേ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഒരു വര്‍ഷത്തിനുള്ളില്‍ അന്തിമ നിര്‍ദ്ദേശം സമര്‍പ്പിക്കുമെന്ന് പ്രൊജക്റ്റ് ചീഫ് എഞ്ചിനീയര്‍ ഹിരാക് വിമല്‍ ഗോസ്വാമി പറഞ്ഞു.

2020 ല്‍ കമ്മീഷന്‍ ചെയ്ത അതിര്‍ത്തി റോഡ് ഈ ദിവസങ്ങളില്‍ ബ്ലാക്ക് ടോപ്പ് ചെയ്യുകയും ഇരട്ട പാതയാക്കുകയും ചെയ്യുമെന്ന് ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ (ബിആര്‍ഒ) വ്യക്തമാക്കിയിട്ടുണ്ട്. ഇരട്ടപ്പാതയാക്കല്‍ ജോലികള്‍ ഏറെക്കുറെ പൂര്‍ത്തിയായെന്നും ഗോസ്വാമി അറിയിച്ചു.

ഏപ്രിലില്‍ ഭൂട്ടാനിലെ അമോ ചു താഴ്വരയില്‍ ചൈന നടത്തുന്ന വന്‍ നിര്‍മാണത്തില്‍ ഇന്ത്യന്‍ സൈന്യം കടുത്ത ആശങ്ക പ്രകടിപ്പിച്ചിരുന്നു. അമോ ചു തന്ത്ര പ്രധാനമായ ഡോക്ലാമിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്.

ഇതിനിടെ അമോ ചുവിലെ കമ്മ്യൂണിക്കേഷന്‍ ടവറുകള്‍ക്കൊപ്പം സൈനികര്‍ക്കുള്ള പിഎല്‍എയുടെ സ്ഥിരമായ താവളവും ഉള്‍പ്പെടുന്ന ചിത്രങ്ങള്‍ പുറത്തു വന്നു. ആയിരക്കണക്കിന് ചൈനീസ് സൈനികര്‍ക്ക് താമസിക്കാന്‍ 1,000 സ്ഥിരം സൈനിക കുടിലുകളും ഒന്നിലധികം താല്‍ക്കാലിക ഷെഡുകളും സമീപ മാസങ്ങളില്‍ നിര്‍മ്മിച്ചിട്ടുണ്ട്.

20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട 2020 ലെ ഗാല്‍വാന്‍ താഴ് വരയിലെ ഏറ്റുമുട്ടലിന് ശേഷമാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായത്. അതിര്‍ത്തി പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ ചൈനയുമായുള്ള ബന്ധം സാധാരണ നിലയിലാക്കാനാകില്ലെന്ന നിലപാടിലാണ് ഇന്ത്യ. അതിര്‍ത്തി സംഘര്‍ഷം പരിഹരിക്കാന്‍ ഇരു രാജ്യങ്ങളും നിരവധി റൗണ്ട് സൈനിക ചര്‍ച്ചകളും നടത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.