തിരുവനന്തപുരം: സ്‌കൂളുകളില്‍ ഈ അധ്യായനവര്‍ഷം 220 പ്രവൃത്തിദിനങ്ങള്‍. വിദ്യാഭ്യാസ ഗുണനിലവാര സമിതി യോഗത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശിച്ച കരട് അക്കാദമിക് കലണ്ടറിലാണ് 220 പ്രവൃത്തിദിനത്തിനുള്ള നിര്‍ദേശം.
ഇക്കാര്യം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും ശരിവെച്ചു. ഇതോടെ അധ്യയനവര്‍ഷത്തെ പകുതി ശനിയാഴ്ചകള്‍ ക്ലാസുണ്ടാവും. കഴിഞ്ഞ അധ്യയനവര്‍ഷം ഇരുനൂറോളം പ്രവൃത്തിദിനങ്ങളുണ്ടായിരുന്നു. കോവിഡിനെത്തുടര്‍ന്ന് മുന്‍വര്‍ഷങ്ങളില്‍ ഇരുന്നൂറില്‍ താഴെ മാത്രമായിരുന്നു പ്രവര്‍ത്തിദിനങ്ങള്‍.
പുതിയ കലണ്ടറനുസരിച്ച് ആറുമാസം മൂന്ന് ശനിയാഴ്ചകള്‍ പ്രവൃത്തിദിനമായിരിക്കും. മൂന്ന് മാസം രണ്ട് ശനിയാഴ്ചകളും ഒരുമാസം മുഴുവന്‍ ശനിയാഴ്ചകളും പ്രവൃത്തിദിനമാകും. ജൂണ്‍, സെപ്റ്റംബര്‍, ഒക്ടോബര്‍, ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായിരിക്കും മൂന്ന് ശനിയാഴ്ചകള്‍ വീതം ക്ലാസുകളുണ്ടാവുക.
ജൂലായില്‍ എല്ലാശനിയാഴ്ചയും പ്രവൃത്തിദിനമായിരിക്കും. ഓഗസ്റ്റ്, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ രണ്ട് വീതം ശനിയാഴ്ച പ്രവൃത്തിദിനമാക്കാനാണ് നിര്‍ദേശം. മൊത്തം 28 ശനിയാഴ്ചകളില്‍ ക്ലാസ് നടത്തി 220 അധ്യയനദിവസങ്ങള്‍ ഉറപ്പാക്കുകയാണ് ലക്ഷ്യം.
വിഎച്ച്എസ്ഇയില്‍ 221 പ്രവൃത്തിദിനങ്ങള്‍ വേണമെന്നാണ് നിര്‍ദേശം. ഹയര്‍സെക്കന്‍ഡറിയില്‍ 192 പ്രവൃത്തിദിനങ്ങളേ നിര്‍ദേശിച്ചിട്ടുള്ളൂ. ചുരുങ്ങിയത് ആയിരം മണിക്കൂര്‍ അധ്യയനവര്‍ഷം ഉറപ്പാക്കണമെന്നാണ് വിദ്യാഭ്യാസ അവകാശനിയമത്തിലെ വ്യവസ്ഥ.
അതേസമയം പ്രവര്‍ത്തി ദിവസങ്ങള്‍ വര്‍ധിപ്പിക്കുന്നതിനെതിരെ അധ്യാപക സംഘടനകള്‍ രംഗത്തെത്തി. ആഴ്ചയിലെ ആറ് പ്രവൃത്തിദിനങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് ശാരീരിക-മാനസിക സമ്മര്‍ദങ്ങള്‍ക്കിടയാക്കുമെന്ന് കെഎച്ച്എസ്ടിയു അഭിപ്രായപ്പെട്ടു. പുതിയ സിലബസോ പാഠപുസ്തകങ്ങളോ വരാത്ത സാഹചര്യത്തില്‍ അധിക പ്രവൃത്തിദിനങ്ങള്‍ക്ക് അക്കാദമിക തീരുമാനമാണ് വേണ്ടത്. പാഠഭാഗങ്ങള്‍ തീര്‍ക്കാന്‍ മതിയായ സമയം നിലവിലുണ്ടെന്നിരിക്കേ, ശനിയാഴ്ച അധികപ്രവൃത്തിദിനമാക്കേണ്ട ആവശ്യമില്ലെന്ന് എച്ച്.എസ്.എസ്.ടി.എ. ജനറല്‍ സെക്രട്ടറി അനില്‍ എം. ജോര്‍ജ് അഭിപ്രായപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v