ധനാനുമതി ബില്‍ വീണ്ടും പരാജയപ്പെട്ടു: അമേരിക്കയില്‍ സമ്പൂര്‍ണ അടച്ചു പൂട്ടല്‍ 21-ാം ദിവസത്തിലേക്ക്; ലക്ഷക്കണക്കിന് സര്‍ക്കാര്‍ ജീവനക്കാര്‍ പ്രതിസന്ധിയില്‍

 ധനാനുമതി ബില്‍ വീണ്ടും പരാജയപ്പെട്ടു: അമേരിക്കയില്‍ സമ്പൂര്‍ണ അടച്ചു പൂട്ടല്‍ 21-ാം ദിവസത്തിലേക്ക്; ലക്ഷക്കണക്കിന് സര്‍ക്കാര്‍ ജീവനക്കാര്‍ പ്രതിസന്ധിയില്‍

വാഷിങ്ടണ്‍: അമേരിക്കയില്‍ സമ്പൂര്‍ണ അടച്ചു പൂട്ടല്‍ 21-ാം ദിവസത്തിലേക്ക് കടന്നു. ധനാനുമതി ബില്‍ യു.എസ് സെനറ്റില്‍ വീണ്ടും പരാജയപ്പെട്ടതോടെയാണ് ഷട്ട്ഡൗണ്‍ നീളുന്നത്. തുടര്‍ച്ചയായ പതിനൊന്നാം തവണയാണ് ബില്‍ സെനറ്റില്‍ പരാജയപ്പെടുന്നത്.

അടച്ചുപൂട്ടല്‍ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ചെലവിനായുള്ള ധനാനുമതിക്കായി ബില്‍ വീണ്ടും വോട്ടിന് ഇടുകയായിരുന്നു. 50-43 എന്ന വോട്ട് നിലയിലാണ് ബില്‍ സെനറ്റില്‍ പരാജയപ്പെട്ടത്. ഇതോടെ ലക്ഷക്കണക്കിന് സര്‍ക്കാര്‍ ജീവനക്കാര്‍ ശമ്പളം ലഭിക്കാതെ പ്രതിസന്ധിയിലായിരിക്കുകയാണ്.

ഒബാമ കെയര്‍ എന്ന ദേശീയ ആരോഗ്യ പദ്ധതി ഉപയോക്താക്കള്‍ക്ക് നിരവധി നികുതി ഇളവുകള്‍ നല്‍കുന്നുണ്ട്. ഈ നികുതി ഇളവുകളുടെ കാലാവധി നവംബര്‍ ഒന്നിന് അവസാനിക്കും. അതിനാല്‍ നവംബര്‍ ഒന്നിന് മുമ്പ് നികുതി ഇളവുകള്‍ നീട്ടിയില്ലെങ്കില്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് താങ്ങാനാവാത്ത തരത്തില്‍ ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിക്കും. ഈ നികുതി ഇളവുകള്‍ ബില്ലില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഡെമാക്രോറ്റിക് പാര്‍ട്ടി ആവശ്യപ്പെടുന്നത്. എന്നാല്‍ പുതിയ ചെലവുകള്‍ ഒന്നുമില്ലാത്ത ക്ലീന്‍ ധനാനുമതി ബില്ലാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും വൈറ്റ് ഹൗസും മുന്നോട്ടുവെയ്ക്കുന്നത്.

അതേസമയം തര്‍ക്കം പരിഹരിക്കാന്‍ കാര്യമായ ശ്രമങ്ങള്‍ ഉണ്ടാകുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അധികാരത്തില്‍ കയറിയതിന് ശേഷം ഫെഡറല്‍ ജോലികളും സര്‍ക്കാര്‍ ചെലവുകളും വെട്ടിക്കുറച്ച പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഷട്ട്ഡൗണ്‍ കൂടുതല്‍ പിരിച്ചുവിടലുകള്‍ക്ക് കാരണമാകുമെന്ന് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കൂടാതെ വിദേശ യാത്ര നടത്താന്‍ പദ്ധതിയിടുന്ന അമേരിക്കക്കാരെയും ഷട്ട്ഡൗണ്‍ പ്രതികൂലമായി ബാധിച്ചേക്കും. യാത്രാ രേഖകള്‍ തയാറാക്കുന്നതിന് പതിവിലും കൂടുതല്‍ സമയമെടുക്കുമെന്ന് യു.എസ് പാസ്പോര്‍ട്ട് ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് വിലയിരുത്തല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.