രാജ്യത്ത് 41 പുതിയ മെഡിക്കല്‍ കോളജുകള്‍ കൂടി; 10,650 എംബിബിഎസ് സീറ്റുകള്‍ക്കും അനുമതി

രാജ്യത്ത് 41 പുതിയ മെഡിക്കല്‍ കോളജുകള്‍ കൂടി;  10,650 എംബിബിഎസ് സീറ്റുകള്‍ക്കും അനുമതി

ന്യൂഡല്‍ഹി: 2024-25 അക്കാദമിക് വര്‍ഷത്തില്‍ രാജ്യത്ത് 10,650 പുതിയ എംബിബിഎസ് സീറ്റുകള്‍ കൂടി. ഇതിന് നാഷണല്‍ മെഡിക്കല്‍ (എന്‍.എം.സി) കമ്മീഷന്‍ അംഗീകാരം നല്‍കി. 41 മെഡിക്കല്‍ കോളജുകള്‍ക്കും അനുമതിയായി.

അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 75,000 മെഡിക്കല്‍ സീറ്റുകള്‍ വര്‍ധിപ്പിക്കുമെന്ന് 2024 ലെ സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യക്തമാക്കിയിരുന്നു.

പുതിയ സീറ്റുകള്‍ കൂടി ആകുമ്പോള്‍ 2024-25 അധ്യയന വര്‍ഷത്തിലെ ആകെ സീറ്റുകളുടെ എണ്ണം 1,37,600 ആയി വര്‍ധിക്കും. 41 പുതിയ മെഡിക്കല്‍ കോളജുകള്‍ കൂടി വരുന്നതോടെ രാജ്യത്തെ മെഡിക്കല്‍ സ്ഥാപനങ്ങളുടെ എണ്ണം 816-ാകും.

ബിരുദ തലത്തിലുള്ള സീറ്റ് വര്‍ധിപ്പിക്കുന്നതിനായി 170 അപേക്ഷകളാണ് ലഭിച്ചതെന്ന് എന്‍.എം.സി ചീഫ് ഡോ. അഭിജാത് ഷേത്ത് അറിയിച്ചു. 41 ഗവണ്‍മെന്റ്, 129 സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിങ്ങനെയാണ് 10,650 സീറ്റുകള്‍ വര്‍ധിപ്പിച്ചത്. ബിരുദാനന്തര ബിരുദ തലത്തിലേക്ക് പുതിയ സീറ്റുകള്‍ക്ക് വേണ്ടി 3,500 പുതിയ അപേക്ഷയും ലഭിച്ചിട്ടുണ്ട്.

ബിരുദാനന്തര ബിരുദ തലത്തില്‍ 5000 സീറ്റുകള്‍ വര്‍ധിപ്പിച്ചതോടെ ആകെ സീറ്റുകളുടെ എണ്ണം 67,000 മായി. രണ്ട് വിഭാഗങ്ങളിലും കൂടി 15,000 സീറ്റുകളുടെ വര്‍ധനയാണ് ഈ വര്‍ഷം ഉണ്ടായിരിക്കുന്നത്.

അടുത്ത അക്കാദമിക് വര്‍ഷവുമായി ബന്ധപ്പെട്ട അക്രഡിറ്റേഷന്‍, സീറ്റ് മാട്രിക്സ്, പരീക്ഷകള്‍ എന്നിവ സംബന്ധിച്ച വിശദമായ ബ്ലൂ പ്രിന്റ് ഉടന്‍ പ്രസിദ്ധീകരിക്കും. മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി മെഡിക്കല്‍ പാഠ്യ പദ്ധതിയിലേക്ക് ക്ലിനിക്കല്‍ റിസേര്‍ച്ച് ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ചും എന്‍.എം.സി പരിഗണിക്കുന്നുണ്ടെന്ന് ഡോ. ഷേത്ത് അറിയിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.