പൗരോഹിത്യ ബ്രഹ്‌മചര്യവും കുട്ടികളുടെ ദുരുപയോഗവും, ഭ്രൂണഹത്യ, തന്റെ ആരോഗ്യസ്ഥിതി തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും ഫ്രാന്‍സിസ് പാപ്പ അഭിമുഖത്തില്‍ സംസാരിച്ചു
വത്തിക്കാന്‍ സിറ്റി: റഷ്യ - ഉക്രെയ്ന്‍ നേതൃത്വങ്ങള്‍ തമ്മില്‍ നേരിട്ടോ അല്ലെങ്കില്‍ മധ്യസ്ഥതയിലൂടെയോ എന്ന് സംഭാഷണം നടത്തുന്നുവോ അന്ന് സമാധാനം പുലരുമെന്ന് ഫ്രാന്‍സിസ് പാപ്പ. സ്പാനിഷ് ഭാഷയിലുള്ള യുഎസ് ടെലിവിഷന്‍ നെറ്റ്വര്‍ക്കിന് നല്‍കിയ അഭിമുഖത്തിലാണ് പാപ്പ സംഘര്‍ഷ പരിഹാരത്തിന് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഭാഷണത്തിന്റെ പ്രധാന്യത്തെക്കുറിച്ച് ചൂണ്ടിക്കാട്ടിയത്.
വത്തിക്കാനിലെ അഗസ്റ്റീനിയന്‍ ഇന്‍സ്റ്റിറ്റിയുട്ടില്‍ വച്ച് മാധ്യമ പ്രവര്‍ത്തകനായ ജൂലിയോ വക്വീറോയ്ക്ക അനുവദിച്ച അഭിമുഖത്തില്‍ റഷ്യ - ഉക്രെയ്ന്‍ യുദ്ധം, ഗര്‍ഭച്ഛിദ്രം, ബ്രഹ്‌മചര്യം, കുടിയേറ്റം എന്നീ വിഷയങ്ങളിലെ നിലപാട് മാര്‍പ്പാപ്പ വ്യക്തമാക്കി.
ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കിയുമായി അടുത്തിടെ നടന്ന നടത്തിയ കൂടിക്കാഴ്ച്ച മാര്‍പ്പാപ്പ അനുസ്മരിച്ചു. യുദ്ധം അവസാനിപ്പിക്കാന്‍ 'ഇടനിലക്കാരെ ആവശ്യമില്ലെന്ന' മാധ്യമപ്രവര്‍ത്തകരോടുള്ള സെലന്‍സ്‌കിയുടെ വാക്കുകള്‍ മാര്‍പ്പാപ്പ പരാമര്‍ശിച്ചു. ഇത് ഒരിക്കലും സംഭാഷണത്തിന്റെ ഭാഷയല്ലെന്ന് മാര്‍പ്പാപ്പ വിമര്‍ശിച്ചു.
റഷ്യയിലേക്ക് കൊണ്ടുപോയ ഉക്രെയ്ന്‍ കുട്ടികളെക്കുറിച്ച് സെലന്‍സ്‌കി ഏറെ ആകുലനാണ്. ആ കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കണമെന്ന് സെലന്‍സ്‌കി അഭ്യര്‍ത്ഥിച്ചതായും മാര്‍പ്പാപ്പ പറഞ്ഞു. ഉക്രെയ്ന്‍ മധ്യസ്ഥത പ്രതീക്ഷിക്കുന്നില്ല. കാരണം അവരുടെ ഉപരോധം വളരെ ശക്തമാണ്. അമേരിക്കയും യൂറോപ്പും അടക്കം വലിയ ശക്തി അവര്‍ക്കു പിന്നിലുണ്ട്. എന്നാല്‍ കുട്ടികളെയോര്‍ത്ത് അവര്‍ വളരെ വേദന അനുഭവിക്കുന്നു - മാര്‍പ്പാപ്പ കൂട്ടിച്ചേര്‍ത്തു.
ഭ്രൂണഹത്യയുടെ നിഷ്ഠൂരതക്കെതിരെ പാപ്പാ അഭിമുഖത്തിനിടെ പ്രതികരിച്ചു. അമ്മയുടെ ഉദരത്തില്‍ ഉരുവായ ഒരു മാസമായ ഭ്രൂണവും ജീവനുള്ള ഒന്നാണെന്ന് ഭ്രൂണശാസ്ത്ര പഠനങ്ങളെ ഉദ്ധരിച്ച് പാപ്പാ ഓര്‍മ്മിപ്പിച്ചു. ഒരു പ്രശ്‌നത്തിന്റെ പേരില്‍ ഒരു ജീവനെ ഇല്ലാതാക്കുന്നത് ന്യായീകരിക്കാനാകുമോ എന്നും, പ്രശ്‌നപരിഹാരത്തിനായി വാടകക്കൊലയാളിയെ ഏര്‍പ്പാടാക്കുന്നത് ശരിയാണോ എന്നും പാപ്പ ചോദിച്ചു.
പൗരോഹിത്യ ബ്രഹ്‌മചര്യവും കുട്ടികളുടെ ദുരുപയോഗവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന് സ്ഥിതിവിവരക്കണക്കുകള്‍ നിരത്തി മാര്‍പ്പാപ്പ അതിനെ ഖണ്ഡിച്ചു. 36 ശതമാനത്തിലധികം ചൂഷണങ്ങള്‍ അരങ്ങേറുന്നത് സ്വഭവനങ്ങളിലാണ്. അമ്മാവന്‍, മുത്തച്ഛന്‍, വിവാഹിതരോ അയല്‍ക്കാരുമൊക്കെ അതിനു കാരണക്കാരാണ്. ഇതുകൂടാതെ കായിക വേദികളില്‍, സ്‌കൂളുകളില്‍.... ഇക്കാര്യത്തില്‍ ബ്രഹ്‌മചര്യവും ബാലപീഡനങ്ങളും തമ്മില്‍ ബന്ധമില്ലെന്ന് പാപ്പ വിശദീകരിച്ചു.
പരിശുദ്ധ പിതാവിന്റെ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചും മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചു. നേരത്തെ, എനിക്ക് നടക്കാന്‍ കഴിഞ്ഞിരുന്നില്ല, ഇപ്പോള്‍ എനിക്ക് വീണ്ടും നടക്കാം - മാര്‍പ്പാപ്പ പുഞ്ചിരിച്ചു.
കഴിഞ്ഞ മാര്‍ച്ചില്‍ ശ്വാസകോശസംബന്ധമായ പ്രശ്‌നം മൂലം ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വന്നതും കൃത്യസമയത്ത് എത്തിയത് മൂലം കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ രോഗവിമുക്തനാകാന്‍ സാധിച്ചതും പാപ്പ ഓര്‍ത്തെടുത്തു.
തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാനുള്ള അഭ്യര്‍ത്ഥനയോടെ എല്ലാ പൊതു പ്രസംഗങ്ങളും അവസാനിപ്പിച്ചത് എന്തുകൊണ്ടെന്നും അഭിമുഖത്തിന്റെ അവസാനത്തില്‍ പാപ്പം വിശദീകരിച്ചു. വിശ്വാസികളുടെ പ്രാര്‍ത്ഥനകള്‍ അത്ഭുതങ്ങള്‍ സാധ്യമാക്കുന്നവയാണെന്ന് പറഞ്ഞ പാപ്പാ, ഏതൊരു ഇടയനെ സംബന്ധിച്ചും തന്റെ അജഗണങ്ങളുടെ പ്രാര്‍ത്ഥനകള്‍ ഒരു കവചമാണെന്നും, സംരക്ഷണമാണെന്നും വ്യക്തമാക്കി. ഈയൊരു ബോധ്യം ഉള്ളതുകൊണ്ടാണ് താന്‍ ഏവരോടും പ്രാര്‍ത്ഥനകള്‍ അഭ്യര്‍ത്ഥിക്കുന്നതെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26