പിടികൊടുക്കാതെ അരിക്കൊമ്പന്‍; വട്ടം കറഞ്ഞി തമിഴ്‌നാട് വനംവകുപ്പ്: കമ്പം മേഖലയില്‍ 30 വരെ നിരോധനാജ്ഞ

പിടികൊടുക്കാതെ അരിക്കൊമ്പന്‍; വട്ടം കറഞ്ഞി തമിഴ്‌നാട് വനംവകുപ്പ്: കമ്പം മേഖലയില്‍ 30 വരെ നിരോധനാജ്ഞ

കമ്പം: അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടാനുള്ള തമിഴ്‌നാട് വനംവകുപ്പിന്റെ ശ്രമം രണ്ടാം ദിവസവും ഫലം കണ്ടില്ല. കമ്പത്തിന് സമീപം കൂത്തനാച്ചിയാര്‍ വനമേഖലയിലൂടെയാണ് ആനയുടെ സഞ്ചാരം. വനത്തിനുള്ളിലായതാണ് മയക്കുവെടി വെക്കാന്‍ വെല്ലുവിളിയാകുന്നത്.

മൂന്ന് കുങ്കിയാനകളും 150 ഓളം പേരടങ്ങിയ ദൗത്യസംഘവും മേഖലയില്‍ ക്യാമ്പ് ചെയ്യുകയാണ്. ആന വനത്തില്‍ നിന്ന് പുറത്തിറങ്ങിയാല്‍ മയക്കുവെടിവെക്കാനാണ് നീക്കം. റേഡിയോ കോളറില്‍ നിന്നുള്ള സിഗ്‌നലുകള്‍ ഉപയോഗിച്ചാണ് ആനയുടെ സഞ്ചാരവഴി കണ്ടെത്തുന്നത്. കമ്പം മേഖലയില്‍ 30 വരെ നിരോധനാജ്ഞ നിലവിലുണ്ട്.

ശനിയാഴ്ച രാവിലെ കമ്പം ടൗണിലിറങ്ങിയ അരിക്കൊമ്പന്‍ ഓട്ടോറിക്ഷയുള്‍പ്പെടെ വാഹനങ്ങള്‍ തകര്‍ത്തിരുന്നു. ജനങ്ങളാകെ പരിഭ്രാന്തിയിലാകുകയും ചെയ്തു. തുടര്‍ന്നാണ് ആനയെ മയക്കുവെടിവെക്കാന്‍ തമിഴ്‌നാട് വനംവകുപ്പ് ഉത്തരവിട്ടത്. അരിക്കൊമ്പന്‍ ഇനിയും ജനവാസ മേഖലയില്‍ ഇറങ്ങി നാശം വിതയ്ക്കുമെന്ന് കണ്ടാണ് തമിഴ്‌നാട് വനംവകുപ്പിന്റെ നീക്കം.

ഇടുക്കി ചിന്നക്കനാല്‍ മേഖലയില്‍ വ്യാപക നാശനഷ്ടമുണ്ടാക്കുകയും നിരവധി പേരെ കൊലപ്പെടുത്തുകയും ചെയ്ത അരിക്കൊമ്പനെ ഏപ്രില്‍ 29നാണ് മയക്കുവെടി വെച്ച് പിടികൂടിയത്. തുടര്‍ന്ന് ജി.പി.എസ് കോളര്‍ ഘടിപ്പിച്ച് പെരിയാര്‍ കടുവാ സങ്കേതത്തില്‍ തുറന്നുവിടുകയായിരുന്നു.

എന്നാല്‍, ഇവിടെ നിന്ന് സംസ്ഥാനാതിര്‍ത്തി കടന്ന ആന തമിഴ്‌നാട്ടിലെ മേഘമലയിലെത്തി. ഇവിടെ ജനവാസ കേന്ദ്രത്തിലിറങ്ങി ഭീതിപരത്തിയ ശേഷമാണ് വീണ്ടും സഞ്ചരിച്ച് കേരള-തമിഴ്‌നാട് അതിര്‍ത്തി മേഖലയായ കമ്പത്തെത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.