കലയുടെ അവശേഷിപ്പുകള്‍ ബാക്കിയാക്കി ഫാ.മനോജ് യാത്രയാകുമ്പോള്‍

കലയുടെ അവശേഷിപ്പുകള്‍ ബാക്കിയാക്കി ഫാ.മനോജ് യാത്രയാകുമ്പോള്‍

കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ മരിച്ച തലശേരി അതിരൂപതാംഗമായ യുവ വൈദികന്‍ ഫാ. അബ്രാഹാമിനെ (മനോജ് ഒറ്റപ്ലാക്കല്‍ അച്ചന്‍) കുറിച്ച് സി. സൗമ്യ മുട്ടപ്പിള്ളില്‍ (ഡിഎസ്എച്ച്ജെ) എഴുതിയ കുറിപ്പ്.

ജീവിതത്തില്‍ മാഞ്ഞുപോകാതെ കാത്തു സൂക്ഷിക്കേണ്ട ചില ഓര്‍മ്മപ്പെടുത്തലുകള്‍ ജീവിതം കൊണ്ടും കല കൊണ്ടും ഈ ഭൂമിയില്‍ അവശേഷിപ്പിച്ച ഫാ. മനോജ് ഒറ്റപ്ലാക്കല്‍ ഓര്‍മ്മയായി. വാഹനാപകടത്തില്‍ ഈ ലോകത്തില്‍ നിന്നും ദൈവത്തിന്റെ പക്കലേക്ക് ഫാ. മനോജ് യാത്രയാകുമ്പോള്‍ കേരള കത്തോലിക്കാ സഭയ്ക്ക് നഷ്ടപ്പെടുന്നത് പകരം വയ്ക്കാനില്ലാത്ത ജീവിതം തന്നെ. ഫാ. മനോജിന്റെ ഓര്‍മ്മകള്‍ക്കു മുന്‍പില്‍ ആദരവോടെ, പ്രാര്‍ത്ഥനയോടെ കരങ്ങള്‍ കൂപ്പുന്നു.

2019 നവംബര്‍ 15-ന് പ്രസിദ്ധീകരിച്ച 'മണ്ണില്‍ മനസാക്ഷി തീര്‍ക്കുന്ന വൈദികന്‍' എന്ന ലേഖനം വായിക്കാം.

''മണ്ണ് മനുഷ്യന്‍ ചവിട്ടിനില്‍ക്കുന്ന ഇടമാണ്. മണ്ണു കൊണ്ട് ചിത്രം വരയ്ക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ ഉയരങ്ങളിലേക്ക് നോക്കുന്നതോടൊപ്പം നിലത്തേക്കു നോക്കാനും തുടങ്ങി. അങ്ങനെ വ്യത്യസ്ത നിറങ്ങളിലുള്ള, രീതിയിലുള്ള മണ്ണ് കണ്ടെത്തി. ഓരോ നിറത്തിലുള്ള മണ്ണിനും ഓരോ കഥ പറയാനുണ്ട്.'' വരയിലെ ദൈവിക കലാസ്പര്‍ശമായ ഫാ. മനോജ് ഒറ്റപ്ലാക്കല്‍ ചിത്രകലയെ കുറിച്ച് വാചാലനായി.

തലശേരി അതിരൂപതാംഗമാണ് ഫാ. മനോജ് ഒറ്റപ്ലാക്കല്‍. തലശ്ശേരി മൈനര്‍ സെമിനാരിയിലെ മലയാളം അധ്യാപകനും സാന്‍ജോസ് മെത്രാപ്പോലീത്തന്‍ സ്‌കൂളിന്റെ മാനേജരും ആയിരുന്നു അദ്ദേഹം. മണ്ണിന്റെ, വ്യത്യസ്ത നിറങ്ങള്‍ കൊണ്ട്, വ്യത്യസ്ത ഭാവങ്ങള്‍ കൊണ്ട് കര്‍ഷകര്‍ അനുഭവിക്കുന്ന വേദനകളെ അച്ചന്‍ അടയാളപ്പെടുത്തിയപ്പോള്‍ അത് ആധുനിക ലോകത്തില്‍ ഒരു ഓര്‍മ്മപ്പെടുത്തലായി മാറി. ജീവിതത്തില്‍ മാഞ്ഞു പോകാതെ കാത്തു സൂക്ഷിക്കേണ്ട ചില ഓര്‍മ്മപ്പെടുത്തലുകള്‍...

ജീവിതത്തിലെ ചില നേര്‍ക്കാഴ്ചകള്‍ ചിത്രങ്ങളായപ്പോള്‍

ഫാ. മനോജ് തന്റെ ചിത്രങ്ങള്‍ക്ക് മിക്കവാറും വിഷയമായി എടുക്കുന്നത് ആനുകാലിക സാമൂഹിക പ്രശ്‌നങ്ങളാണ്. തന്റെ ചിത്രകലയിലൂടെ അവയ്ക്ക് ഒരു പരിഹാരം കാണുകയോ, മനുഷ്യരില്‍ ഒരു അവബോധം വളര്‍ത്തുകയോ ആണ് അദ്ദേഹത്തിന്റെ ലക്ഷ്യം. വിശപ്പു കൊണ്ട് അരി മോഷ്ടിച്ചതിന്റെ പേരില്‍ കൊല്ലപ്പെട്ട മധുവും, പ്രളയവും, ഉരുള്‍പ്പൊട്ടലും, പരിസ്ഥിതി സംരക്ഷണവും, കര്‍ഷക ആത്മഹത്യയും, വന്യമൃഗങ്ങളുടെ ശല്യവുമെല്ലാം അങ്ങനെ അദ്ദേഹത്തിന്റെ വരകളുടെ ഭാഗമായി. അതായത്, മനസിനെ അസ്വസ്ഥപ്പെടുത്തുന്ന നൊമ്പരങ്ങളും പ്രതീക്ഷകളും എല്ലാം നിറംപിടിപ്പിച്ച ഓര്‍മ്മകളായി, ചിത്രങ്ങളായി അവശേഷിപ്പിക്കാന്‍ അദ്ദേഹത്തിന്റെ ചിത്രകലയ്ക്കായി.

ദീപിക നടത്തിയ കര്‍ഷക പ്രക്ഷോഭത്തില്‍ പ്രതിഷേധിക്കാനൊരു രീതി എന്ന നിലയിലാണ് മണ്ണു കൊണ്ട് ചിത്രം വരച്ചു തുടങ്ങിയത്. പൊതു ശ്രദ്ധ ആവശ്യമുള്ള ഒരു കാര്യത്തെ എങ്ങനെ ജനങ്ങളുടെ മനസില്‍ ഇടം കൊടുക്കുന്ന രീതിയില്‍ ശ്രദ്ധേയമാക്കാം എന്ന ആശയത്തില്‍ നിന്നാണ് മണ്ണ് ചിത്രം വരയ്ക്കുള്ള ഒരു ഉപാധിയായി അദ്ദേഹം തിരഞ്ഞെടുത്തത്. അതിന് വ്യക്തമായ കാരണവും അദ്ദേഹത്തിനുണ്ട്. മണ്ണില്‍ ചവിട്ടി നിന്നാണ് ഓരോ കര്‍ഷകനും അവന്റെ ജീവിതത്തെ കരുപിടിപ്പിക്കുന്നത്. അതിനാല്‍ തന്നെ കര്‍ഷകനെ സംബന്ധിച്ച് മണ്ണ് ഒരു നിലപാടാണ്.

മനോജച്ചന്‍ കര്‍ഷക കുടിയേറ്റ ചരിത്രമുറങ്ങുന്ന പ്രദേശങ്ങളിലെ മണ്ണ് ശേഖരിച്ച് ചിത്രങ്ങള്‍ വരച്ചു. പ്രളയ ബാധിത പ്രദേശങ്ങളിലെ മണ്ണും, ഉരുള്‍പൊട്ടി ദുരിതമനുഭവിച്ചിടങ്ങളിലെ മണ്ണും ചേര്‍ത്ത് അദ്ദേഹം വരച്ചു ചേര്‍ത്തത് കര്‍ഷകന്റെ ഹൃദയ നൊമ്പരങ്ങള്‍ ആയിരുന്നു. വന്യമൃഗങ്ങള്‍ നശിപ്പിച്ച കര്‍ഷകരുടെ സ്വപ്നങ്ങള്‍ അദ്ദേഹത്തിന്റെ കണ്‍മുന്‍പിലെ തന്നെ നിത്യ കാഴ്ചയാണ്. ഇത്തരം നിറം മങ്ങിയ ചില ജീവിത യാഥാര്‍ഥ്യങ്ങളെ വരയ്ക്കാന്‍ വര്‍ണ്ണങ്ങളെക്കാളും എന്തുകൊണ്ടും നല്ലത് മണ്ണിന്റെ നിറമാണെന്ന് മനോജച്ചനറിയാം.

സെമിനാരിയില്‍ വച്ച് തിരിച്ചറിയപ്പെട്ട കലാജീവിതം

രണ്ടാം ക്‌ളാസില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ ടീച്ചറിനു വേണ്ടി വരച്ച പടത്തിന് കിട്ടിയ പ്രോത്സാഹനം സ്ളേറ്റില്‍ നിന്നും മായ്ക്കാതെ കാത്തു സൂക്ഷിച്ച ബാല്യം. അന്ന് തന്റെയുള്ളില്‍ ഒരു ചിത്രകാരനുണ്ടെന്ന് അദ്ദേഹം കരുതിയിരുന്നില്ല. വീടിന്റെ ചുമരുകളും തൊടിയും അന്ന് അദ്ദേഹത്തിന് വരച്ചു പരിശീലിക്കാനുള്ള വേദികളാണെന്ന് ആരും തിരിച്ചറിഞ്ഞിരുന്നില്ല. എന്നാല്‍ ഒരു കലാകാരന്‍ അദ്ദേഹത്തിന്റെ ഉള്ളില്‍ ഉറങ്ങുന്നുണ്ടായിരുന്നു.

പിന്നീട് സെമിനാരിയില്‍ ചേരുമ്പോഴാണ് ഫാ. മനോജ് തന്റെ ഉള്ളിലെ കലാകാരനെ തിരിച്ചറിഞ്ഞത്. ''സെമിനാരിയില്‍ വെച്ച് ഒരു നാടകത്തിന്റെ കര്‍ട്ടന്‍ സെറ്റ് ചെയ്യാനായി വരച്ചപ്പോഴാണ് എന്റെ കല ആദ്യമായി ശ്രദ്ധിക്കപ്പെട്ടത്. അന്ന് എല്ലാവരും വലിയ പ്രോത്സാഹനങ്ങള്‍ തന്നു. ശരിക്കും ഞാന്‍ പോലും കലയെ കൂടുതല്‍ ഗൗരവമായി എടുത്തു തുടങ്ങിയത് അന്നു മുതലാണ്'' മനോജച്ചന്‍ പറയുന്നു. ഔദ്യോഗികമായി പഠിച്ചതിന്റെ പിന്‍ബലമൊന്നും അവകാശപ്പെടാനില്ലെങ്കിലും തന്റെ സ്വതസിദ്ധമായ ശൈലി കൊണ്ട് ചിത്രകലയെ വളരെ വിസ്മയമാക്കി തീര്‍ക്കുകയാണ് അദ്ദേഹം.

വൈദികനായ ചിത്രകാരന്‍

വൈദികനായ ചിത്രകാരന്‍ എന്നത് ഒരു സാധ്യതയാണ്. വരയെ കൂടുതല്‍ ജനകീയമാക്കാനുള്ള ഒരു സാധ്യത അതിനുണ്ട്. പൊതു ഇടങ്ങളിലുള്ള സ്വീകാര്യത കൂടും. മറ്റുള്ളവരുമായി സംവദിക്കുമ്പോള്‍ കലയെ ഉപയോഗിക്കാന്‍ പറ്റും. ഒപ്പം വൈദികനായതിനാല്‍ ചിത്രകലയെ ജനങ്ങളിലേക്ക് എത്തിക്കാന്‍ വളരെ എളുപ്പമാണ്. ആളുകള്‍ കലയെ സ്നേഹിക്കുമ്പോള്‍ അവര്‍ വൈവിധ്യങ്ങളെ ഇഷ്ടപ്പെടാന്‍ തുടങ്ങുകയാണ് അതിലൂടെ. ഇല്ലസ്ട്രേഷന്‍, മണ്‍ശില്പങ്ങള്‍, സിമന്റ് ശില്പങ്ങള്‍ എന്നിവയും ഫാ. മനോജ് പരീക്ഷിച്ചു.

എല്ലാത്തിനോടും ഒരു കൗതുകം മനസില്‍ സൂക്ഷിക്കാന്‍ പറ്റുകയെന്നത് ചിത്ര കലയ്ക്ക് അത്യാവശ്യം വേണ്ട ഒന്നാണ്. ഒപ്പം മറ്റ് മതങ്ങളോടും സംസ്‌കാരത്തോടും എല്ലാ നിറങ്ങളോടും സ്നേഹമുണ്ടാവുക അദ്ദേഹം പറയുന്നു. ആളുകളിലേക്ക് പെട്ടെന്ന് എത്താനുള്ള ഒരു അവസരവും ഒരു വൈദികന്‍ എന്ന നിലയ്ക്ക് തനിക്ക് സാധ്യമാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാമൂഹ്യപരമായി അനുഭവിക്കുന്ന പ്രശ്നങ്ങളെ വരകളിലൂടെ മനുഷ്യ മനസുകളില്‍ എത്തിക്കാനുള്ള പരിശ്രമമാണ് അദ്ദേഹത്തിന്റെ ഓരോ ചിത്രവും. ഒരുപാട് ആളുകളെ സന്തോഷിപ്പിക്കാനും ഒരു വൈദികന്‍ എന്ന നിലയില്‍ ആളുകളെ ഒന്നിച്ച് മുന്‍പോട്ട് കൊണ്ടുപോകാനും ഒരു കലാകാരന്‍ കൂടിയായ ഇദ്ദേഹത്തിന് സാധിക്കുന്നു.

മനോജച്ചന്‍ മുമ്പുണ്ടായിരുന്ന ഇടവകയില്‍ രണ്ട് കോളനികള്‍ ഉണ്ട്. പാവപ്പെട്ട കുട്ടികള്‍ പഠിക്കുന്ന ആ സ്‌കൂളുകളില്‍ വളരെ കുറച്ചു കുട്ടികളേ ഉള്ളൂ. സാധാരണ സ്‌കൂളുകളുടെ ചുവരുകള്‍ മുഴുവന്‍ ചിത്രങ്ങള്‍ നിറഞ്ഞു നില്‍ക്കും. എന്നാല്‍ ഈ സ്‌കൂളുകളുടെ ചുവരുകള്‍ നിറങ്ങളില്ലാത്തവയാണ്. ഈ സാഹചര്യത്തെ നിറയെ ചിത്രങ്ങള്‍ വരച്ചു കൊണ്ട് ആ സ്‌കൂളിന്റെ ചുറ്റുപാടുകളില്‍ വര്‍ണ്ണങ്ങള്‍ വിരിയിക്കാന്‍ അച്ചന് സാധിച്ചു. തന്റെ ഇടവയിലെ തന്നെ മുതിര്‍ന്ന കുട്ടികള്‍ സഹായത്തിനായി അച്ചനോട് ഒപ്പം കൂടി. പുതിയ കാഴ്ചപ്പാടുകള്‍ സ്രഷ്ടിക്കുവാനുള്ള സാധ്യതയാണ് ഇതുവഴി അദ്ദേഹം ആ കുട്ടികള്‍ക്ക് തുറന്നുകൊടുത്തത്.

മനോഭാവത്തിലെ പൊളിച്ചെഴുത്ത്

മനോജച്ചനെ സംബന്ധിച്ച് ഒരുപാട് കാര്യങ്ങള്‍ പഠിപ്പിക്കുന്ന, പഠിച്ചു കൊണ്ടിരിക്കുന്ന, പഠിക്കേണ്ടിയിരിക്കുന്ന ഒന്നാണ് ചിത്രകല. അച്ചനിത് ഒരു കൂട്ടായ പ്രവര്‍ത്തനത്തിന്റെ വേദിയാണ്. ''ഞാനാണ് ശരി എന്നതാണ് ഏറ്റവും വലിയ ശരികേട്. ഞാന്‍ മാറിനില്‍ക്കുമ്പോള്‍ ചിത്രത്തിന് അവിടെ ചില കാര്യങ്ങള്‍ പറയാനുള്ള ഒരു സാധ്യത നില്‍ക്കുന്നുണ്ട്. അഞ്ചപ്പം കൈയിലുള്ള കുട്ടിയുടെ സാധ്യതയെയാണ് അപ്പം വര്‍ദ്ധിപ്പിക്കുമ്പോള്‍ ഈശോ ഉപയോഗിക്കുന്നത്. കൈയിലുള്ള സാധ്യതകളെ പ്രയോജനപ്പെടുത്താന്‍ ഞാന്‍ ചിത്രകലയിലൂടെ പരിശ്രമിക്കുകയായിരുന്നു. എന്റേതെന്ന് കരുതാന്‍ തനിയെ എനിക്ക് ഒരു വര്‍ക്ക് ഇല്ല. താന്‍ സേവനം ചെയ്ത ഇടവകയിലുള്ള ആളുകള്‍ പലരീതിയില്‍ ഈ ഓരോ ശില്പങ്ങളോടും ചേര്‍ന്നു നില്‍ക്കുന്നുണ്ട്. പള്ളിയില്‍ ശില്പങ്ങള്‍ നിര്‍മ്മിച്ചപ്പോള്‍ കൊടുത്ത മുഖങ്ങളെല്ലാം തന്നെ ആ ഇടവകയിലെ ആളുകളുടേതു തന്നെയാണ്'' കൂട്ടായ പ്രവര്‍ത്തനത്തിന്റെ സന്തോഷം അച്ചന്‍ പങ്കുവച്ചു.

നിലപാടുകള്‍ക്ക് നിറം കൊടുത്ത കലാകാരന്‍

ഉത്തര മലബാര്‍ കര്‍ഷക പ്രക്ഷോപം നടന്നു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍, ഓഫീസും ചുമരും മണ്‍ചിത്രങ്ങള്‍ കൊണ്ട് മെനഞ്ഞപ്പോള്‍ അത് വെറും അലങ്കാരം മാത്രമായിരുന്നില്ല. മറിച്ച് ചില അടയാളപ്പെടുത്തലുകള്‍ കൂടിയായിരുന്നു. ഈയിടെ പരിശുദ്ധ പിതാവിന് തലശ്ശേരി അതിരൂപതയുടെ പിതാക്കന്മാര്‍ മനോജച്ചന്‍ നിര്‍മ്മിച്ച മണ്ണില്‍ തീര്‍ത്ത ശില്‍പം സമ്മാനിക്കുകയുണ്ടായി.

തലശേരി അതിരൂപതയുടെ മദ്ധ്യസ്ഥനായ വി. യൗസേപ്പിതാവ് ഉറങ്ങുന്ന ചിത്രമാണ് മാര്‍പാപ്പയ്ക്ക് നല്‍കിയത്. തന്റെ ബി.എഡ് പഠനകാലത്ത് യൂണിവേഴ്സിറ്റി കലോത്സവത്തില്‍ നിര്‍മ്മിച്ച കളിമണ്‍ ശില്‍പവും അദ്ദേഹത്തിന്റെ ആവിഷ്‌കാര സ്വാതന്ത്രത്തെ വ്യത്യസ്തമാക്കുന്ന ഒന്നായിരുന്നു. വിശ്രമം എന്ന വിഷയത്തെ, ഒരു പിതാവിന്റെ മടിയിലുറങ്ങുന്ന പെണ്‍കുട്ടിയെ ആണ് അച്ചന്‍ മണ്ണുകൊണ്ട് മെനഞ്ഞെടുത്തത്. അതൊരു നിലപാടായിരുന്നു. സ്ത്രീകളുടെ സുരക്ഷക്കു വേണ്ടിയുള്ള നിലപാട്.

പാലായിലെ കര്‍ഷക സംഗമത്തില്‍ 'മണ്ണിര' എന്ന ചിത്ര പ്രദര്‍ശനവും മനോജച്ചന്‍ നടത്തി. പത്തോളം ചിത്രങ്ങള്‍ വലിയ ക്യാന്‍വാസില്‍ പകര്‍ത്തുമ്പോള്‍ അത് മുഴുവന്‍ മണ്ണു കൊണ്ടാണ് അദ്ദേഹം ചെയ്തത്.

കാരണം, കര്‍ഷകനോട് ഏറ്റവും ചേര്‍ന്നുനില്‍ക്കുന്നതും അവന്‍ ചവിട്ടിനില്‍ക്കുന്ന സ്ഥലവും മണ്ണായതിനാലാണ്. ഇന്ന് കാലം മായ്ച്ചുകളയുന്ന ചില സത്യങ്ങളെ, നിശ്ശബ്ദമാക്കപ്പെടുന്ന ചില നിലവിളികളെ മനോജച്ചന്‍ ക്യാന്‍വാസില്‍ കോറിയിടുമ്പോള്‍ അവ എന്നും മാഞ്ഞുപോകാതെ മനസ്സില്‍ നില നില്‍ക്കട്ടെ... ഒപ്പം അച്ചന്റെ കലാസൃഷ്ടികളും...

കടപ്പാട്: സി. സൗമ്യ മുട്ടപ്പിള്ളില്‍ (ഡിഎസ്എച്ച്ജെ)


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.