തരം മാറ്റുന്ന ഭൂമിയുടെ ന്യായവില അടിയന്തരമായി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

തരം മാറ്റുന്ന ഭൂമിയുടെ ന്യായവില അടിയന്തരമായി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

തിരുവനന്തപുരം: പുരയിടമായി തരം മാറ്റുന്ന ഭൂമിയുടെ ന്യായവില അടിയന്തരമായി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. തരം മാറ്റിയ വസ്തുവിന് തൊട്ടടുത്തുള്ള പുരയിടത്തിന്റെ ന്യായവില തരം മാറ്റിയതിനും നിശ്ചയിക്കും.

നിലവും മറ്റും പുരയിടമായി തരം മാറ്റാനുള്ള ലക്ഷക്കണക്കിന് അപേക്ഷകള്‍ ലഭിക്കുകയും അനുമതി ലഭിച്ചവ കുറഞ്ഞ മതിപ്പ് വില രേഖപ്പെടുത്തി വില്‍പന നടത്തുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് യഥാര്‍ത്ഥ പുരയിടങ്ങളുടെ ന്യായവില ഇവയ്ക്കും ബാധകമാക്കാന്‍ തീരുമാനിച്ചത്. ഇതുവഴി സ്റ്റാമ്പ് ഡ്യൂട്ടിയായും രജിസ്‌ട്രേഷന്‍ ഫീസായും വന്‍തുക സര്‍ക്കാരിന് ലഭിക്കും.

ന്യായവിലയുടെ എട്ട് ശതമാനമാണ് സ്റ്റാമ്പ് ഡ്യൂട്ടി. രണ്ട് ശതമാനം രജിസ്‌ട്രേഷന്‍ ഫീസും. തരം മാറ്റിയ ഭൂമി മതിപ്പ് വിലയ്ക്ക് പ്രമാണം ചെയ്യുന്നതിനാല്‍ സര്‍ക്കാരിന് ലഭിക്കേണ്ട സ്റ്റാമ്പ് ഡ്യൂട്ടിയില്‍ കുറവ് വരുന്നു. അതേസമയം തരം മാറ്റി പുരയിടമാക്കുന്നതോടെ വിപണി വിലയും മൂല്യവും ഉയര്‍ന്നിട്ടുണ്ടാവും.

ഭൂമിയുടെ ന്യായവില നിശ്ചയിക്കാനുള്ള അധികാരം ആര്‍.ഡി.ഒമാര്‍ക്കാണ്. ഡേറ്റാ ബാങ്കില്‍ ഉള്‍പ്പെടാത്ത ഭൂമി തരം മാറ്റാനുള്ള അനുമതി നല്‍കിയതോടെ വന്‍ തോതിലാണ് തരംമാറ്റ അപേക്ഷ ലഭിച്ചത്. രണ്ടര ലക്ഷത്തോളം കടലാസ് അപേക്ഷകള്‍ താല്‍ക്കാലിക ജീവനക്കാരെ ഉപയോഗിച്ചാണ് റവന്യു വകുപ്പ് തീര്‍പ്പാക്കിയത്.

2022 ജനുവരി ഒന്ന് മുതല്‍ തരം മാറ്റത്തിന് ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷ സ്വീകരിക്കുന്നത്. 2023 മേയ് 30 വരെ രണ്ടര ലക്ഷത്തോളം അപേക്ഷകളാണ് ഓണ്‍ലൈന്‍ വഴി കിട്ടിയത്. ഇതും വേഗത്തില്‍ തീര്‍പ്പാക്കും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.