ഓട്ടോറിക്ഷയും ഇരുചക്ര വാഹനങ്ങളും ഒഴികെയുള്ള എല്ലാ വാഹനങ്ങളിലും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം

ഓട്ടോറിക്ഷയും ഇരുചക്ര വാഹനങ്ങളും ഒഴികെയുള്ള എല്ലാ വാഹനങ്ങളിലും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം

തിരുവനന്തപുരം: ഇരുചക്രവാഹനവും ഓട്ടോറിക്ഷയും ഒഴികെയുള്ള എല്ലാ വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്കും മുന്‍ സീറ്റിലിരിക്കുന്നവര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാകും. സെപ്റ്റംബര്‍ മുതല്‍ ഹെവി വാഹനങ്ങള്‍ക്ക് ബാധകമാക്കുന്ന വ്യവസ്ഥ ക്രമേണ മറ്റു വാഹനങ്ങളിലേക്കും വ്യാപിക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ പറയുന്നു.

കേന്ദ്ര മോട്ടോര്‍ വാഹനച്ചട്ടത്തിലെ 125 ല്‍ വരുത്തിയ മാറ്റപ്രകാരം 2005 ന് ശേഷം രജിസ്‌ട്രേഷന്‍ നേടിയ വാഹനങ്ങള്‍ക്കെല്ലാം നിബന്ധന ബാധകമായതിനാല്‍ ഉപയോഗത്തിലുള്ള ഭൂരിഭാഗം ഹെവി വാഹനങ്ങള്‍ക്കും സീറ്റ് ബെല്‍റ്റ് വേണ്ടിവരും. ആംബുലന്‍സുകള്‍ക്ക് പോലും ഇളവില്ല.

ബസ്, ലോറി ഉള്‍പ്പെടെയുള്ള ഹെവി വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്കും മുന്‍സീറ്റില്‍ യാത്ര ചെയ്യുന്നവര്‍ക്കുമാണ് സെപ്റ്റംബര്‍ ഒന്ന് മുതല്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയിട്ടുള്ളത്. കെഎസ്ആര്‍ടിസി ബസുകള്‍ക്കും നിയമം ബാധകമാണ്. സീറ്റ് ബെല്‍റ്റ് ധരിക്കാത്തവരില്‍ നിന്ന് പിഴയീടാക്കും. മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് നിയമം കര്‍ശനമാക്കാന്‍ തീരുമാനിച്ചത്.

കേന്ദ്ര നിയമമനുസരിച്ച് ഹെവി വാഹനങ്ങളില്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാണ്. സീറ്റ് ബെല്‍റ്റ് ഇല്ലാത്ത വാഹനങ്ങളില്‍ അവ ഘടിപ്പിക്കുന്നതിനാണ് സെപ്റ്റംബര്‍ വരെ സമയം അനുവദിച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. പുതിയ വാഹനങ്ങളില്‍ ഇപ്പോള്‍ സീറ്റ് ബെല്‍റ്റ് ഉണ്ടാകാറുണ്ട്. കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകാരും സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാതിരിക്കുകയും പിന്നീട് ഇളക്കിമാറ്റുകയും ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.