തിരുവനന്തപുരം: മുസ്ലീം ലീഗിനെ കടന്നാക്രമിച്ചും കോണ്‍ഗ്രസിനെ പരിഹസിച്ചും മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ അഭിപ്രായം പറയുവാനും കോണ്‍ഗ്രസിനെ ആര് നയിക്കണമെന്ന് തീരുമാനിക്കാനുമുള്ള കേന്ദ്രമായി ലീഗ് മാറിയോയെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ച പോസ്റ്റില്‍ ചോദിച്ചു.
സ്വന്തം നേതാവിനെ തിരഞ്ഞെടുക്കാനോ രാഷ്ട്രീയം തീരുമാനിക്കാനോ കെല്‍പ്പില്ലാത്ത തരത്തില്‍ കോണ്‍ഗ്രസ് ദുര്‍ബലപ്പെട്ടുവെന്ന് തെളിയിക്കുന്ന അവസ്ഥയാണിത്. ഒരു കക്ഷിയുടെ നേതൃത്വത്തില്‍ ആര് വേണം എന്ന് മറ്റൊരു കക്ഷി നിര്‍ദേശം വെക്കുന്നത് രാഷ്ട്രീയത്തില്‍ വിചിത്രമായ അനുഭവമാണ്. യു.ഡി.എഫില്‍ അത്തരം ജനാധിപത്യ വിരുദ്ധവും അസാധാരണവുമായ കാര്യങ്ങളാണ് സംഭവിക്കുന്നത്.
ദേശിയ നേതൃത്വത്തിന്റെ എതിര്‍പ്പുകള്‍ പോലും മറികടന്ന് കേരളത്തിലെ കോണ്‍ഗ്രസിനെക്കൊണ്ട് മതവര്‍ഗീയ കക്ഷികളുമായുള്ള സഖ്യത്തെ അംഗീകരിപ്പിക്കാന്‍ ലീഗിന് കഴിഞ്ഞു എന്നാണ് ലീഗിന്റെയും കോണ്‍ഗ്രസിന്റെയും പരസ്യ പ്രസ്താവനകളില്‍ നിന്ന് വ്യക്തമാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജമാ അത്തെ ഇസ്ലാമി അടക്കമുള്ള വര്‍ഗീയ സങ്കുചിത ശക്തികളുമായി ഉണ്ടാക്കിയ ബന്ധത്തിന്റെ പേരില്‍ ദുര്‍ഗന്ധ പൂരിതമായ ചര്‍ച്ചകളാണ് ആ മുന്നണിയില്‍ നിന്ന് പുറത്തുവരുന്നത്. അതിന്റെ തുടര്‍ച്ചയായി സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനെ മാറ്റണം എന്ന് ആവശ്യമുയരുന്നു എന്നാണ് വാര്‍ത്ത. നാല് വോട്ടിനു വേണ്ടി എന്തും ചെയ്യാനുള്ള കോണ്‍ഗ്രസിന്റെ ലജ്ജയില്ലായ്മയാണ് പരിതാപകരമായ ഈ സ്ഥിതിക്ക് കാരണമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
യു.ഡി.എഫ്. എന്ന സംവിധാനം തന്നെ അപ്രസക്തമായിരിക്കുന്നു. മതനിരപേക്ഷതയും ജനാധിപത്യ മൂല്യങ്ങളും കൈവിട്ട യുഡിഎഫില്‍നിന്ന് ഇനി ഒന്നും പ്രതീക്ഷിക്കാനില്ല എന്നാണ് ആ മുന്നണിയിലെ ഘടകകക്ഷി നേതാക്കളുടെ പ്രസ്താവനകളില്‍ നിന്ന് മനസിലാക്കാനാവുകയെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.