'ഏകീകൃത കുര്‍ബാനയര്‍പ്പണ രീതി മാറ്റമില്ലാതെ തുടരും; ന്യൂനപക്ഷ സംരക്ഷണം ഭരണകൂടങ്ങളുടെ ഉത്തരവാദിത്വം':സീറോ മലബാര്‍ സഭ സിനഡ് സമാപിച്ചു

'ഏകീകൃത കുര്‍ബാനയര്‍പ്പണ രീതി മാറ്റമില്ലാതെ തുടരും; ന്യൂനപക്ഷ സംരക്ഷണം ഭരണകൂടങ്ങളുടെ ഉത്തരവാദിത്വം':സീറോ മലബാര്‍ സഭ സിനഡ് സമാപിച്ചു

എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് സ്വതന്ത്ര ഭരണച്ചുമതല നല്‍കിയേക്കും.

ഇതിനായി അതിരൂപതാധ്യക്ഷനെ നിയോഗിക്കണമെന്ന് മാര്‍പാപ്പയോട് സിനഡ് അഭ്യര്‍ത്ഥിച്ചു.

എറണാകുളം ബസിലിക്ക ദേവാലയം തുറക്കാനും വിശുദ്ധ കുര്‍ബാനയൊഴികെയുള്ള ആത്മീയ കര്‍മങ്ങള്‍ അനുഷ്ഠിക്കാനും ധാരണ.

മണിപ്പൂര്‍ കലാപത്തില്‍ സിനഡ് ദുഖവും ആശങ്കയും അറിയിച്ചു.

ന്യൂനപക്ഷങ്ങളെ ശ്വാസം മുട്ടിക്കാന്‍ നിയമങ്ങള്‍ നിര്‍മിക്കപ്പെടുന്നു എന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല.

കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അനുഭാവപൂര്‍വമായ സമീപനം സ്വീകരിക്കണം.


കൊച്ചി: സീറോ മലബാര്‍ സഭയുടെ പ്രത്യേക സിനഡ് സമ്മേളനം സമാപിച്ചു. ജൂണ്‍ 12 മുതല്‍ 16 വരെ സഭാ കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലായിരുന്നു സിനഡ് ചേര്‍ന്നത്.

സീറോ മലബാര്‍ സഭ സിനഡ് തീരുമാനിച്ചതും ഫ്രാന്‍സിസ് മാര്‍പാപ്പ ഉദ്‌ബോധിപ്പിച്ചതുമായ ഏകീകൃത കുര്‍ബാനയര്‍പ്പണ രീതി യാതൊരു മാറ്റവുമില്ലാതെ തുടരുമെന്ന് സിനഡ് ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു.

ഏതെങ്കിലും ഒരു രൂപതയില്‍ ഇതു നടപ്പിലാക്കാന്‍ പ്രതിസന്ധി നേരിടുന്നു എന്നത് സിനഡ് തീരുമാനത്തെ യാതൊരു വിധത്തിലും അസ്ഥിരപ്പെടുത്തുകയോ അസാധുവാക്കുകയോ ചെയ്യുന്നില്ലെന്നും സമ്മേളനം അറിയിച്ചു. സിനഡിന് ശേഷം സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പുറത്തിറക്കിയ സിനഡനന്തര സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സര്‍ക്കുലറിന്റെ പൂര്‍ണ രൂപം:

സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തന്റെ സഹ ശുശ്രൂഷകരായ മെത്രാപ്പോലീത്തമാര്‍ക്കും മെത്രാന്മാര്‍ക്കും വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും അല്‍മായ സഹോദരങ്ങള്‍ക്കും എഴുതുന്ന സര്‍ക്കുലര്‍.

മിശിഹായില്‍ പ്രിയ സഹോദരീ സഹോദരന്മാരേ,

സീറോ മലബാര്‍ സഭയുടെ പ്രത്യേക സിനഡ് സമ്മേളനം 2023-ാം ആണ്ട് ജൂണ്‍ മാസം 12 മുതല്‍ 16 വരെ സഭാ കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്നു. നമ്മുടെ സഭയെയും സമൂഹത്തെയും ബാധിക്കുന്ന സമകാലിക വിഷയങ്ങളെക്കുറിച്ച് പ്രാര്‍ത്ഥനാപൂര്‍വം പഠിക്കാനും ദൈവഹിതം അന്വേഷിക്കാനുമാണ് സിനഡ് പിതാക്കന്മാര്‍ ശ്രമിച്ചത്. സിനഡിന്റെ വിജയത്തിനായി നിങ്ങളെല്ലാവരും ആത്മാര്‍ത്ഥമായി പ്രാര്‍ഥിച്ചതിന് ഹൃദയപൂര്‍വ്വം നന്ദി പറയുന്നു.

എറണാകുളം-അങ്കമാലി അതിരൂപത

ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പണ രീതിയുമായി ബന്ധപ്പെട്ട് എറണാകുളം-അങ്കമാലി അതിരൂപതയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ക്ക് ശാശ്വതമായ പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമായും ഈ സിനഡ് സമ്മേളനം വിളിച്ചു ചേര്‍ത്തത്. നമ്മുടെ സഭയുടെ സ്ഥിരം സിനഡ് അംഗങ്ങള്‍ വത്തിക്കാനിലെത്തി സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയെത്രോ പരോളിനും പൗരസ്ത്യ സഭകള്‍ക്കായുള്ള കാര്യാലയത്തിന്റെ തലവന്‍ ആര്‍ച്ച് ബിഷപ്പ് ക്ലൗദിയോ ഗുജറോത്തിയുമായി നിലവിലെ പ്രതിസന്ധികളെക്കുറിച്ച് വിശദമായ ചര്‍ച്ചകള്‍ നടത്തി.

പ്രസ്തുത ചര്‍ച്ചയില്‍ പ്രശ്‌ന പരിഹാരം ലക്ഷ്യമാക്കി ഉരുത്തിരിഞ്ഞ നിര്‍ദേശങ്ങളുടെ വെളിച്ചത്തിലാണ് സിനഡിലെ ചര്‍ച്ചകള്‍ നടത്തിയത്. സീറോ മലബാര്‍ സഭയുടെ സിനഡ് തീരുമാനിച്ചതും ശ്ലൈഹിക സിംഹാസനം അംഗീകരിച്ചതും പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ ഉദ്‌ബോധിപ്പിച്ചതുമായ ഏകീകൃത കുര്‍ബാനയര്‍പ്പണ രീതി യാതൊരു മാറ്റവുമില്ലാതെ തുടരുമെന്ന് സിനഡ് ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നു.

ഏതെങ്കിലും ഒരു രൂപതയില്‍ ഇത് നടപ്പിലാക്കാന്‍ പ്രതിസന്ധി നേരിടുന്നു എന്നതു മേല്‍പറഞ്ഞ തീരുമാനത്തെ യാതൊരു വിധത്തിലും അസ്ഥിരപ്പെടുത്തുകയോ അസാധുവാക്കുകയോ ചെയ്യുന്നില്ല. സഭയിലെ മറ്റെല്ലാ രൂപതകളെയും കൂട്ടായ്മയിലേക്കു നയിച്ച തീരുമാനത്തില്‍ മാറ്റം വരുത്തുന്നത് സഭയില്‍ അരാജകത്വം സൃഷ്ടിക്കും.

ഈ സത്യം മനസിലാക്കി വിയോജിപ്പുള്ളവരും കൂട്ടായ്മയിലേക്ക് കടന്നുവരണമെന്ന് സിനഡ് ആവര്‍ത്തിച്ച് ആവശ്യപ്പെടുകയാണ്. എല്ലാ പ്രതിസന്ധികളിലും കത്തോലിക്കാ കൂട്ടായ്മയില്‍ ഉറച്ചുനിന്ന നമ്മുടെ പൈതൃകം ചില നിക്ഷിപ്ത താല്‍പര്യങ്ങളുടെ പേരില്‍ ബലികൊടുക്കാന്‍ ഇട വരരുത്.

അഭിപ്രായാന്തരങ്ങള്‍ ചര്‍ച്ചകളിലൂടെയാണ് പരിഹരിക്കേണ്ടത്. എറണാകുളം-അങ്കമാലി അതിരൂപതയുമായി വിവിധ തലങ്ങളില്‍ സിനഡിന്റെ പ്രതിനിധികള്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. ഈ ചര്‍ച്ചകള്‍ കൂടുതല്‍ ഫലപ്രദമായി നടത്തുന്നതിന് ആവശ്യകമായ സാഹചര്യങ്ങള്‍ ക്രമീകരിക്കണമെന്ന് പരിശുദ്ധ പിതാവിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ചര്‍ച്ചകള്‍ക്കൊപ്പം സഭാ വിരുദ്ധ നിലപാടുകളെ തിരുത്തുന്നതിനും സഭാത്മകമായ ഒരുമിച്ചു നടക്കലിന്റെ (synodality) ആവശ്യകത വിശദമാക്കുന്നതിനും സഹായകമായ രീതിയില്‍ എറണാകുളം-അങ്കമാലി അതിരൂപതയ്ക്കു വേണ്ടിയുള്ള ഒരു പേപ്പല്‍ ഡെലഗേറ്റിനെയാണ് സിനഡ് അഭ്യര്‍ത്ഥിച്ചിട്ടുള്ളത്.

സിനഡിന്റെ ഈ അഭ്യര്‍ത്ഥനയെ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് പരിശുദ്ധ പിതാവ് ഉറപ്പു നല്‍കിയിട്ടുണ്ട്. എറണാകുളം-അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന എല്ലാ പ്രതിസന്ധികളും പുതിയ സംവിധാനത്തിലൂടെ എല്ലാവര്‍ക്കും സ്വീകാര്യമായ രീതിയില്‍ പരിഹരിക്കാനാകുമെന്ന് ഞങ്ങള്‍ പ്രത്യാശിക്കുന്നു.

ദൈവകൃപയാല്‍ നമ്മുടെ സഭ ആഗോള തലത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ ഉത്തരവാദിത്വം വര്‍ദ്ധമാനമാകുന്നുണ്ട്. ഈ സാഹചര്യത്തില്‍ എറണാകുളം-അങ്കമാലി പോലെ അതിവിസ്തൃതമായ ഒരു അതിരൂപതയുടെ ഭരണച്ചുമതലകൂടി മേജര്‍ ആര്‍ച്ച് ബിഷപ്പു നിര്‍വഹിക്കുന്ന പതിവു തുടര്‍ന്നു പോകുന്നത് ശ്രമകരമായിരിക്കുമെന്ന് സിനഡ് വിലയിരുത്തുന്നു.

എന്നാല്‍ നിലവിലുള്ള എറണാകുളം-അങ്കമാലി അതിരൂപതയെ വിഭജിക്കാനോ അതിരൂപതയുടെ ഭൂമിശാസ്ത്രപരമായ അതിര്‍ത്തികള്‍ പുനക്രമീകരിക്കാനോ സിനഡ് ഉദ്ദേശിക്കുന്നില്ല. ഇതുസംബന്ധിച്ചുള്ള വ്യാജപ്രചാരണങ്ങള്‍ ആരെയും വഴി തെറ്റിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ.

നിലവിലുള്ള എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് സ്വതന്ത്ര ഭരണച്ചുമതലയുള്ള അതിരൂപതാധ്യക്ഷനെ നിയോഗിക്കണമെന്നാണ് സിനഡ് പിതാക്കന്മാര്‍ ആഗ്രഹിക്കുന്നത്. ഇതിന് സഹായകമായ ക്രമീകരണങ്ങള്‍ക്കായി ശ്ലൈഹിക സിംഹാസനത്തോട് സിനഡ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

താല്‍കാലികമായ പ്രശ്‌നപരിഹാരം എന്നതിലുപരി എറണാകുളം-അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട സങ്കീര്‍ണമായ വിഷയങ്ങള്‍ അതിരൂപതയുടെ കൂടി നന്മയെ ലക്ഷ്യമാക്കി ശാശ്വതമായി പരിഹരിക്കുന്നതിന് ആവശ്യകമായ ഒരു കര്‍മ പദ്ധതിയാണ് ശ്ലൈഹിക സിംഹാസനത്തിന്റെ അനുമതിയോടെ നടപ്പിലാക്കാന്‍ സിനഡ് പരിശ്രമിക്കുന്നത്.

നിലവിലുള്ള സംവിധാനങ്ങളില്‍ മേല്‍പറഞ്ഞ മാറ്റങ്ങള്‍ വരുത്തുന്നതിന് ശ്ലൈഹികസിംഹാസനത്തിന്റെ അനുമതി ആവശ്യമാണ്. അതിനാലാണ് കൃത്യമായ തീരുമാനങ്ങള്‍ ഇപ്പോള്‍ പ്രഖ്യാപിക്കാന്‍ കഴിയാത്തത്. ഏറെ വൈകാതെ നിലവിലുള്ള പ്രതിസന്ധികളെല്ലാം ശാശ്വതമായി പരിഹരിക്കാനാകും എന്ന ഉറച്ച പ്രത്യാശയാണ് സിനഡിനുള്ളത്. ഇതിനായി സഭയൊന്നാകെ പ്രാര്‍ത്ഥിക്കണമെന്ന് സ്‌നേഹപൂര്‍വ്വം ആവശ്യപ്പെടുന്നു.

എറണാകുളം ബസിലിക്ക

മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ ആസ്ഥാന ദേവാലയമായ എറണാകുളം സെന്റ് മേരീസ് ബസിലിക്ക ഏതാനും മാസങ്ങളായി അടഞ്ഞു കിടക്കുന്നത് സഭയുടെ മുഴുവന്‍ ദുഖമാണ്. ഏകീകൃത കുര്‍ബാനയര്‍പ്പണ രീതിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലുണ്ടായ സംഘര്‍ഷം ക്രമസമാധാന പ്രശ്‌നമായി വളര്‍ന്നപ്പോഴാണ് ആദ്യം ജില്ലാ ഭരണകൂടവും പിന്നീട് പോലീസും മുന്‍കൈ എടുത്ത് ബസിലിക്ക അടച്ചത്. പൊതുസമൂഹത്തില്‍ സഭയുടെ പ്രതിച്ഛായ ഏറെ വികലമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഇതിനോടനുബന്ധിച്ച് നടന്നത് നമ്മുടെ സഭയ്ക്ക് തീരാ കളങ്കമായി.

എറണാകുളം ബസിലിക്ക ദേവാലയം തുറക്കാനും വിശുദ്ധ കുര്‍ബാനയൊഴികെയുള്ള ആത്മീയ കര്‍മങ്ങള്‍ അനുഷ്ഠിക്കാനും ധാരണയായിട്ടുണ്ട്. കത്തീഡ്രല്‍ ദേവാലയം എന്ന നിലയില്‍ ശ്ലൈഹിക സിംഹാസനത്തിന്റെ നിര്‍ദ്ദേശ പ്രകാരം ഏകീകൃതരീതിയിലുള്ള വിശുദ്ധ കുര്‍ബാനയര്‍പ്പണമല്ലാതെ ജനാഭിമുഖ കുര്‍ബാന അവിടെ അര്‍പ്പിക്കില്ല എന്ന് ബസിലിക്കാ വികാരിയും കൈക്കാരന്മാരും നല്‍കിയ ഉറപ്പിന്മേലാണ് ദേവാലയം തുറക്കുന്നത്.

ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരേ കാനന്‍ നിയമമനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കാനും സിനഡ് തീരുമാനിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുന്നവരെ അവഗണിച്ച് പരസ്പര വിശ്വാസവും സ്‌നേഹവും വഴി സഭാ ഗാത്രത്തിലെ മുറിവുകള്‍ ഉണക്കാന്‍ എല്ലാവരും ബോധപൂര്‍വം ശ്രമിക്കണം.

മണിപ്പൂര്‍ കലാപം

ക്രൈസ്തവര്‍ക്കെതിരായ പീഡനങ്ങള്‍ ഭാരതത്തില്‍ വര്‍ധിച്ചു വരുന്നത് തികച്ചും ആശങ്കാജനകമാണ്. ഗോത്ര സംഘര്‍ഷമായി ആരംഭിച്ച മണിപ്പൂര്‍ കലാപം വര്‍ഗീയമായി ആളിക്കത്താന്‍ തുടങ്ങിയിട്ട് ആഴ്ചകളായെങ്കിലും അഗ്‌നിയണക്കാന്‍ ഉത്തരവാദപ്പെട്ടവരുടെ ഭാഗത്ത് നിന്ന് കാര്യമായ ശ്രമങ്ങളൊന്നും ഉണ്ടാകുന്നില്ല.

വര്‍ഗീയ കലാപമായി മാറിയ സംഘര്‍ഷത്തില്‍ നൂറുക്കണക്കിന് മനുഷ്യജീവന്‍ പൊലിഞ്ഞിട്ടും അക്രമങ്ങള്‍ നിയന്ത്രിക്കാനോ വിധ്വംസക പ്രവര്‍ത്തകരെ നിലക്കു നിര്‍ത്താനോ ഭരണകൂടത്തിന് കഴിയുന്നില്ല. മുന്നൂറോളം ക്രൈസ്തവ ദേവാലയങ്ങള്‍ തകര്‍ക്കപ്പെട്ടിട്ടും ആയിരങ്ങള്‍ ഭവന രഹിതരായിട്ടും ഇത്തരം പ്രവര്‍ത്തനങ്ങളെ അപലപിക്കാനോ കലാപകാരികളെ തള്ളി പറയാനോ ഭരണത്തിന്റെ തലപ്പത്തുള്ളവര്‍ ഇനിയും തയ്യാറായിട്ടില്ല എന്നത് വേദനാജനകമാണ്.

ഭരണഘടന ഉറപ്പു നല്‍കുന്ന മത സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാനും ന്യൂനപക്ഷങ്ങളെ ശ്വാസം മുട്ടിക്കാനുമായി നിയമങ്ങള്‍ തന്നെ നിര്‍മിക്കപ്പെടുന്നു എന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല. ഭൂരിപക്ഷത്തിന്റെ പിന്‍ബലത്തില്‍ ഭരണഘടനാ മൂല്യങ്ങള്‍ അട്ടിമറിക്കപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തി ന്യൂനപക്ഷങ്ങളെ സംരക്ഷിക്കേണ്ടത് ഭരണകൂടങ്ങളുടെ ഉത്തരവാദിത്വമാണ്. കേരളത്തിലും ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വര്‍ഗീയ ലക്ഷ്യങ്ങളോടെ ആക്രമിക്കപ്പെടുന്ന സാഹചര്യം വര്‍ധിച്ചു വരുന്നത് ഏറെ ആശങ്കയുളവാക്കുന്നതാണ്.

കാര്‍ഷിക പ്രശ്‌നങ്ങള്‍

കേരളത്തിലെ കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അനുഭാവപൂര്‍വമായ സമീപനം സ്വീകരിക്കേണ്ടതുണ്ട്. ബഫര്‍ സോണ്‍ വിഷയത്തില്‍ സുപ്രീം കോടതിവിധിക്കു ശേഷവും കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കപ്പെടാതെ നില്‍ക്കുന്നു എന്ന സത്യം സംസ്ഥാന സര്‍ക്കാര്‍ മനസിലാക്കണം.

കൃഷിഭൂമിയില്‍ ഇറങ്ങുന്ന വന്യമൃഗങ്ങള്‍ കര്‍ഷകന്റെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയിട്ടും കര്‍ഷകനെ സംരക്ഷിക്കുന്ന നയങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നില്ല എന്നുള്ളത് ദുഖകരമാണ്. വന്യമൃഗങ്ങളുടെ ആക്രമണങ്ങള്‍ മൂലമുള്ള ജീവഹാനി സമീപ കാലത്ത് വളരെയേറെ വര്‍ധിച്ചിരിക്കുന്നത് കര്‍ഷകരെ ആശങ്കയിലാഴ്ത്തുന്നുണ്ട്.

കാര്‍ഷികോല്‍പന്നങ്ങളുടെ വിലത്തകര്‍ച്ച കര്‍ഷക കുടുംബങ്ങളെ കടക്കെണിയിലും മുഴുപ്പട്ടിണിയിലുമാക്കിയിരിക്കുന്നു എന്ന സത്യം സര്‍ക്കാര്‍ തിരിച്ചറിയണം. കാര്‍ഷികോല്‍്പന്നങ്ങള്‍ക്ക് ന്യായമായ താങ്ങുവില പ്രഖ്യാപിക്കും എന്ന വാഗ്ദാനം തെരഞ്ഞെടുപ്പു പ്രകടന പത്രികയില്‍ മാത്രമായി ഒതുങ്ങി പോകുന്നില്ല എന്ന് സര്‍ക്കാര്‍ ഉറപ്പു വരുത്തണം.

ഏറ്റെടുത്ത നെല്ലിന്റെ വിലകിട്ടാനായി സമര മുഖത്തായിരിക്കുന്ന നെല്‍ കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ സത്വരമായി ഇടപെടണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു. അതിജീവനം അസാധ്യമെന്ന തിരിച്ചറിവില്‍ യുവജനങ്ങളില്‍ നല്ലൊരു പങ്ക് നാടുവിട്ടു പോകാനിടയാകുന്ന സാഹചര്യം ഒരു സര്‍ക്കാരിനും ഭൂഷണമല്ലെന്നു മനസിലാക്കണം.

നല്ല ദൈവത്തിന്റെ കരുതലാര്‍ന്ന പരിപാലനയ്ക്ക് നമുക്കു നന്ദി പറയാം. ദൈവത്തിന്റെ അനുഗ്രഹീത മാതാവും നമ്മുടെ അമ്മയുമായ പരിശുദ്ധ കന്യകാമറിയത്തിന്റെയും നമ്മുടെ പിതാവായ മാര്‍ത്തോമാ ശ്ലീഹായുടെയും മാധ്യസ്ഥം നമുക്കു സഹായമാകട്ടെ. നമ്മുടെ കര്‍ത്താവീശോമിശിഹായുടെ കൃപയും പിതാവായ ദൈവത്തിന്റെ സ്‌നേഹവും പരിശുദ്ധാത്മാവിന്റെ സഹവാസവും നിങ്ങളെല്ലാവരോടുംകൂടെ ഉണ്ടായിരിക്കട്ടെ.

കാക്കനാട് മൗണ്ട് സെന്റ് തോമസിലുള്ള മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ കാര്യാലയത്തില്‍ നിന്ന് 2023-ാം ആണ്ട് ജൂണ്‍ മാസം 16-ാം തീയതി നല്‍കപ്പെട്ടത്.

കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി
സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ്.

ഈ സര്‍ക്കുലര്‍ 2023 ജൂണ്‍ 25-ാം തീയതി ഞായറാഴ്ച സീറോ മലബാര്‍ സഭയിലെ എല്ലാ ഇടവക ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും സമര്‍പ്പിത ഭവനങ്ങളിലും പരിശീലന കേന്ദ്രങ്ങളിലും മേജര്‍ സെമിനാരികളിലും വിശുദ്ധ കുര്‍ബാന മധ്യേ വായിക്കേണ്ടതാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.