കര്‍ണാടകയിലെ മതപരിവര്‍ത്തന നിരോധന നിയമം പിന്‍വലിക്കാനുള്ള തീരുമാനം അഭിനന്ദനാര്‍ഹം: കെസിബിസി ജാഗ്രത കമ്മീഷന്‍

കര്‍ണാടകയിലെ മതപരിവര്‍ത്തന നിരോധന നിയമം പിന്‍വലിക്കാനുള്ള തീരുമാനം അഭിനന്ദനാര്‍ഹം: കെസിബിസി ജാഗ്രത കമ്മീഷന്‍

കൊച്ചി: കര്‍ണാടകയില്‍ ബിജെപി മന്ത്രിസഭ 2022 ല്‍ നടപ്പാക്കിയ മതപരിവര്‍ത്തന നിരോധന നിയമം പിന്‍വലിക്കാന്‍ പുതിയ സര്‍ക്കാര്‍ എടുത്ത തീരുമാനം സ്വാഗതാര്‍ഹമെന്ന് കെസിബിസി ജാഗ്രത കമ്മീഷന്‍. ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളില്‍ ഇതിനകം നടപ്പാക്കപ്പെട്ടു കഴിഞ്ഞിരിക്കുന്ന മതപരിവര്‍ത്തന നിരോധന നിയമങ്ങളില്‍ കൂടുതല്‍ ദുരുപയോഗിക്കപ്പെടാന്‍ ഇടയുള്ള വ്യവസ്ഥകള്‍ കര്‍ണാടകയിലെ നിയമത്തില്‍ ഉള്‍പ്പെടുത്തപ്പെട്ടിരുന്നു.

കര്‍ണാടകയില്‍ ഉള്‍പ്പെടെ പ്രസ്തുത നിയമത്തിലെ വിവിധ വകുപ്പുകള്‍ ദുരുപയോഗം ചെയ്തുകൊണ്ടുള്ള ഒട്ടനവധി വ്യാജ പരാതികള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുകയുണ്ടായിട്ടുണ്ട്. ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കെതിരെ ആക്രമണം അഴിച്ചുവിടാനും വൈദികരെയും സന്യസ്തരെയും കയ്യേറ്റം ചെയ്യാനും ചിലര്‍ ഈ നിയമത്തെ മറയാക്കിയിട്ടുള്ള ഒട്ടേറെ സന്ദര്‍ഭങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യയുടെ ഭരണഘടന ഉറപ്പുനല്‍കുന്ന മത സ്വാതന്ത്ര്യത്തെ നിരാകരിക്കുന്നതോടൊപ്പം, ഒട്ടേറെ നിരപരാധികളെ കേസുകളില്‍ അകപ്പെടുത്താനും കാരണമായിരിക്കുന്ന മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ ഹിന്ദുത്വ വര്‍ഗീയ സംഘടനകള്‍ തങ്ങളുടെ സ്ഥാപിത താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി വ്യാപകമായി ദുരുപയോഗിച്ചു കൊണ്ടിരിക്കുന്നെന്നുള്ളത് വ്യക്തമാണ്. ഇത്തരം കരിനിയമങ്ങള്‍ ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥിതിക്ക് കളങ്കവും ഭരണഘടനയ്ക്ക് വിരുദ്ധവുമാണ്.

ഇന്ത്യയിലെ മതേതര സമൂഹത്തിന്റെ സുസ്ഥിതിയും ഭാവിയും സമുദായങ്ങള്‍ തമ്മിലുള്ള ഐക്യം പരിപോഷിപ്പിക്കേണ്ടതും കണക്കിലെടുത്ത് മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ പിന്‍വലിക്കാന്‍ മറ്റു സര്‍ക്കാരുകളും തയ്യാറാകണമെന്നാണ് കെസിബിസി ജാഗ്രത കമ്മീഷന്‍ ആവശ്യപ്പെട്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.