ആലപ്പുഴ: എസ്.എഫ്.ഐ നേതാവ് നിഖില്‍ തോമസ് പി.ജി പ്രവേശനത്തിന് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ വിവരം പുറത്തായതിന് പിന്നില്‍ ആലപ്പുഴ പത്തിയൂര്‍ ഗ്രാമപഞ്ചായത്തിലെ ഗ്രൂപ്പുപോരെന്ന് വിവരം. മറുപക്ഷത്തെ ഒതുക്കി കരീലക്കുളങ്ങര ലോക്കല്‍ കമ്മിറ്റി പിടിച്ചെടുക്കാന്‍ നീക്കം നടത്തിയതോടെ യോഗത്തിനിടെ തര്‍ക്കമുണ്ടാവുകയും നിഖിലിനെ കയ്യേറ്റം ചെയ്യുന്നതിലേക്കും വരെ കാര്യങ്ങള്‍ എത്തുകയുമായിരുന്നു. ഇതിന് പിന്നാലെ ചേരിതിരിഞ്ഞ് സാമൂഹിക മാധ്യമങ്ങളില്‍ ഇരുവിഭാഗവും തമ്മില്‍ പോര് മുറുകിയത്.
ഗാര്‍ഹിക പീഡന പരാതിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിബിന്‍ സി. ബാബുവിനെ സസ്പെന്‍ഡ് ചെയ്യുന്നതിലേക്ക് എത്തിയതിന് കാരണവും സാമൂഹിക മാധ്യമങ്ങളിലെ പരസ്യ പ്രതികരണങ്ങളും വെളിപ്പെടുത്തലുകളുമായിരുന്നു. ചെമ്പട കായംകുളം, കായംകുളത്തിന്റെ വിപ്ലവം എന്നീ ഫെയ്സ്ബുക്ക് പേജുകള്‍ വഴിയാണ് സി.പി.എം. പ്രവര്‍ത്തകര്‍ ഫെയ്സ്ബുക്കില്‍ പരസ്പരം ചെളിവാരിയെറിഞ്ഞത്.
ആലപ്പുഴയില്‍ മന്ത്രി സജി ചെറിയാന്റെ പക്ഷക്കാരനായ കെ.എച്ച് ബാബുജാനെ ലക്ഷ്യമിട്ടായിരുന്നു കായംകുളം ചെമ്പടയുടെ പോസ്റ്റ്. കഴിഞ്ഞ മാര്‍ച്ച് അഞ്ചിന് പ്രത്യക്ഷപ്പെട്ട പോസ്റ്റില്‍ ചുക്കിന് പോലും കൊള്ളാത്ത, കഴമ്പില്ലാത്തവരെ കെ.എച്ച്, എസ്.എഫ്.ഐ- ഡി.വൈ.എഫ്.ഐ. രംഗത്തേക്ക് കൊണ്ടുവന്നു എന്നും ഇത് തിരുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. കെ.എച്ചിന്റെ ലക്ഷങ്ങളുടെ സാമ്പത്തിക അഴിമതി ഉടനെ പുറത്തുവരുമെന്നും പോസ്റ്റില്‍ പറയുന്നു.
ഏരിയാ തലവന്‍ മുച്ചോടെ കട്ടുമുടിച്ചു. എസ്.എഫ്.ഐയിലും ഡി.വൈ.എഫ്.ഐയിലും ഗ്രൂപ്പ് ഇല്ലാതെ യുവാക്കള്‍ക്ക് നില്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണ്. കെ.എച്ച് ഗ്രൂപ്പിന്റെ ഭാഗമായി നിന്നില്ലെങ്കില്‍ ക്രിമിനലുകളായി മുദ്രകുത്തുമെന്നും ചെമ്പട കായംകുളം ഭീഷണി മുഴക്കുന്നു. ചുരുക്കപ്പേരുകളിലായി മറ്റ് നേതാക്കള്‍ക്കെതിരേയും പോസ്റ്റില്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്.
കൂടാതെ ഫെബ്രുവരിയില്‍ പുറത്തുവന്ന പോസ്റ്റില്‍ നിഖില്‍ തോമസിന്റെ കൈയില്‍ നിന്ന് ലക്ഷങ്ങള്‍ കെ.എച്ച് ബാബുജാന്‍ വാങ്ങി വ്യാജസര്‍ട്ടിഫിക്കറ്റ് കേരള സര്‍വകലാശാല അംഗീകൃതമാക്കിക്കൊടുത്തുവെന്നും ആരോപിക്കുന്നു. കെ.എച്ചും നിഖില്‍ തോമസും ചേര്‍ന്ന് എം.എസ്.എം കോളജ് യൂണിയന്‍ തച്ചുതകര്‍ത്തുവെന്നും പോസ്റ്റില്‍ പറയുന്നു.
എന്നാല്‍ ഇതിന് മറുപടിയായി ജൂണ്‍ 19- ന് 'കായംകുളത്തിന്റെ വിപ്ലവം' എന്ന പ്രൊഫൈലില്‍ വന്ന പോസ്റ്റില്‍ നിഖില്‍ തോമസിനെതിരായ വാര്‍ത്ത പുറത്തുവന്നതിന് പിന്നില്‍ ബിപിന്‍ സി. ബാബുവും ഐ റഫീക്കും നടത്തിയ ഗൂഢാലോചനയാണെന്നാണ് ആരോപിക്കുന്നത്. ഏരിയ സെന്റര്‍ അംഗങ്ങളായ അബിന്‍ ഷാ, സുനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് സഹായം ചെയ്തുവെന്നും ആരോപണമുണ്ട്. കെ.എച്ച് ബാബുജാനെ കുരുക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. ന്യൂനപക്ഷ സമുദായത്തില്‍ നിന്നും കടന്ന് വന്നു പ്രസ്ഥാനത്തിനൊപ്പം നില കൊണ്ട അഴിമതിക്കാരനല്ലാത്ത, മറ്റു ദുശീലങ്ങള്‍ ഇല്ലാത്ത നിഖില്‍ തോമസിനെ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ ഇല്ലായ്മ ചെയ്യുവാനുള്ള ശ്രമമാണ് നടന്നതെന്നും ആരോപണങ്ങള്‍ക്ക് 'കായംകുളത്തിന്റെ വിപ്ലവം' മറുപടി നല്‍കുന്നു.
വിഭാഗീയ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ആലപ്പുഴയില്‍ കടുത്ത നടപടികള്‍ക്ക് കഴിഞ്ഞ ദിവസം സി.പി.എം. തയാറായിരുന്നു. ചാനല്‍ ചര്‍ച്ചകളില്‍ പാര്‍ട്ടിയുടെ മുഖമായി പ്രത്യക്ഷപ്പെട്ടിരുന്ന പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എയ്ക്കെതിരേവരെ കടുത്ത നടപടിയായിരുന്നു സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നേതൃത്വത്തില്‍ നടന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ കൈക്കൊണ്ടത്. നിഖില്‍ തോമസിന് സഹായം ചെയ്തതുമായി ബന്ധപ്പെട്ട് കെ.എച്ച്. ബാബുജന്റെ പേര് പാര്‍ട്ടി വൃത്തങ്ങളില്‍ നേരത്തേ തന്നെ അടക്കം പറയുന്നുണ്ടായിരുന്നെങ്കിലും, പാര്‍ട്ടി നടപടിയുടെ ഭാഗമായി പിരിച്ചുവിട്ട മൂന്ന് ഏരിയാ കമ്മിറ്റികളില്‍ ഒന്നായ ഹരിപ്പാട് ഏരിയാ സെക്രട്ടറിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിവാദത്തില്‍ അദ്ദേഹത്തിന്റെ പേര് സജീവമാകുന്നത്.
വിഭാഗീയതയുടെ പേരില്‍ നടപടിയെടുത്തപ്പോള്‍ ജില്ലാസെക്രട്ടറി ആര്‍. നാസറിന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പിന് കനത്ത തിരിച്ചടിയാണ് ഉണ്ടായത്. നടപടി നേരിട്ട പി.പി. ചിത്തരഞ്ജനും സത്യപാലനും നാസര്‍ പക്ഷക്കാരാണ്. പാര്‍ട്ടി നടപടിയോടെ മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിലുള്ള പക്ഷത്തിനാണ് നിലവില്‍ ജില്ലയില്‍ മേല്‍ക്കൈ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.