'മണിപ്പൂര്‍ സംഘര്‍ഷം ഇന്ത്യന്‍ സംസ്‌കാരത്തിന് നാണക്കേട്': കേന്ദ്രം ഫലപ്രദമായി ഇടപെടുന്നില്ല; വിമര്‍ശനവുമായി ഓര്‍ത്തഡോക്സ് സഭ

'മണിപ്പൂര്‍ സംഘര്‍ഷം ഇന്ത്യന്‍ സംസ്‌കാരത്തിന് നാണക്കേട്': കേന്ദ്രം ഫലപ്രദമായി ഇടപെടുന്നില്ല; വിമര്‍ശനവുമായി ഓര്‍ത്തഡോക്സ് സഭ

കോട്ടയം: മണിപ്പൂര്‍ കലാപത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഓര്‍ത്തഡോക്സ് സഭ. സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായതായി ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ തോമ മാതൃൂസ് തൃതീയന്‍ ബാവ കുറ്റപ്പെടുത്തി. ക്രിസ്ത്യാനികളും മറ്റ് ഇതര വിഭാഗങ്ങളും മരിച്ചുവീഴുന്നു. മണിപ്പൂരില്‍ നടക്കുന്ന കാര്യങ്ങള്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് നാണക്കേടാണെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.

മണിപ്പൂരില്‍ നടക്കുന്ന പ്രശ്നങ്ങളില്‍ സഭ ആശങ്ക അറിയിച്ചിരുന്നു. പള്ളികള്‍ തകര്‍ക്കപ്പെട്ടു. കലാപം തുടരുന്നതില്‍ സഭയ്ക്ക് ആശങ്കയുണ്ട്. ആഭ്യന്തര മന്ത്രി ഇടപെട്ടിട്ടും കലാപം അവസാനിപ്പിക്കാന്‍ കഴിയുന്നില്ല. കേന്ദ്രം ഫലപ്രദമായി ഇടപെടുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സര്‍ക്കാര്‍ പരിഹാരം കണ്ടത്തണം. ആരും കൊല്ലപ്പെടരുതെന്നാണ് സഭയുടെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടാതെ ഏക സിവില്‍കോഡ് വിഷയത്തില്‍ മത ന്യൂനപക്ഷങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ ആവശ്യപ്പെട്ടു. മതേതരത്വം നഷ്ടപ്പെടുത്തുന്ന സിവില്‍ കോഡ് ഭാരത സംസ്‌കാരത്തിന്റെ നാരായവേര് തകര്‍ക്കും. ഭരണഘടനാ തത്വങ്ങള്‍ പാലിക്കപ്പെടണം. തിടുക്കപ്പെട്ട് നടപ്പാക്കേണ്ട ഒന്നല്ല ഏക സിവില്‍ കോഡെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സഭാ തര്‍ക്ക വിഷയം മുഖ്യമന്ത്രിയുമായി പലതവണ സംസാരിച്ചു. കോടതി വിധിയും ഭരണഘടനയും മാനിച്ചു മാത്രമേ മുന്നോട്ടു പോകാനാവു എന്ന് മുഖ്യമന്ത്രിയെ ധരിപ്പിച്ചു. അതിലൂന്നിയുള്ള വിട്ടുവീഴ്ചകള്‍ക്ക് സഭ തയ്യാറാണ്. നിയമ നിര്‍മാണത്തിനോട് ഓര്‍ത്തഡോക്സ് സഭാ യോജിക്കുന്നില്ല. മുഖ്യമന്ത്രി ഉചിതമായ തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ബാവ കുറ്റപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.