തിരുവനന്തപുരം: തിരുപ്പതി മൃഗശാലയില്‍ നിന്നും തിരുവനന്തപുരം മൃഗശാലയിലെത്തിച്ച ഹനുമാന്‍ കുരങ്ങ് ഒരുമാസമായി നഗരം കണ്ടുള്ള കറക്കമാണ്. മൃഗശാലയിലെ കൂട്ടില്‍ നിന്നും രക്ഷപെട്ട ഈ വാനരന്‍ ആഴ്ച്ചകളായി മൃഗശാല ജീവനക്കാരുടെ ഉറക്കം കെടുത്തുന്നു.
മൂന്ന് ആഴ്ച്ച മുമ്പ് മൃഗശാലയില്‍ നിന്നും ചാടി രക്ഷപെട്ട ഹനുമാന്‍ കുരങ്ങ് മരച്ചില്ലകള്‍ ചാടി നഗത്തിലെ പല പ്രദേശങ്ങളിലേക്കും പോകുമ്പോള്‍ മൃഗശാല ജീവനക്കാര്‍ ഇതിന്റെ പിന്നാലെ പഴവര്‍ഗങ്ങള്‍ ഉള്‍പ്പെടുന്ന ഭക്ഷണവുമായി നടപ്പാണ്.
മൃഗശാലയില്‍ നിന്നും രക്ഷപെട്ടിറങ്ങിയ ഈ വാനരന്‍ ആദ്യമെത്തിയത് നഗരത്തിലെ പ്രധാന ഹൗസിംഗ് മേഖലയായ നന്തന്‍കോട്. വിഐപികളുടെ താമസ സ്ഥലമായ നന്തന്‍കോടുള്ള ഒരു പുരയിടത്തിലെ വലിയ ആല്‍മരത്തില്‍ തമ്പടിച്ചു. മൂന്നു മൃഗശാല ജീവനക്കാര്‍ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ കുരങ്ങനു കാവലിരുന്നു.
പിന്നീട് നേരെ മൃഗശാലയിലേക്ക് തിരികെ എത്തി. അവിടെയുള്ള വന്‍ മരത്തിനു മുകളിലെത്തി. രണ്ടു ദിവസം അവിടെ കൂടിയശേഷം പിന്നീട് നഗരം കാണാനുള്ള ഇറക്കമായി. ആദ്യമെത്തിയത് എല്‍എംഎസ് കോമ്പൗണ്ടിലെ മരത്തിനു മുകളില്‍. തിരുവനന്തപുരം പട്ടണത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ദേവാലയങ്ങളില്‍ ഒന്നായ സിഎസ്ഐ കത്തീഡ്രല്‍ സ്ഥിതി ചെയ്യുന്ന എല്‍എംഎസ് കോമ്പൗണ്ടിലേക്കായിരുന്നു അടുത്ത യാത്ര. അവിടെ ഒരു വലിയ മരത്തിനു മുകളില്‍ ഒരു ദിവസം തങ്ങി.
തുടര്‍ന്ന് നഗരത്തിലെത്തുന്ന വിഐപികളുടെ താമസ സ്ഥലമായ മസ്‌കറ്റ് ഹോട്ടലിലേക്ക്. രണ്ടു ദിവസം മസ്‌കറ്റ് ഹോട്ടലിലെ പ്രവേശന കവാടത്തിനു സമീപമുള്ള മരത്തില്‍ തമ്പടിച്ച ഹനുമാന്‍ കുരങ്ങിന് കയറില്‍ കെട്ടി ഏത്തക്കുലയും ആപ്പിളും നല്കി. ഇതില്‍ ആപ്പിള്‍ വേണ്ടുവോളം ഭക്ഷിച്ചു. തുടര്‍ന്ന് സുഖമായി മരത്തിലിരുന്നു നഗരം കണ്ടുല്ലസിച്ചു. ഈ സമയം മൃഗശാലയിലെ മൂന്നു ജീവനക്കാര്‍ കുരങ്ങിന് കാവലായി മരത്തിനു താഴെയും.
കഴിഞ്ഞ ചൊവ്വാഴ്ച്ചയോടെ മസ്‌കറ്റ് ഹോട്ടലിലെ മരച്ചില്ലയില്‍ നിന്നും നേരെ പബ്ലിക് ലൈബ്രറിയിലേക്ക്. കേരളത്തിലെ തന്നെ ഏറ്റവും വലിയ ലൈബ്രറിയാണെന്ന കാര്യമൊന്നും ഹനുമാന്‍ കുരങ്ങിന് അറിയില്ലെങ്കിലും ലൈബ്രറിയുടെ മുന്‍വശത്തെ വലിയ ആലിന്റെ മുകളിലായിരുന്നു തുടര്‍ന്നുള്ള ദിവസങ്ങളിലെ വാസം.
പബ്ലിക് ലൈബ്രറിയില്‍ നിന്നും കുരങ്ങന്‍ ഇപ്പോള്‍ പോയിട്ടുള്ളത് റഷ്യയിലെ പ്രമുഖ രാഷ്ട്രീയ നേതാവായ വ്ളാഡിമിര്‍ ലെനിന്റെ പേരിലുള്ള ലെനിന്‍ നഗറിലേക്കായിരുന്നു. നിലവില്‍ ഇവിടെ തമ്പടിച്ചിരിക്കയാണ് ഈ തിരുപ്പതിക്കാരിയായ ഹനുമാന്‍ കുരങ്ങ്. അടുത്ത മരംചാട്ടം എങ്ങോട്ടാണെന്ന ആശങ്കയിലാണ് മൃഗശാലയിലെ ജീവനക്കാര്‍. തിരുപ്പതിയില്‍ നിന്നും ഒപ്പം കൊണ്ടുവന്ന ആണ്‍ കുരങ്ങിനെ കാട്ടിയിട്ടൊന്നും ഈ പെണ്‍ കുരങ്ങ് തിരികെ മൃഗശാലയിലേക്ക് എത്താന്‍ കൂട്ടാക്കുന്നില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.