മണിപ്പൂരിൽ വീണ്ടും സംഘർഷം; വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു

മണിപ്പൂരിൽ വീണ്ടും സംഘർഷം; വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായി. ബിഷ്ണുപൂരിലുണ്ടായ വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. മൂന്നു പേരും മെയ്തെയ് വിഭാ​ഗത്തിൽ പെട്ടവരാണ്. ആക്രമിച്ചത് കുക്കികളാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.

അതേ സമയം മണിപ്പൂരിലെ കലാപങ്ങൾക്ക് പിന്നിൽ ആരാണെന്ന് ലോകത്തിന് അറിയാമെന്ന് മുഖ്യമന്ത്രി ബീരേൻ സിം​ഗ് പറഞ്ഞു. സംസ്ഥാനത്ത് ക്രമസമാധാനം പാലിക്കുന്നതിൽ മുഖ്യമന്ത്രി പരാജയപ്പെട്ടെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ശക്തമാകുന്നതിനിടെയാണ് പ്രതികരണം. അവർ വിതച്ചതിന്റെ ഫലമാണ് നമ്മളിപ്പോൾ കൊയ്യുന്നത് കോൺ​ഗ്രസിനെ ഉന്നം വച്ച് ബീരേൻ സിം​ഗ് പറഞ്ഞു.

കൃത്യമായി ആസൂത്രണം ചെയ്ത രാഷ്ട്രീയനീക്കമാണ് മണിപ്പൂരിലെ കലാപങ്ങൾക്ക് പിന്നിലെന്നാണ് ബീരേൻ സിം​ഗിന്റെ ആരോപണം. ശരിയായ സമയത്ത് പ്രശ്നം പരിഹരിക്കാൻ പ്രതിപക്ഷ പാർട്ടികൾ തയ്യാറായിരുന്നില്ല. സംസ്ഥാനത്തെ ജനങ്ങൾ വിഭജിക്കപ്പെടുന്നതിനെ ജീവൻ കൊടുത്തും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

വ്യാഴാഴ്ച മണിപ്പൂരിലെത്തിയ രാഹുൽ ഗാന്ധി ചുരാചന്ദ്പൂർ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലും പിറ്റേദിവസം, ബിഷ്ണുപൂർ ജില്ലയിലെ മൊയ്‌റാംഗിലും സന്ദർശനം നടത്തിയിരുന്നു. വിദ്യാർത്ഥി സംഘടനാ പ്രതിനിധികളോടും പൗര പ്രമുഖരോടും സ്ത്രീകളോടും സംസാരിച്ചിരുന്നു. തുടർന്ന് സംസ്ഥാന ഗവർണർ അനുസൂയ യുകെയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

മണിപ്പൂരിലെ എന്റെ എല്ലാ സഹോദരങ്ങളെയും കേൾക്കാനാണ് ഞാൻ വന്നത്. എല്ലാവരും നല്ല സ്നേഹത്തോടെയുള്ള സ്വീകരണമാണ് നൽകിയത്. മണിപ്പൂരിന് വേണ്ടത് സമാധാനവും ശാന്തിയുമാണ്. അതിന് മാത്രമാണ് ഞങ്ങളുടെ മുൻഗണനയെന്നും സന്ദർശനത്തിനു പിന്നാലെ രാഹുൽ ​ഗാന്ധി പറഞ്ഞിരുന്നു.

രാഹുല്‍ ഗാന്ധി മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതിനെ പ്രശംസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷ ശാരദാ ദേവി രം​ഗത്തെത്തിയിരുന്നു. മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ സന്ദര്‍ശനത്തെ അഭിനന്ദിക്കുന്നെന്നും സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്ക് പരിഗണന നല്‍കണമെന്നും ശാരദ ദേവി പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ മണിപ്പൂര്‍ സന്ദര്‍ശനത്തെ വിമര്‍ശിച്ച് ബിജെപി ദേശീയ നേതൃത്വവും അസം മുഖ്യമന്ത്രിയും ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയ സാഹചര്യത്തിലാണ് ഭിന്ന പ്രതികരണവുമായി പാര്‍ട്ടി സംസ്ഥാന അധ്യക്ഷ രംഗത്തെത്തിയത്. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.