സാന്‍ജോസ് (കോസ്റ്ററിക്ക): പസഫിക് സമുദ്രത്തിന്റെ ഉപരിതലത്തില്‍ നിന്ന് ഏകദേശം മൂന്നു കിലോമീറ്റര്‍ താഴെയായി അത്യപൂര്‍വമായ ദൃശ്യവിരുന്നിന് സാക്ഷിയായിരിക്കുകയാണ് സമുദ്ര ഗവേഷകര്‍. കോസ്റ്ററിക്കയുടെ തീരത്ത് ആഴക്കടലില്‍ കഴിഞ്ഞ ദിവസം നടത്തിയ പര്യവേഷണത്തിലാണ് നൂറുകണക്കിന് നീരാളികളുടെ നഴ്‌സറി ഗവേഷകര്‍ കണ്ടെത്തിയത്. ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍ മൂന്നാമത്തെ ആഴക്കടല്‍ നീരാളി നഴ്‌സറിയാണിത്.
നൂറുകണക്കിന് നീരാളികള്‍ മുട്ടകള്‍ക്കു മേല്‍ അടയിരിക്കുന്നതും അവയുടെ കുഞ്ഞുങ്ങള്‍ വിരിയുന്നതുമായ അപൂര്‍വമായ കാഴ്ച്ചയ്ക്കാണ് ഗവേഷകര്‍ സാക്ഷിയായത്.
സമുദ്രോപരിതലത്തിന് 2,800 മീറ്ററിലധികം താഴെ പുതിയൊരു നീരാളി നഴ്‌സറിയുടെ കണ്ടെത്തല്‍ വലിയ പ്രാധാന്യമര്‍ഹിക്കുന്നതായി ഷ്മിറ്റ് ഓഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ജ്യോതിക വിര്‍മണി പറഞ്ഞു. സമുദ്രത്തെക്കുറിച്ച് ഇനിയും ഒട്ടേറെ പഠിക്കാനുണ്ടെന്നാണ് ഈ കണ്ടെത്തല്‍ തെളിയിക്കുന്നത്. ഫാല്‍കോര്‍ എന്ന ഗവേഷണ കപ്പലിലായിരുന്നു അന്താരാഷ്ട്ര ശാസ്ത്രജ്ഞരുടെ സമുദ്ര പര്യവേഷണം.
പുതുതായി കണ്ടെത്തിയ നഴ്സറിയിലെ നീരാളികള്‍ മ്യൂസോക്ടോപ്പസ് എന്ന ജനുസില്‍ പെട്ടവയാണെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു. മഷി സഞ്ചിയില്ലാത്ത ചെറുതും ഇടത്തരവുമായ നീരാളികളാണ് മ്യൂസോക്ടോപ്പസ്.
ഫുട്‌ബോള്‍ ഗ്രൗണ്ടിന്റെ വലിപ്പമുള്ള 'ഡൊറാഡോ ഔട്ട്ക്രോപ്പ്' എന്ന പാറക്കൂട്ടത്തിലാണ് നീരാളി അമ്മമാര്‍ മുട്ടകള്‍ക്ക് അടയിരിക്കുന്നതും കുഞ്ഞുങ്ങളെ വിരിയിക്കുന്നതും. നൂറുകണക്കിന് നീരാളി അമ്മമാരും കുഞ്ഞുങ്ങളുമാണ് ഈ ഭാഗത്ത് കേന്ദ്രീകരിച്ചിരിക്കുന്നത്. 'ഡൊറാഡോ ഔട്ട്ക്രോപ്പ്' സജീവമായ ഒരു നഴ്സറിയാണെന്ന് ഗവേഷക സംഘത്തിലെ അംഗവും കാനഡയിലെ കാല്‍ഗറി സര്‍വകലാശാലയിലെ ജിയോസയന്‍സ് പ്രൊഫസറുമായ ഡോ. റേച്ചല്‍ ലോവര്‍ പറഞ്ഞു.
ത്യാഗിയായ അമ്മയായാണ് നീരാളി അമ്മയെ വിശേഷിപ്പിക്കുന്നത്. സ്വന്തം ജീവന്‍ ബലികൊടുത്ത് കുഞ്ഞുങ്ങളെ കാക്കുന്നവരാണ് നീരാളികള്‍. ഇരപിടിയന്മാരില്‍ നിന്നു കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിനായി ഏതറ്റം വരെയും പോകാന്‍ അവ ശ്രമിക്കും. പോഷകങ്ങള്‍ നല്‍കി അമ്മനീരാളി എപ്പോഴും മുട്ടകളുടെ അരികിലുണ്ടാകും. മുട്ടകള്‍ വിരിയുമ്പോഴേക്കും അമ്മ ക്ഷീണിച്ച് അവശയാകും. കുഞ്ഞുങ്ങള്‍ പുറത്തുപോകാറാകുമ്പോള്‍ അമ്മനീരാളി മരണത്തിനു കീഴടങ്ങും.
മൂന്നാഴ്ച്ച നീണ്ട പര്യവേഷണ വേളയില്‍ കണ്ട അതിശയകരമായ ദൃശ്യങ്ങള്‍ ഗവേഷക സംഘം കാമറയില്‍ പകര്‍ത്തി. നീരാളി നഴ്‌സറികള്‍, അഗ്നിപര്‍വതങ്ങള്‍, പവിഴപ്പുറ്റുകള്‍, വൈവിധ്യമാര്‍ന്ന ജീവജാലങ്ങള്‍ തുടങ്ങി ഇതുവരെ പര്യവേക്ഷണം ചെയ്യപ്പെടാത്ത ഭൂമിശാസ്ത്രപരമായ സവിശേഷതകളുടെ മനോഹരമായ വീഡിയോ ഇന്‍സ്റ്റിറ്റ്യൂട്ട് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.
കാലിഫോര്‍ണിയയിലെ മോണ്ടെറി തീരത്ത് ആഴക്കടലിലാണ് മറ്റൊരു നീരാളി നഴ്സറിയുള്ളത്. സമുദ്രോപരിതലത്തില്‍ നിന്ന് ഏകദേശം 3,200 മീറ്റര്‍ താഴെയാണ് ഈ നഴ്‌സറി. അവിടെ ആയിരക്കണക്കിന് നീരാളികള്‍ കൂട്ടമായി ജീവിക്കുന്നു.
'ഭൂരിപക്ഷം ആളുകള്‍ക്കും സമുദ്രം എന്നതൊരു ജലാശയം മാത്രമാണ്. എന്നാല്‍ അത് നാം സങ്കല്‍പ്പിക്കുന്നതിനും അപ്പുറമാണ്. ആഴക്കടലില്‍ തങ്ങള്‍ കാണുന്നത് വിസ്മയിപ്പിക്കുന്ന മറ്റൊരു ലോകമാണെന്ന് ബയോളജി പ്രൊഫസറായ ഡോ. ജോര്‍ജ് കോര്‍ട്ടെസ് ന്യൂനെസ് പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.