തിരുവനന്തപുരം: കുഷ്ഠരോഗ നിർമാർജന രംഗത്ത് വ്യത്യസ്ഥതയുമായി സംസ്ഥാന ആരോഗ്യ വകുപ്പ് 'എല്‍സ' എന്ന പേരില്‍ നൂതന സാങ്കേതികവിദ്യയോടെ പുതിയൊരു പദ്ധതി നടപ്പിലാക്കുന്നു. എല്‍സയുടെ ലോഗോ പ്രകാശനം ആരോഗ്യ വകുപ്പ് മന്ത്രി ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ.വി.മീനാക്ഷി, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.കെ.ആര്‍ വിദ്യ എന്നിവര്‍ പങ്കെടുത്തു. കോവിഡ് പശ്ചാത്തലത്തില്‍ ഈ പദ്ധതിയ്ക്ക് പ്രത്യേക പ്രാധാന്യമാണുള്ളതെന്ന് ശൈലജ ടീച്ചര്‍ പറഞ്ഞു.
വിവര സാങ്കേതിക വിദ്യയുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് കുഷ്ഠരോഗത്തെക്കുറിച്ച് യഥാര്‍ത്ഥ വസ്തുതകള്‍ സമൂഹത്തില്‍ എത്തിക്കുന്നതിനും അതിലൂടെ പ്രാരംഭത്തിൽ തന്നെ രോഗനിര്‍ണയം നടത്തുന്നതിനും സമൂഹത്തെ പ്രേരിപ്പിക്കുകയും ചെയ്യുന്ന പദ്ധതിയാണിത്. വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുഷ്ഠരോഗത്തെക്കുറിച്ചുള്ള അവബോധം പൊതുജനങ്ങളില്‍ എത്തിക്കുന്നു. അതിലൂടെ കുഷ്ഠരോഗത്തിന് സമാനമായ ലക്ഷണങ്ങള്‍ ഉണ്ടോയെന്നും സ്വയം ബോദ്ധ്യപ്പെടുന്നവര്‍ക്ക് ആശാ പ്രവര്‍ത്തകരുടെയോ, ആരോഗ്യ പ്രവര്‍ത്തകരുടെയോ, അടുത്തുള്ള ആശുപത്രിയുടെയോ സഹായം ഈ പദ്ധതിയിലൂടെ തേടാന്‍ സാധിക്കും. ഇതിന്റെ മറ്റൊരു സവിശേഷത ഇ-സഞ്ജീവനി ടെലി കണ്‍സള്‍ട്ടേഷന്‍ പ്ലാറ്റ്‌ഫോം വഴി ത്വക്ക് രോഗ വിദഗ്ദ്ധന്റെ സേവനം ലഭ്യമാക്കുന്നതിനും രോഗനിര്‍ണയം നടത്തുന്നതിനും സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
നിരന്തര ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളിലൂടെ കുഷ്ഠ രോഗത്തെക്കുറിച്ചുള്ള യഥാര്‍ത്ഥ വസ്തുതള്‍ സമൂഹത്തില്‍ എത്തിക്കുന്നതിന് നിരവധി പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കിയിട്ടുണ്ട്. എന്നാല്‍ കുഷ്ഠരോഗത്തെക്കുറിച്ച് ഭൂരിപക്ഷം സാധാരണക്കാരുടെയും ധാരണ കുഷ്ഠരോഗി എന്നാല്‍ കൈകാലുകളില്‍ വ്രണങ്ങളോടുകൂടിയ വികൃതനായ മനുഷ്യനാണെന്നാണ്. ഈ ധാരണകൊണ്ടുതന്നെ രോഗത്തോടുള്ള അറപ്പും വെറുപ്പും വര്‍ദ്ധിപ്പിക്കുന്നു. അതിനാല്‍ തൊലിപ്പുറത്തുണ്ടാകുന്ന നിറ വ്യത്യാസങ്ങളെയും, സ്പര്‍ശനശേഷി കുറഞ്ഞ പാടുകളെയും, ഉപരിതല ഞരമ്പുകളുടെ വേദനയെയും കുഷ്ഠരോഗത്തോടു ചേര്‍ത്ത് ചിന്തിക്കുവാനോ, പരിശോധനയ്ക്ക് വിധേയമാക്കാനോ അവര്‍ തയ്യാറാകുന്നില്ല. ഇപ്രകാരമുള്ള പ്രാരംഭ ലക്ഷണങ്ങളെ അവഗണിക്കുന്നത് രോഗപകര്‍ച്ചാ സാധ്യത വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം രോഗിയെ വൈകല്യത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. കുഷ്ഠ രോഗത്തെക്കുറിച്ചുള്ള ഈ അജ്ഞത സമൂഹത്തിലെ എല്ലാ തലങ്ങളിലുമുള്ള ആളുകളിലും നിലനില്‍ക്കുന്നു എന്നതാണ് വാസ്തവം. കുഷ്ഠരോഗത്തെക്കുറിച്ച് തികച്ചും യാഥാസ്ഥിതിക മനോഭാവം വച്ചു പുലര്‍ത്തുന്ന ഒരു സമൂഹത്തില്‍ കാര്യക്ഷമമായ ഒരു ഇടപെടല്‍ നടത്തുന്നതിന് എല്‍സ എന്നാ നൂതന സാങ്കേതികവിദ്യ സഹായിക്കുന്നതാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.