തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊലപാതക കേസില്‍ ഒന്നും മൂന്നും പ്രതികളായ ഫാ.തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരെ തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഫാ. തോമസ് കോട്ടൂരിന് ആറ് ലക്ഷം രൂപയും സിസ്റ്റര്‍ സെഫിക്ക് അഞ്ച് ലക്ഷം രൂപയും പിഴയും വിധിച്ചിട്ടുണ് . ജഡ്ജി കെ. സനല്‍ കുമാറിന്റേയാണ് നിര്‍ണായക വിധി.
പ്രതികള്‍ കുറ്റക്കാരാണന്ന് ഇന്നലെ കോടതി വ്യക്തമാക്കിയിരുന്നു. കേസിലെ രണ്ടാം പ്രതിയായിരുന്ന ഫാ. ജോസ് പുതൃക്കയെ സംശയത്തിന്റെ ആനുകൂല്യം നല്‍കി കുറ്റക്കാരനല്ലെന്ന് കണ്ടത്തി വിട്ടയച്ചിരുന്നു. ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് സിബിഐ പ്രോസിക്യൂട്ടര്‍ ഇന്നലെ കോടതിയെ അറിയിച്ചു. ആത്മഹത്യ ചെയ്ത നാലാം പ്രതി കോട്ടയം വെസ്റ്റ് മുന്‍ എഎസ്‌ഐ വി.വി അഗസ്റ്റിനെയും ഒഴിവാക്കിയിരുന്നു. തെളിവുകള്‍ നശിപ്പിക്കാന്‍ കൂട്ടുനിന്നു എന്നായിരുന്നു ഇദ്ദേഹത്തിനെതിരായ ആരോപണം.
ഇന്ത്യന്‍ ശിക്ഷാനിയമം 302, 201, 449 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഫാ. തോമസ് കോട്ടൂരിന് ശിക്ഷ ലഭിച്ചത്. സിസ്റ്റര്‍ സെഫിയ്‌ക്കെതിരെ 302, 201 വകുപ്പുകളാണ് ചുമത്തിയത്. കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ക്ക് പുറമേ വധശിക്ഷ കിട്ടാവുന്ന കുറ്റകൃത്യത്തിനായി അതിക്രമിച്ച് കടക്കല്‍ എന്ന ഐപിസി 449ാം വകുപ്പും ഫാ. കോട്ടൂരിനെതിരെ ചമുത്തിയിരുന്നു. ക്യാന്‍സര്‍ രോഗം, ആരോഗ്യ പ്രശ്‌നം, പ്രായാധിക്യം എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് ശിക്ഷയില്‍ പരമാവധി ഇളവ് നല്‍കണമെന്ന് ഫാ. തോമസ് കോട്ടൂരിന്റെ അഭിഭാഷകന്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു. സ്ത്രീ എന്ന പരിഗണന നല്‍കണമെന്ന് സിസ്റ്റര്‍ സെഫിയുടെ അഭിഭാഷകനും അഭ്യര്‍ത്ഥിച്ചു. എന്നാല്‍ സമാനതകളില്ലാത്ത കേസാണിതെന്നും പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.
പൗരോഹിത്യ ശുശ്രൂഷകളില്‍നിന്നു കഴിഞ്ഞ വര്‍ഷം വിരമിച്ച ഫാ. തോമസ് കോട്ടൂര്‍ തെള്ളകം ബിടിഎം ഹോമിലാണ് താമസം. സന്യസ്ത സമൂഹത്തില്‍ അംഗമായ സിസ്റ്റര്‍ സെഫി കൈപ്പുഴ സെന്റ് ജോസഫ്‌സ് മഠത്തിലാണു താമസിക്കുന്നത്. കോട്ടയത്തെ പയസ് ടെന്‍ത് കോണ്‍വെന്റിലെ സിസ്റ്റര്‍ അഭയ മരിച്ച് 28 വര്‍ഷങ്ങള്‍ നീണ്ട നിയമ യുദ്ധങ്ങള്‍ക്കൊടുവിലാണ് പ്രതികള്‍ക്ക് ശിക്ഷ ലഭിക്കുന്നത്. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയെന്ന നിഗമനത്തിലെത്തി എഴുതിത്തള്ളിയ കേസില്‍ സിബിഐയാണ് സിസ്റ്റര്‍ അഭയയുടേത് കൊലപാതകമാണെന്ന് കണ്ടെത്തിയത്. സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും നിര്‍ണായകമായി.
കോട്ടയം ബിസിഎം കോളജില്‍ പ്രീഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി ആയിരിക്കെ സിസ്റ്റര്‍ അഭയയെ 1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്‍ത് കോണ്‍വന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സിബിഐ കേസ് ഏറ്റെടുത്തെങ്കിലും 16 വര്‍ഷത്തിനു ശേഷമാണ് ഫാ.തോമസ് കോട്ടൂര്‍, ഫാ.ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ അറസ്റ്റ് ചെയ്തത്.
2019 ഓഗസ്റ്റ് 26ന് സിബിഐ കോടതിയില്‍ ആരംഭിച്ച വിചാരണ ഡിസംബര്‍ 10നാണ് പൂര്‍ത്തിയായത്. 49 പ്രോസിക്യൂഷന്‍ സാക്ഷികളെ വിസ്തരിച്ചു. എട്ട് പേര്‍ കൂറുമാറി. പ്രതിഭാഗത്തുനിന്ന് ഒരു സാക്ഷിയെപ്പോലും വിസ്തരിച്ചില്ല. മകളുടെ കൊലപാതകത്തിന് കാരണക്കാരായ പ്രതികള്‍ ജയിലിലേക്ക് പോകുന്നത് കാണാന്‍ അഭയയുടെ മാതാപിതാക്കളായ ഐക്കരക്കുന്നേല്‍ തോമസും ലീലാമ്മയും ജീവിച്ചിരിപ്പില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.