കൊല്‍ക്കത്ത: ബംഗാളില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ അക്രമസംഭവങ്ങള്‍ നടന്ന ബൂത്തുകളില്‍ റീപോളിംഗ് പ്രഖ്യാപിച്ച് ഇലക്ഷന്‍ കമ്മീഷന്‍. 604 ബൂത്തുകളിലാണ് റീപോളിംഗ് പ്രഖ്യാപിച്ചത്. തിങ്കളാഴ്ച രാവിലെ ഏഴ് മുതല്‍ വൈകിട്ട് അഞ്ച് വരെ പുതിയ വോട്ടെടുപ്പ് നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
സംസ്ഥാനത്ത് വോട്ടെടുപ്പിനിടെ ഉണ്ടായ അക്രമത്തില്‍ 19 പേരാണ് കൊല്ലപ്പെട്ടത്. ബാലറ്റ് പെട്ടികളും ബാലറ്റ് പേപ്പറുകളും നശിപ്പിച്ച നിരവധി സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അക്രമ സംഭവങ്ങളേക്കുറിച്ച് ജില്ലാ മജിസ്‌ട്രേറ്റുമാരില്‍ നിന്ന് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.
ശനിയാഴ്ച വോട്ടെടുപ്പ് അവസാനിച്ചതിന് ശേഷവും ബംഗാളില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറി. പലയിടത്തും ബാലറ്റ് പെട്ടികള്‍ നശിപ്പിക്കുകയും നിരവധി ഗ്രാമങ്ങളില്‍ ബോംബേറുണ്ടാകുകയും ചെയ്തു. അക്രമ സംഭവങ്ങള്‍ക്ക് പിന്നാലെ ടിഎംസിയും ബിജെപിയും തമ്മില്‍ വാക്‌പോരുണ്ടായി.
നിരവധി ബൂത്തുകളില്‍ റീപോളിംഗ് വേണമെന്നും ബിജെപി ആവശ്യപ്പെട്ടു. അക്രമത്തിന്റെ പേരില്‍ എല്ലാ പാര്‍ട്ടികളും പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചു. പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും ബിജെപി ആഹ്വാനം ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.