മനുഷ്യക്കടത്തിനെതിരേയുള്ള 'സൗണ്ട് ഓഫ് ഫ്രീഡം' അമേരിക്കന്‍ തീയറ്ററുകളില്‍ ജൈത്രയാത്ര തുടരുന്നു; ഡിസ്‌നിയുടെ 'ഇന്ത്യാന ജോണ്‍സിനെ'യും പിന്നിലാക്കി

മനുഷ്യക്കടത്തിനെതിരേയുള്ള 'സൗണ്ട് ഓഫ് ഫ്രീഡം' അമേരിക്കന്‍ തീയറ്ററുകളില്‍ ജൈത്രയാത്ര തുടരുന്നു; ഡിസ്‌നിയുടെ 'ഇന്ത്യാന ജോണ്‍സിനെ'യും പിന്നിലാക്കി

ന്യൂയോര്‍ക്ക്: മനുഷ്യക്കടത്തിനെതിരേ സംസാരിക്കുകയും അവബോധം സൃഷ്ടിക്കുകയും ചെയ്യുന്ന 'സൗണ്ട് ഓഫ് ഫ്രീഡം' എന്ന അമേരിക്കന്‍ ചിത്രം തീയറ്ററുകളില്‍ ജൈത്രയാത്ര തുടരുന്നു. കത്തോലിക്കാ വിശ്വാസികളായ എഡ്വേര്‍ഡോ വെരാസ്റ്റെഗുയി, അലജാന്‍ഡ്രോ മോണ്ടെവെര്‍ഡെ എന്നീ സംവിധായകര്‍ ചേര്‍ന്ന് നിര്‍മ്മിച്ച 'സൗണ്ട് ഓഫ് ഫ്രീഡം' റിലീസ് ദിനത്തില്‍ ഡിസ്‌നിയുടെ 'ഇന്ത്യാന ജോണ്‍സ്' പരമ്പരയിലെ ഏറ്റവും പുതിയ സിനിമയായ 'ഇന്ത്യാന ജോണ്‍സ് ആന്‍ഡ് ദ ഡയല്‍ ഓഫ് ഡെസ്റ്റിനി'യെ പിന്തള്ളിയാണ് ഹിറ്റ്ചാര്‍ട്ടില്‍ ഒന്നാമതെത്തിയത്.

ലോകത്തെ ഏറ്റവും വലിയ പണംവാരിപ്പടങ്ങളിലൊന്നായ ഇന്ത്യാനാ ജോണ്‍സ് പരമ്പരയിലെ അഞ്ചാം ചിത്രം അമേരിക്കയിലെ തീയറ്ററുകളില്‍ ജൂലൈ നാലിന് 11.5 മില്യണ്‍ ഡോളര്‍ നേടിയപ്പോള്‍ 'സൗണ്ട് ഓഫ് ഫ്രീഡം' അന്നേ ദിവസം കരസ്ഥമാക്കിയത് 14.24 മില്യണ്‍ ഡോളറാണ്. അമേരിക്കയുടെ സ്വാതന്ത്ര്യ ദിനത്തിലാണ് 'സൗണ്ട് ഓഫ് ഫ്രീഡം' റിലീസ് ചെയ്തത്.

14.5 ദശലക്ഷം ഡോളര്‍ ചെലവഴിച്ചാണ് സൗണ്ട് ഓഫ് ഫ്രീഡം നിര്‍മിച്ചത്. ആദ്യ ദിനത്തില്‍ അമേരിക്കയിലെ 2,600 തിയേറ്ററുകളിലാണ് പ്രദര്‍ശിപ്പിച്ചത്. അതേസമയം, ഡിസ്‌നിയുടെ ഇന്ത്യാന ജോണ്‍സിന്റെ നിര്‍മാണച്ചെലവ് 295 മില്യണ്‍ ഡോളറാണ്. റിലീസ് ചെയ്തതാവട്ടെ ഇരട്ടിയോളം തീയറ്ററുകളില്‍. ക്രിസ്തുവിനോടുള്ള വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള സിനിമ ആറ് ദിവസകൊണ്ട് 40 മില്യണ്‍ ഡോളര്‍ നേടിക്കഴിഞ്ഞു.

പാഷന്‍ ഓഫ് ദ ക്രൈസ്റ്റ് എന്ന ചിത്രത്തില്‍ യേശുവിനെ അവതരിപ്പിച്ച ജിം കവിയേസലാണ് സൗണ്ട് ഓഫ് ഫ്രീഡത്തിലെ നായകന്‍. മനുഷ്യക്കടത്തിന് ഇരയാകുന്ന കുട്ടികളുടെ രക്ഷകന്‍ എന്ന വിശേഷണം നല്‍കി ലോകം ആദരിക്കുന്ന ടിം ബല്ലാര്‍ഡിന്റെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. ലൈംഗിക ദുരുപയോഗത്തിലൂടെ പ്രത്യാശ നഷ്ടപ്പെട്ട ആയിരക്കണക്കിന് കുട്ടികളെ പ്രത്യാശയുടെ പ്രകാശത്തിലേക്ക് കൈ പിടിച്ചുയര്‍ത്തിയ മനുഷ്യസ്‌നേഹിയാണ് ടിം ബല്ലാര്‍ഡ് എന്ന തിമോത്തി ബെല്ലാര്‍ഡ്.

മനുഷ്യക്കടത്തിനിരയാകുന്ന കുട്ടികള്‍ക്കുവേണ്ടി പോരാടാന്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹിച്ച് ജോലി ഉപേക്ഷിച്ച മുന്‍ യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി ഏജന്റാണ് ടിം ബല്ലാര്‍ഡ്. മനുഷ്യക്കടത്തിന് ഇരയായ കുട്ടികളെ രക്ഷിക്കുന്ന 'ഓപ്പറേഷന്‍ അണ്ടര്‍ഗ്രൗണ്ട് റെയില്‍റോഡ്' എന്ന സംഘടനയുടെ സ്ഥാപകന്‍കൂടിയാണ്.

കുട്ടിക്കടത്ത് എന്ന ഹീനമായ കുറ്റകൃത്യത്തെ ചെറുക്കാന്‍ അചഞ്ചലമായ നിശ്ചയദാര്‍ഢ്യത്തോടെ, ജീവന്‍ പോലും പണയപ്പെടുത്താന്‍ തയാറായ രക്ഷകന്റെ വേഷമാണ് ജിം കവിയേസല്‍ അവതരിപ്പിച്ചത്.

പ്രോ ലൈഫ് ആക്ടിവിസ്റ്റും കത്തോലിക്കാ വിശ്വാസിയുമായ മെക്സിക്കന്‍ താരം എഡ്വാര്‍ഡോ വെരസ്ത്വഗിയുടെ ഉടമസ്ഥയിലുള്ള 'സാന്റാ ഫെ ഫിലിംസാ'ണ് നിര്‍മാതാക്കള്‍.

സിനിമയിലൂടെ മനുഷ്യക്കടത്ത്, കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമം എന്നിവയ്ക്കെതിരെ സമൂഹത്തെ ജാഗരൂഗരാക്കാന്‍ സഹായിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ.

ഈ സ്വാതന്ത്ര്യ ദിനത്തില്‍ 'സൗണ്ട് ഓഫ് ഫ്രീഡം' അമേരിക്കയിലെ ഏറ്റവും വലിയ ഹിറ്റായി മാറിയതില്‍ രാജ്യത്തുടനീളമുള്ള ആരാധകര്‍ക്ക് നന്ദി പറയുന്നതായി വിതരണക്കാരായ എയ്ഞ്ചല്‍ സ്റ്റുഡിയോ സിഇഒ നീല്‍ ഹാര്‍മോണ്‍ പ്രമുഖ മാധ്യമമായ 'ദ ക്രിസ്റ്റ്യന്‍ പോസ്റ്റിനോട്' പങ്കുവെച്ചു. 'ലോകം കണ്ടിരിക്കേണ്ട ഒരു സിനിമയാണിത്' - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.