ദൈവത്തിന്റെ പ്രവൃത്തികളില്‍ കുഞ്ഞുങ്ങളെപ്പോലെ ആശ്ചര്യപ്പെടാന്‍ നമുക്കു കഴിയണം: ഫ്രാന്‍സിസ് പാപ്പാ

ദൈവത്തിന്റെ പ്രവൃത്തികളില്‍ കുഞ്ഞുങ്ങളെപ്പോലെ  ആശ്ചര്യപ്പെടാന്‍ നമുക്കു കഴിയണം: ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: ദൈവം നമ്മുടെ ജീവിതത്തില്‍ പ്രവര്‍ത്തിക്കുന്ന മഹത്തായ കാര്യങ്ങളിലും അത്ഭുതങ്ങളിലും കുഞ്ഞുങ്ങളെപ്പോലെ ആശ്ചര്യപ്പെടാന്‍ നമുക്കു കഴിയണമെന്ന് ഫ്രാന്‍സിസ് പാപ്പാ. ഞായറാഴ്ച വത്തിക്കാന്‍ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ത്രികാല പ്രാര്‍ത്ഥനയ്ക്കു മുന്നോടിയായി വിശ്വാസി സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മാര്‍പ്പാപ്പ. വിശുദ്ധ കുര്‍ബാന മധ്യേ വായിച്ച മത്തായിയുടെ സുവിശേഷം പതിനൊന്നാം അധ്യായം കേന്ദ്രീകരിച്ചായിരുന്നു പാപ്പയുടെ സന്ദേശം. വിശ്വാസികളായ നാം ശിശുക്കളെപ്പോലെ ആകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് പാപ്പ സംസാരിച്ചത്.

ദൈവത്തിന്റെ പ്രവൃത്തികളില്‍ കുട്ടികളെപ്പോലെ ആശ്ചര്യപ്പെടാന്‍ നമുക്കു കഴിയുന്നുണ്ടോ എന്ന് സ്വയം ചോദിക്കണമെന്ന് വിശ്വാസികളോട് പാപ്പ ആഹ്വാനം ചെയ്തു.

ഈ സുവിശേഷ ഭാഗത്തില്‍ യേശു ചെയ്ത ചില അത്ഭുതപ്രവൃത്തികളെക്കുറിച്ച് പറഞ്ഞത് മാര്‍പ്പാപ്പ പരാമര്‍ശിച്ചു. 'അന്ധന്മാര്‍ കാഴ്ച പ്രാപിക്കുന്നു, മുടന്തന്‍മാര്‍ നടക്കുന്നു, കുഷ്ഠരോഗികള്‍ ശുദ്ധരാക്കപ്പെടുന്നു, ബധിരര്‍ കേള്‍ക്കുന്നു, മരിച്ചവര്‍ ഉയിര്‍പ്പിക്കപ്പെടുന്നു, ദരിദ്രരോടു സുവിശേഷം പ്രസംഗിക്കപ്പെടുന്നു (മത്തായി 11:5). ദൈവം ലോകത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ അടയാളങ്ങളാണിവയെന്ന് യേശു ഓര്‍മിപ്പിക്കുന്നു.

മനുഷ്യനെ രക്ഷിക്കുകയും സുഖപ്പെടുത്തുകയും ചെയ്യുന്ന, ഉപാധികളില്ലാത്ത സ്വതന്ത്ര സ്‌നേഹത്താല്‍ അവിടുന്ന് സ്വയം വെളിപ്പെടുത്തുന്നു. ദൈവത്തിന്റെ മഹത്വം സ്‌നേഹത്താല്‍ അധിഷ്ഠിതമാണ്. അവിടുന്ന് ഒരിക്കലും സ്‌നേഹമില്ലാതെ പ്രവര്‍ത്തിക്കുന്നില്ല'.

എന്നാല്‍, സ്വയം മഹാനാണെന്ന് ധരിക്കുകയും സ്വന്തം പ്രതിച്ഛായയില്‍ ദൈവത്തെ സൃഷ്ടിക്കുകയും പ്രതികാര ബുദ്ധിയുള്ളവര്‍ക്കും ഈ ദൈവ സ്നേഹത്തിന്റെയും അത്ഭുത പ്രവൃത്തികളുടെയും മഹത്വം മനസിലാകില്ല. എല്ലാം തികഞ്ഞവനെന്ന് അഭിമാനിക്കുന്ന, സ്വന്തം താല്‍പര്യങ്ങളില്‍ മാത്രം ശ്രദ്ധിക്കുന്ന, തനിക്ക് ആരെയും ആവശ്യമില്ലെന്ന് കുരുതുന്ന ഒരുവന് മുന്നില്‍ ദൈവം വെളിപ്പെടുന്നില്ല.

ദൈവത്തിന്റെ മഹത്തായ പ്രവൃത്തികളെ എങ്ങനെ സ്വാഗതം ചെയ്യണമെന്ന് കുഞ്ഞുങ്ങള്‍ക്കറിയാം. അഹങ്കാരത്തില്‍ നിന്നും ആത്മസ്‌നേഹത്തില്‍ നിന്നും മുക്തമായ ഹൃദയങ്ങളുള്ള കുഞ്ഞുങ്ങള്‍ ദൈവത്തോട് തുറവിയുള്ളവരും അവിടുത്തെ പ്രവൃത്തി തങ്ങളുടെ ജീവിതത്തില്‍ സംഭവിക്കാന്‍ അനുവദിക്കുന്നവരുമായിരിക്കും. ദൈവത്തിന്റെ അടയാളങ്ങള്‍ വായിക്കാനും അത്ഭുതങ്ങള്‍ തിരിച്ചറിയാനും അവര്‍ക്കു കഴിവുണ്ട്.

ദൈവത്തിന്റെ പ്രവൃത്തികളോടുള്ള ശരിയായ പെരുമാറ്റം ഇതാണ്. മറ്റുള്ളവര്‍ക്ക് ചെയ്യുന്ന അനേകം നല്ല പ്രവൃത്തികളിലൂടെ നമ്മുടെ ജീവിതത്തില്‍ ആ കഴിവ് വികസിപ്പിക്കാന്‍ നമ്മെ അനുവദിക്കാം - പാപ്പ ഉപസംഹരിച്ചു.

മാര്‍പ്പാപ്പയുടെ ഞായറാഴ്ച്ച ദിന സന്ദേശങ്ങള്‍ക്കായി ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.