ആഗോള മെത്രാന്‍ സിനഡിന്റെ പ്രസിഡന്റ് ഡെലിഗേറ്റായി പെർത്ത് ആർച്ച് ബിഷപ്പ്

ആഗോള മെത്രാന്‍ സിനഡിന്റെ പ്രസിഡന്റ് ഡെലിഗേറ്റായി പെർത്ത് ആർച്ച് ബിഷപ്പ്

പെര്‍ത്ത്: ഒക്‌ടോബറില്‍ നടക്കുന്ന ആഗോള മെത്രാന്‍ സിനഡിന്റെ പ്രസിഡന്റ്-ഡെലിഗേറ്റുകളില്‍ ഒരാളായി പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ പെര്‍ത്ത് ആര്‍ച്ച് ബിഷപ്പ് തിമോത്തി കോസ്റ്റലോയെ ഫ്രാന്‍സിസ് പാപ്പ തിരഞ്ഞെടുത്തു. സിനഡിന്റെ ജനറല്‍ അസംബ്ലിയുടെ പ്രിപ്പറേറ്ററി കമ്മിറ്റിയിലേക്കാണ് ആര്‍ച്ച് ബിഷപ്പ് കോസ്റ്റലോ നിയമിതനായത്. മാര്‍പാപ്പയുടെ തിരഞ്ഞെടുപ്പ് വലിയൊരു നിയോഗവും പദവിയുമാണെന്ന് ആര്‍ച്ച് ബിഷപ്പ് തിമോത്തി കോസ്റ്റലോ പ്രതികരിച്ചു. നിലവില്‍ ഓസ്ട്രേലിയന്‍ കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സിന്റെ പ്രസിഡന്റാണ് ആര്‍ച്ച് ബിഷപ്പ് കോസ്റ്റലോ.

മാര്‍പ്പാപ്പയെ പ്രതിനിധീകരിച്ച് സിനഡ് സെഷനുകളില്‍ അധ്യക്ഷത വഹിക്കുന്ന പ്രസിഡന്റ്-പ്രതിനിധികളില്‍ ഒരാളായാണ് അദ്ദേഹത്തെ നിയമിച്ചത്. സിനഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കാനും ആവശ്യമായി വരുമ്പോള്‍ ചില അംഗങ്ങള്‍ക്ക് പ്രത്യേക ചുമതലകള്‍ നല്‍കാനും ഇവര്‍ക്ക് അധികാരമുണ്ട്.

ഈ വര്‍ഷം ഒക്ടോബറിലും അടുത്ത വര്‍ഷം ഒക്ടോബറിലുമായി രണ്ടു ഘട്ടങ്ങളിലായാണ് ആഗോള മെത്രാന്‍ സിനഡ് നടക്കുന്നത്. 'സിനഡല്‍ സഭയ്ക്കു വേണ്ടി: കൂട്ടായ്മ, പങ്കെടുക്കല്‍, ദൗത്യം' എന്നതാണ് സിനഡിന്റെ പ്രമേയ വിഷയം.

മറ്റ് പ്രസിഡന്റ് ഡെലിഗേറ്റ് പ്രതിനിധികളില്‍ കോപ്റ്റിക് കത്തോലിക്കാ സഭാ സിനഡിന്റെ തലവന്‍, മെക്‌സിക്കോ, ഇക്വഡോര്‍, അമേരിക്ക, മൊസാംബിക് എന്നിവിടങ്ങളില്‍ നിന്നുള്ള ബിഷപ്പുമാര്‍, ഒരു ഇറ്റാലിയന്‍ പുരോഹിതന്‍, ഒരു മെക്‌സിക്കന്‍ സന്യാസിനി, ജപ്പാനില്‍ നിന്നുള്ള സമര്‍പ്പിത എന്നിവരും ഉള്‍പ്പെടുന്നു.

'പരിശുദ്ധാത്മാവിന്റെ മാര്‍ഗനിര്‍ദേശത്താല്‍ ഈ നവീകരണ പ്രക്രിയയിലേക്കു സംഭാവന നല്‍കാന്‍ കഴിയുന്നത് വലിയൊരു ചുമതലയാണെന്ന് ആര്‍ച്ച് ബിഷപ്പ് കോസ്റ്റലോ പറഞ്ഞു.

മാര്‍പ്പാപ്പയ്ക്ക് ആശയങ്ങള്‍ കൈമാറാനായി, മെത്രാന്മാര്‍ ദൈവശാസ്ത്ര വിഷയങ്ങളെ സംബന്ധിച്ചും സഭയിലെ അജപാലനപരമായ കാര്യങ്ങളെ കുറിച്ചും നടത്തുന്ന ചര്‍ച്ചകളെയാണ് സിനഡ് എന്ന് വിളിക്കുന്നത്. 1965-ല്‍ പോള്‍ ആറാമന്‍ മാര്‍പ്പാപ്പയാണ് മാര്‍പ്പാപ്പയും ആഗോളതലത്തിലുള്ള മെത്രാന്‍മാരും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കാന്‍ മെത്രാന്മാരുടെ സിനഡ് ആരംഭിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26