കൊച്ചി: മതിയാവില്ലൊരുനാളിലും ഈ നല്ലൊരു നേരം...ഇനിയില്ലിതു പോലെ സുഖം അറിയുന്നൊരു കാലം... കാമ്പസുകള്‍ വീണ്ടും ഉണരുകയാണ്.... ഇനി കാറ്റാടി മരങ്ങളുടെ തണലും അര മതിലുകളുടെ നിറവും മതിലില്ലാ മനസുകളുടെ പ്രണയക്കുളിരും കാമ്പസുകളെ ജീവനുള്ളതാക്കും. വീടുകളിലെ ഓണ്‍ലൈന്‍ പഠനത്തിന്റെ വിരസതയില്‍ നിന്ന് ഇനി കാമ്പസുകളുടെ കസവണിയുന്ന കനക തീരങ്ങളിലേക്ക് യുവ മിഥുനങ്ങള്‍ക്ക് ഗതി മാറ്റം....
അമ്പത് ശതമാനം വിദ്യാര്‍ത്ഥികളെ വീതം ഉള്‍പ്പെടുത്തി ജനുവരി നാല് മുതല്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ കോളേജുകളും തുറക്കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ശനിയാഴ്ചയും പ്രവൃത്തി ദിവസമായിരിക്കും. രാവിലെ 8.30 മുതല്‍ വൈകുന്നേരം അഞ്ച് വരെ കോളേജുകള്‍ പ്രവര്‍ത്തിക്കണം.
ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്, ലോ, ഫൈന്‍ ആര്‍ട്‌സ്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍, പോളിടെക്‌നിക് എന്നിവിടങ്ങളില്‍ അഞ്ച്, ആറ് സെമസ്റ്ററുകളും ഗവേഷണ ക്‌ളാസുകളും പി.ജി എല്ലാ സെമസ്റ്ററുകളും ആരംഭിക്കും. കൂടാതെ ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി, കുസാറ്റ് എന്നിവിടങ്ങളിലെ എല്ലാ ക്‌ളാസുകളും തുടങ്ങും. മറ്റ് ക്ലാസുകളുടെ കാര്യം പിന്നാലെ അറിയിക്കും. അഞ്ച് മണിക്കൂര്‍ ക്ലാസ് ഓരോ വിദ്യാര്‍ത്ഥിക്കും കിട്ടത്തക്ക രീതിയില്‍ പ്രിന്‍സിപ്പല്‍മാര്‍ ഷെഡ്യൂള്‍ തയ്യാറാക്കണമെന്ന് ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസിന്റെ ഉത്തരവില്‍ പറയുന്നു.
പ്രിന്‍സിപ്പല്‍മാരും അദ്ധ്യാപകരും സ്റ്റാഫുകളും 28 മുതല്‍ കോളേജുകളില്‍ എത്തണം. ക്ലാസ് റൂം, ലാബ്, ഹോസ്റ്റല്‍ എന്നിവ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കണം. നിലവില്‍ നടന്നു വരുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരണം. കാമ്പസിനുള്ളില്‍ സാമൂഹിക അകലം പാലിച്ച് മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമാക്കണം. ഹോസ്റ്റല്‍ മെസുകളും തുറക്കണം. എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കൊവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പ് വരുത്തണമെന്നും ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവിലുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.