ഇരിട്ടി: ആറളവും കൊട്ടിയൂരും ഉൾപ്പെടെ കേരളത്തിലെ 23 വന്യജിവി സങ്കേതങ്ങളുടെയും ചുറ്റുമുള്ള ജനവാസ കേന്ദ്രങ്ങളെ പരിസ്ഥിതിലോല മേഖലയാക്കാനുള്ള തീരുമാനം തിരുത്തണമെന്ന് തലശേരി അതിരൂപതയുടെയും ഉത്തരമലബാർ കർഷക പ്രക്ഷോഭ സമിതിയുടെയും നേതൃത്വത്തിൽ എടൂരിൽ ചേർന്ന സർവകക്ഷി യോഗം ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി നിർദിഷ്ട പ്രദേശങ്ങളുടെ പരിധിയിൽ വരുന്ന എംഎൽഎമാരുടെയും പ്രാദേശിക ജനപ്രതിനിധികളുടെയും കർഷക സംഘടനാ പ്രതിനിധികളുടെയും യോഗം വിളിച്ച് ചർച്ച ചെയ്യണമെന്നും പ്രസ്തുത യോഗത്തിൽ ഉയരുന്ന ആവശ്യങ്ങൾ കേരള സർക്കാർ പ്രമേയം പാസാക്കി കേന്ദ്രത്തിലേക്ക് അയയ്ക്കണമെന്ന് സർവ്വകക്ഷിയോഗം നിർദ്ദേശിച്ചു.
കർഷകന്റെ വേദന മനസിലാക്കുന്ന ഒരാൾക്കും ഈ ജനവിരുദ്ധ തീരുമാനത്തോട് യോജിക്കാനാവില്ലെന്ന് യോഗം ഉദ്ഘാടനം ചെയ്ത തലശേരി ആർച്ച് ബിഷപ് മാർ ജോർജ് ഞരളക്കാട്ട് പറഞ്ഞു. ജനങ്ങളോടും പ്രാദേശിക ഭരണകൂടങ്ങളോടും കാര്യങ്ങൾ ചർച്ചചെയ്തു എന്നു തെറ്റിദ്ധരിപ്പിച്ചാണ് ബഫർസോൺ പ്രഖ്യാപനം നടത്തിയതെന്നും ആർച്ച് ബിഷപ് പറഞ്ഞു.
കർഷക ഭൂമി വനമാക്കി മാറ്റാൻ ലക്ഷ്യമിട്ടുള്ള ആസൂത്രിത പദ്ധതിയാണിതെന്നും കർഷകർക്ക് ഒരു കുഴപ്പവും ഉണ്ടാകില്ലെന്നു തെറ്റിദ്ധാരണ പരത്തിയാണ് വനം വകുപ്പും തത്പരകക്ഷികളും ചേർന്ന് പദ്ധതി നടപ്പാക്കാൻ ശ്രമിക്കുന്നതെന്നും വിഷയാവതരണം നടത്തിയ തലശേരി അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം തിരുത്തുന്നതുവരെ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
തോട്ടവിളമാത്രമല്ല തന്നാണ്ട് വിള പോലും നടത്താൻ സാധിക്കില്ല. നയരൂപീകരണ സമയത്ത് കർഷകന്റെ പക്ഷത്തുനിന്ന് സംസാരിക്കാൻ ആരുമുണ്ടായിരുന്നില്ല. ബഫർസോണിൽ രാത്രികാല യാത്രയും റോഡുകളുടെയും വീടുകളുടെയും അറ്റകുറ്റപ്പണിയും നടക്കില്ല. എറണാകുളം ഹൈക്കോടതിക്ക് സമീപം മംഗളവനവും പ്രധാനമന്ത്രിയുടെ നാട്ടിൽ പോർബന്തറിലെ ജനവാസമേഖലയും സീറോസോൺ ആയിട്ടുണ്ട്. അതുപോലെ ഇവിടെയും സീറോസോൺ ആകണം. ജനപ്രതിനിധികൾ ജനപക്ഷത്തുനിന്ന് പോരാടണം. കാർബൺ ഫണ്ട് പ്രകാരം ഒരു കടുവയെ സംരക്ഷിച്ചാൽ മൂന്നു കോടി രൂപ കിട്ടും. ഇതാണ് ഭരണാധികാരികൾക്ക് ജനവാസമേഖല വനമാക്കാനുള്ള താത്പര്യം. ശാസ്ത്ര സാഹിത്യ പരിഷത്തിനെ പോലുള്ള സംഘടനകളും പരിസ്ഥിതിവാദികളും കാർബൺ ഫണ്ടിലെ ആനൂകൂല്യം പ്രതീക്ഷിച്ച് കടുവക്കും കുരങ്ങിനുമൊപ്പം നിൽക്കാതെ മനുഷ്യർക്കൊപ്പം നിൽക്കണമെന്നും മാർ പാംപ്ലാനി ആവശ്യപ്പെട്ടു.
കോവിഡ് ബാധിച്ച് പരിയാരത്ത് ചികിത്സയിലുള്ള സണ്ണി ജോസഫ് എംഎൽഎ ഫോൺ സന്ദേശത്തിലൂടെ ബഫർസോൺ പ്രഖ്യാപനം കർഷക ദ്രോഹമാണെന്നും വനം മന്ത്രി ഉദ്യോഗസ്ഥരുടെ യോഗം മാത്രം വിളിച്ചതിൽ അഭിപ്രായവ്യത്യാസമുണ്ടെന്നും ജനപ്രതിനിധികളെ കൂടി വിളിക്കണമെന്നും ആവശ്യപ്പെട്ടു. 70 ലക്ഷം കോടി രൂപയുടെ യുഎൻ കാർബൺ ഫണ്ടിൽനിന്ന് എത്ര രൂപ കൈപ്പറ്റിയാണ് കർഷകരെ ആസൂത്രിതമായി ഒറ്റുകൊടുക്കുന്നതെന്ന് സർക്കാരുകൾ വ്യക്തമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ പങ്കെടുത്ത കർഷകർ തങ്ങളുടെ ദുരിതാവസ്ഥയും ബഫർ സോണിലുൾപ്പെട്ടാൽ സംഭവിക്കുന്ന ദയനീയാവസ്ഥകളും വിശദീകരിച്ചു. സർവകക്ഷി പ്രതിനിധികളും മത-സാമൂഹികരംഗത്തെ പ്രതിനിധികളും പരിസ്ഥിതിലോല മേഖല പ്രഖ്യാപനത്തിനെതിരെയുള്ള പ്രക്ഷോഭങ്ങൾക്ക് പൂർണപിന്തുണ പ്രഖ്യാപിച്ചു.
യോഗത്തിലുയർന്ന ആവശ്യങ്ങൾ
പരിസ്ഥിതിലോല മേഖലാ പ്രഖ്യാപനത്തിന് പിന്നിലെ ചതിക്കുഴികൾ സംബന്ധിച്ച് കർഷകർക്കിടയിൽ പ്രചാരണം നടത്തുക.
ബഫർ സോൺ സീറോ പോയന്റാക്കി വനത്തിൽ നിജപ്പെടുത്തുക. കൃഷിഭൂമിക്കു ചുറ്റും വനത്തിൽ ഒരു കിലോമീറ്റർ ഫാർമേഴ്സ് ബഫർ സോണായി പ്രഖ്യാപിച്ച് കൃഷിഭൂമി സംരക്ഷിക്കുക. അതിർത്തി കൃത്യമായി അടയാളപ്പെടുത്തുക. ആറളത്തുനിന്ന് മാത്രം 10000 ഇ-മെയിൽ സന്ദേശങ്ങൾ കേന്ദ്രം വനം പരിസ്ഥിത മന്ത്രാലയത്തിന് അയക്കും. പ്രഖ്യാപനം തിരുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്തിക്ക് ഉൾപ്പെടെ 140 എംഎൽഎമാർക്കും നിവേദനം നൽകും
എടൂർ സെന്റ് മേരീസ് ഫൊറോനാ വികാരി ഫാ. ആന്റണി മുതുകുന്നേൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ ഷിജി നടുപ്പറമ്പിൽ (ആറളം), ഷീജ സെബാസ്റ്റ്യൻ (അയ്യൻകുന്ന്), ഇന്ദിരാ ശ്രീധരൻ (കൊട്ടിയൂർ ), ആറളം പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റെയ്ഹാനത്ത് സുബി, വികാരി ജനറാൾ മോൺ. ജോസഫ് ഒറ്റപ്ലാക്കൽ, ഫൊറോനാതല സമിതി ചെയർമാൻ ഫാ. ജേക്കബ് കുറ്റിക്കാട്ടുക്കുന്നേൽ, ക്ഷേത്ര സംരംക്ഷണ സമിതി മേഖലാ പ്രസിഡന്റ് കെ.എൻ.സോമൻ, തലശേരി അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോർജ് തയ്യിൽ, കുടുംബക്കൂട്ടായ്മ പ്രസിഡന്റ് ഡോ. എം.ജെ.മാത്യു മണ്ഡപത്തിൽ, ഫൊറോനാ കൺവീനർ മാത്തുക്കുട്ടി പന്തപ്ലാക്കൽ, രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ചെയർമാൻ ബിനോയി തോമസ്, കെ.ടി.ജോസ്, വി.ടി.തോമസ്, വി.കെ.ജോസഫ്, വിപിൻ തോമസ്, കെ.വി.വർഗീസ്, ജെയ്സൺ ജീരകശേരി, തങ്കച്ചൻ കൂറ്റാരപ്പള്ളി എന്നിവർ പ്രസംഗിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.