എഐ തട്ടിപ്പ്: മുഴുവന്‍ തുകയും വീണ്ടെടുത്തതായി പൊലീസ്; 40,000 രൂപയുടെ കൈമാറ്റം തടഞ്ഞു

 എഐ തട്ടിപ്പ്: മുഴുവന്‍ തുകയും വീണ്ടെടുത്തതായി പൊലീസ്; 40,000 രൂപയുടെ കൈമാറ്റം തടഞ്ഞു

തിരുവനന്തപുരം: കോഴിക്കോട്ട് നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് വ്യാജ വീഡിയോ കോളിലൂടെ തട്ടിയെടുത്ത മുഴുവന്‍ തുകയും വീണ്ടെടുത്ത് പൊലീസ്. അടുത്ത ബന്ധുവിന്റെ ആശുപത്രി ആവശ്യത്തിനെന്ന പേരില്‍ നിര്‍മ്മിത ബുദ്ധി ദുരുപയോഗം ചെയ്ത് സുഹൃത്ത് ആണ് വീഡിയോ കോള്‍ ചെയ്യുന്നത് എന്ന് വരുത്തി തീര്‍ത്ത് 40000 രൂപ തട്ടിയെടുത്ത കേസിലാണ് പൊലീസിന്റെ നിര്‍ണായക ഇടപെടല്‍.

നഷ്ടമായ 40000 രൂപയുടെയും കൈമാറ്റം തടഞ്ഞതായി പൊലീസ് അറിയിച്ചു. മഹാരാഷ്ട്രയിലെ രത്നാകര്‍ ബാങ്കിലെ അക്കൗണ്ടിലേക്കാണ് പണം കൈമാറിയത്. ഈ കൈമാറ്റം തടഞ്ഞതായും അക്കൗണ്ട് ബ്ലോക്ക് ചെയ്തതായും രത്നാകര്‍ ബാങ്ക് അറിയിച്ചതായി സൈബര്‍ പൊലീസാണ് വ്യക്തമാക്കി.

പണം തിരികെ ലഭിക്കാന്‍ നടപടി തുടങ്ങിയതായി സൈബര്‍ ഓപ്പറേഷന്‍സ് എസ്.പി ഹരിശങ്കര്‍ അറിയിച്ചു. കോഴിക്കോട് സ്വദേശിയുടെ 40,000 രൂപ പോയതിന് പിന്നാലെ പൊലീസ് ബാങ്കുകള്‍ക്ക് വിവരം കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ജില്ലയില്‍ ആദ്യമായാണ് നിര്‍മ്മിത ബുദ്ധി ദുരുപയോഗം ചെയ്ത് വ്യാജ വീഡിയോ കോള്‍ ചെയ്ത് പണം തട്ടിയതായി റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് കേരള പൊലീസ് പറഞ്ഞു. നിരവധിപ്പേരാണ് തട്ടിപ്പിന് ഇരയായത്. അതിനാല്‍ ഇത്തരം കോളുകള്‍ വരുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും തട്ടിപ്പ് വിവരം പുറത്തുവിട്ട് കേരള പൊലീസ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.

ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് വ്യാജ കോളുകള്‍ ലഭിച്ചാലുടന്‍ വിവരം കേരള സൈബര്‍ ഹെല്‍പ് ലൈന്‍ നമ്പറായ 1930 ല്‍ അറിയിക്കണമെന്നും കേരള പൊലീസ് അറിയിച്ചു. ഈ സേവനം 24 മണിക്കൂറും ലഭ്യമായിരിക്കും.

സുഹൃത്ത് വീഡിയോ കോളില്‍ വന്ന് തന്റെ അടുത്ത ബന്ധുവിന്റെ ആശുപത്രി ആവശ്യത്തിനായി 40,000 രൂപ ആവശ്യപ്പെടുന്ന തരത്തിലായിരുന്നു തട്ടിപ്പിന്റെ തുടക്കം. വീഡിയോ കോള്‍ ആയതിനാലും അറിയുന്ന ആള്‍ ആയതിനാലും യാതൊരുവിധ സംശയവും തോന്നിയില്ല. അതിനാല്‍ കോഴിക്കോട് സ്വദേശി പണം കൈമാറി.

പണം കൈമാറിയ ഉടനെ വീണ്ടും 30,000 രൂപ ആവശ്യപ്പെട്ടു. ഇതില്‍ സംശയം തോന്നി സുഹൃത്തുക്കളുടെ ഗ്രൂപ്പില്‍ സംസാരിച്ചപ്പോഴാണ് മറ്റു ചിലരും തട്ടിപ്പിന് ഇരയായതായി മനസിലായത്. തുടര്‍ന്ന് ഉടന്‍ തന്നെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. എഐ സംവിധാനം ദുരുപയോഗം ചെയ്ത് തട്ടിപ്പ് നടത്തുന്നത് വ്യാപകമാകുകയാണെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.