ഒരുമിച്ചുള്ള പോരാട്ടം: പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്നും നാളെയും ബംഗളൂരുവില്‍

ഒരുമിച്ചുള്ള പോരാട്ടം:  പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്നും നാളെയും ബംഗളൂരുവില്‍

ബംഗളൂരു: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ഒരുമിച്ചുള്ള പോരാട്ടത്തിന് തന്ത്രങ്ങള്‍ മെനയാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്നും നാളെയുമായി ബംഗളൂരുവില്‍ നടക്കും.

ഇരുപത്തിനാല് പ്രതിപക്ഷ പാര്‍ട്ടികളുടെ ഉന്നത നേതാക്കള്‍ പങ്കെടുക്കും. ഡല്‍ഹി സര്‍ക്കാരിനെതിരായ കേന്ദ്ര ഓര്‍ഡിനന്‍സിന് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചതോടെ ആം ആദ്മി പാര്‍ട്ടിയും യോഗത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ തകര്‍പ്പന്‍ വിജയത്തിന്റെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് ഈ മഹാ സമ്മേനത്തിന് ആതിഥേയത്വം വഹിക്കുന്നത്. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയും പങ്കെടുക്കുന്നുണ്ട്.

മുസ്ലിം ലീഗ്, കേരളാ കോണ്‍ഗ്രസ് (എം), കേരളാ കോണ്‍ഗ്രസ് (ജെ), ആര്‍.എസ്.പി, ഫോര്‍വേഡ് ബ്ലോക്ക് എന്നീ പാര്‍ട്ടികളെയും ഇത്തവണ യോഗത്തിന് വിളിച്ചിട്ടുണ്ട്.

ജൂണ്‍ 23 ന് പട്നയില്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആതിഥേയത്വം വഹിച്ച പ്രതിപക്ഷ ഐക്യത്തിനായുള്ള യോഗത്തില്‍ 15 പാര്‍ട്ടികളുടെ കേന്ദ്ര നേതാക്കള്‍ പങ്കെടുത്തിരുന്നു.

മഹാരാഷ്ട്രയിലെ എന്‍സിപിയുടെ പിളര്‍പ്പിനും പശ്ചിമ ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷം തൃണമൂലുമായുണ്ടായ കോണ്‍ഗ്രസ്, സിപിഎം തര്‍ക്കങ്ങള്‍ക്കും ശേഷം ഈ പാര്‍ട്ടി നേതാക്കള്‍ ഒരു പ്ലാറ്റ്‌ഫോമില്‍ ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ബംഗളൂരു സമ്മേളനത്തിനുണ്ട്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍, സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.