ദക്ഷിണ കൊറിയയിൽ പേമാരിയും വെള്ളപ്പൊക്കവും; തുരങ്ക പാത വെള്ളത്തിൽ മുങ്ങി നിരവധി മരണം

ദക്ഷിണ കൊറിയയിൽ പേമാരിയും വെള്ളപ്പൊക്കവും; തുരങ്ക പാത വെള്ളത്തിൽ മുങ്ങി നിരവധി മരണം

സോൾ : ദക്ഷിണ കൊറിയയിൽ ദിവസങ്ങളായി തുടരുന്ന കനത്ത മഴയിലും മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 30ലധികം ആളുകൾക്ക് ജീവൻ നഷ്ടമായി. ദക്ഷിണ കൊറിയയിലെ ഒസോംഗ് പട്ടണത്തിൽ പ്രളയജലത്തിൽ മുങ്ങിയ ടണലിൽ കുടുങ്ങിയ വാഹനയാത്രികരായ 13 പേരുടെ മൃത ദേഹം കണ്ടെടുത്തു.

ശനിയാഴ്ചയാണ് ഒരു ബസ് അടക്കം 15 വാഹനങ്ങൾ ടണലിലെ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയത്. 685 മീറ്റർ നീളമുള്ള ടണലിൽ എത്രപേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് വ്യക്തമല്ല. 15ഓളം വാഹനങ്ങൾ പ്രളയജലത്തിൽ മുങ്ങിക്കിടക്കുന്നതായാണ് വിവരം. അധികാരികൾ ഫലപ്രദമായ നടപടികൾ സ്വീകരിച്ചിരുന്നെങ്കിൽ മരണം തടയാമായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. തുരങ്കം വളിയുള്ള ഗതാഗതം വഴിതിരിച്ചു വിടേണ്ടതായിരുന്നെന്ന് നാട്ടുകാർ‌ മാധ്യമങ്ങളോട് വെളിപ്പെടുത്തി.

മറ്റ് മരണങ്ങളിൽ ഭൂരിഭാഗവും പർവതപ്രദേശമായ നോർത്ത് ജിയോങ്‌സാങ് മേഖലയിലാണ്. മണ്ണിടിച്ചിലിൽ വീടുകൾ ഒഴുകിപ്പോയി. വടക്കൻ ചുങ്‌ചിയോങ്ങിലെ ഗോസൻ അണക്കെട്ട് കവിഞ്ഞൊഴുകാൻ തുടങ്ങിയതിനെത്തുടർന്ന് 6,400 ഓളം താമസക്കാരെ ഒഴിപ്പിച്ചതായി ഏജൻസി അറിയിച്ചു. ശനിയാഴ്ചയും 20 വിമാനങ്ങൾ റദ്ദാക്കുകയും രാജ്യത്തെ സാധാരണ ട്രെയിൻ സർവീസും ചില ബുള്ളറ്റ് ട്രെയിനുകളും താൽക്കാലികമായി നിർത്തിവച്ചതായും മന്ത്രാലയം അറിയിച്ചു. 200 ഓളം റോഡുകൾ അടച്ചിട്ടിരിക്കുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ജൂലൈ ഒമ്പത് മുതൽ ഗോങ്‌ജു നഗരത്തിലും ചിയോങ്‌യാങ് കൗണ്ടിയിലും യഥാക്രമം 600 മില്ലീമീറ്ററിൽ കൂടുതൽ (24 ഇഞ്ച്) മഴ ലഭിച്ചത് മധ്യപ്രദേശങ്ങളിലാണ്.

കഴിഞ്ഞ ഏതാനും ദിവസമായി പെയ്യുന്ന ശക്തമായ മഴ രാജ്യത്ത് ഇതുവരെ 37 പേരുടെ ജീവൻ കവർന്നു. തിങ്കളാഴ്ച രാവിലെ വരെ വെള്ളപ്പൊക്കത്തിന് ശേഷം കുറഞ്ഞത് ഒമ്പത് പേരെയെങ്കിലും കാണാതായിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.








വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.