കാന്‍ബറ: പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ കടല്‍തീരത്തടിഞ്ഞ അജ്ഞാത ലോഹനിര്‍മിത വസ്തുവിനെ ചൊല്ലി ഊഹാപോഹം. അപ്രതീക്ഷിതമായി കരയിലെത്തിയ വിചിത്ര വസ്തുവിനെ കണ്ട് പരിഭ്രാന്തരായിരിക്കുകയാണ് പ്രദേശവാസികള്‍.
ഇന്ത്യയുടെ ചാന്ദ്രയാന്‍ വിക്ഷേപണ റോക്കറ്റില്‍ നിന്നുള്ള ഭാഗങ്ങളാണ് ഇതെന്ന മട്ടിലാണ് പ്രചാരണം കൊഴുക്കുന്നത്. ചാന്ദ്രയാന്‍ വിക്ഷേപണസമയത്ത് റോക്കറ്റ് കടന്നുപോകുന്നത് ഓസ്‌ട്രേലിയയില്‍ ദൃശ്യമായത് പ്രചാരണങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. അതേസമയം, ഓസ്‌ട്രേലിയന്‍ ബഹിരാകാശ ഏജന്‍സിയോ, ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ഓസ്ട്രേലിയയില്‍ പെര്‍ത്തില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെയുള്ള ഗ്രീന്‍ ഹെഡ് ബീച്ചിലാണ് താഴികക്കുടത്തിന്റെ ആകൃതിയിലുള്ള വസ്തു കണ്ടെത്തിയത്. വശത്തേക്ക് ചരിഞ്ഞ നിലയില്‍ കണ്ടെത്തിയ സിലിണ്ടറിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഈ വസ്തുവിന് 2.5 മീറ്റര്‍ വീതിയും 2.5 മീറ്ററിനും 3 മീറ്ററിനും ഇടയില്‍ നീളവുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഭാരം കുറഞ്ഞ റെസിന്‍ പോലെയുള്ള ലൈറ്റ് കാര്‍ബണ്‍ ഫൈബര്‍ വസ്തുക്കളാല്‍ നിര്‍മിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് ഓസ്‌ട്രേലിയന്‍ മാധ്യമമായ എ.ബി.സി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ഇതേ കുറിച്ച് അന്വേഷിച്ചുവരികയാണെന്നും ഒരു വിദേശ രാജ്യത്തിന്റെ ബഹിരാകാശ വാഹനത്തില്‍ നിന്ന് വേര്‍പെട്ട ഭാഗമാകാം ഇതെന്നും ഓസ്‌ട്രേലിയന്‍ ബഹിരാകാശ ഏജന്‍സി ട്വീറ്റ് ചെയ്തു. ഇത് സ്ഥിരീകരിക്കുന്നതിനായി വിവിധ രാജ്യങ്ങളുടെ ബഹിരാകാശ ഏജന്‍സികളുമായി ബന്ധപ്പെട്ടുവരികയാണന്നും ട്വീറ്റില്‍ പറയുന്നു.
2014-ല്‍ 227 യാത്രക്കാരുമായി അപ്രത്യക്ഷമായ, മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എം.എച്ച്370 വിമാനത്തിന്റെ ഭാഗമായിരിക്കുമെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. എന്നാല്‍, വ്യോമയാന വിദഗ്ധന്‍ ജെഫ്രി തോമസ് അത് തള്ളിക്കളഞ്ഞു, ബീച്ചില്‍ കണ്ട വസ്തു കഴിഞ്ഞ വര്‍ഷം വിക്ഷേപിച്ച റോക്കറ്റിന്റെ ഭാഗമാകാന്‍ സാധ്യതയുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. എം.എച്ച്370 അല്ലെങ്കില്‍ ബോയിംഗ് 777 വിമാനവുമായി ബന്ധപ്പെട്ട് പ്രചാരണങ്ങള്‍ തെറ്റാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'കഴിഞ്ഞ 12 മാസത്തിനുള്ളില്‍ വിക്ഷേപിച്ച റോക്കറ്റിന്റെ ഇന്ധന ടാങ്കാണ് അതെന്ന് തോന്നുന്നു, ഇന്ത്യന്‍ മഹാസമുദ്രത്തിലെവിടെയോ പതിച്ച് ഗ്രീന്‍ ഹെഡില്‍ എത്തിപ്പെട്ടതാകാം. ഇത് എം.എച്ച്370, അല്ലെങ്കില്‍ ബോയിംഗ് 777-ന്റെ ഭാഗമാകാന്‍ സാധ്യതയില്ല. ഒമ്പതര വര്‍ഷം മുമ്പാണ് എം.എച്ച്370 കാണാതാവുന്നത്, അതുകൊണ്ട് തന്നെ ആ വിമാനത്തിന്റെ അവശിഷ്ടങ്ങളില്‍ കൂടുതല്‍ തേയ്മാനം കാണേണ്ടതാണ്' - ജെഫ്രി തോമസിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
അപകടം ചൂണ്ടിക്കാട്ടി വസ്തുവിന്റെ സമീപത്ത് നിന്നും മാറി നില്‍ക്കാന്‍ പൊതുജനങ്ങളോട് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വസ്തുവിന്റെ ഉത്ഭവവും സ്വഭാവവും നിര്‍ണയിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുമായി ചേര്‍ന്ന് പരിശോധനകള്‍ നടത്തിവരികയാണെന്നും ഓസ്ട്രേലിയന്‍ പോലീസ് ബിബിസിയോട് പറഞ്ഞു.
എന്തായാലും കടല്‍തീരത്ത് അടിഞ്ഞ വലിയ വസ്തുവിനെ ചുറ്റിപ്പറ്റി വെസ്റ്റേണ്‍ ഓസ്‌ട്രേലിയ പോലീസ്, ഓസ്‌ട്രേലിയന്‍ ഡിഫന്‍സ് ഫോഴ്സ്, മാരിടൈം പാര്‍ട്‌ണേര്‍സ് എന്നിവര്‍ സംയുക്തമായി അന്വേഷിക്കുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.