വിലാപയാത്ര കൊട്ടാരക്കരയില്‍; കോട്ടയത്ത് എത്തുമ്പോള്‍ അര്‍ധരാത്രി കഴിയും

വിലാപയാത്ര കൊട്ടാരക്കരയില്‍;  കോട്ടയത്ത് എത്തുമ്പോള്‍ അര്‍ധരാത്രി കഴിയും

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൃതദേഹവുമായുള്ള വിലാപയാത്ര കൊട്ടാരക്കരയിലെത്തി. പ്രിയ നേതാവിനെ ഒരു നോക്ക് കാണാനായി ആയിരങ്ങളാണ് വഴിയരികില്‍ കാത്തുനില്‍ക്കുന്നത്.

തിരുവനന്തപുരത്ത് നിന്ന് തുടങ്ങിയ വിലാപയാത്ര ജില്ല പിന്നിടാന്‍ മാത്രം ഏഴര മണിക്കൂറാണ് എടുത്തത്. കോട്ടയം തിരുനക്കര മൈതാനിയില്‍ വിലാപയാത്ര എത്തുമ്പോള്‍ അര്‍ധരാത്രി കഴിയും.

പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയിലെ പ്രത്യേക കബറിടത്തില്‍ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ 3.30 നാണ് സംസ്‌കാരം നിശ്ചയിച്ചിട്ടുള്ളത്. സമയക്രമം തെറ്റിയാല്‍ സംസ്‌കാരം രാത്രിയാകാനും സാധ്യതയുണ്ട്.

ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ സംസ്‌കാര ചങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും. ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പുതുപ്പള്ളിയിലേക്ക് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയം എത്തും.

പ്രതീക്ഷിക്കാത്തത്ര ജനക്കൂട്ടം തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ അവസാനമായി കാണാന്‍ കൂട്ടമായി എത്തിയതോടെ വളരെ പതുക്കെയാണ് മൃതദേഹവും വഹിച്ചുള്ള വിലാപ യാത്രയ്ക്ക് കടന്നുപോകാന്‍ കഴിയുന്നത്.

മകന്‍ ചാണ്ടി ഉമ്മനടക്കമുള്ള കുടുംബവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും പ്രത്യേകം തയ്യാറാക്കിയ വാഹനത്തില്‍ മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. അണമുറിയാത്ത ജനപ്രവാഹമാണ് വാഹനം കടന്നു പോകുന്ന വഴികളിലേക്ക് ഒഴുകുന്നത്.

ഇന്ന് വൈകുന്നേരം കോട്ടയം ഡിസിസി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഡിസിസി ഓഫീസില്‍ നിന്ന് തിരുനക്കര മൈതാനത്ത് മൃതദേഹം എത്തിക്കാനും ഇവിടെ വിപുലമായ പൊതുദര്‍ശനത്തിനു വെക്കാനും തീരുമാനിച്ചിരുന്നു.

തുടര്‍ന്ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലില്‍ വീട്ടിലും പുതുതായ പണികഴിപ്പിക്കുന്ന വീട്ടുവളപ്പിലും പൊതുദര്‍ശനമുണ്ടാകുമെന്നും നിശ്ചയിച്ചിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഈ സമയക്രമം പാലിക്കാന്‍ സാധിക്കില്ലെന്നുറപ്പായി. ഡിസിസി ഓഫീസിലെ പൊതുദര്‍ശനം ഒഴിവാക്കിയേക്കുമെന്നും അറിയുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.