മഹാരാഷ്ട്രയില്‍ വന്‍ മണ്ണിടിച്ചില്‍: നാല് മരണം, 50 ലേറെ വീടുകള്‍ മണ്ണിനടിയില്‍; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മഹാരാഷ്ട്രയില്‍ വന്‍ മണ്ണിടിച്ചില്‍: നാല് മരണം, 50 ലേറെ വീടുകള്‍ മണ്ണിനടിയില്‍; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡ് ഇര്‍ഷാല്‍ ഗഡിലുണ്ടായ മണ്ണിടിച്ചിലില്‍ നാല് പേര്‍ മരിച്ചു. അന്‍പതോളം വീടുകള്‍ മണ്ണിനടിയിലായെന്നാണ് സംശയം. ഇരുപത്തിനാലോളം പേരെ സംഭവസ്ഥലത്ത് നിന്നും രക്ഷപെടുത്തി.

ആദിവാസി ഗ്രാമത്തിലെ നിരവധി വീടുകള്‍ സ്ഥിതി ചെയ്യുന്ന ഖലാപൂരിന് സമീപമാണ് സംഭവം. ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പൊലീസും ദ്രുതകര്‍മസേനയും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

ബുധനാഴ്ച രാത്രി പത്തരയോടെയാണ് വലിയ മണ്ണിടിച്ചിലുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു. മന്ത്രിമാരടക്കമുള്ളവര്‍ ദുരന്തസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. കൊങ്കണ്‍ പ്രദേശത്ത് തുടരുന്ന കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നുണ്ട്.

രണ്ട് ദിവസമായി മഹാരാഷ്ട്രയിലെ പല ജില്ലകളിലും കനത്ത മഴയാണ് അനുഭവപ്പെട്ടത്. റായ്ഗഡ് ജില്ലയിലെ ആറ് പ്രധാന നദികളില്‍ സാവിത്രിയും പതല്‍ഗനാഗയും അപകടരേഖയ്ക്ക് മുകളിലാണ് ഒഴുകുന്നത്, കുണ്ഡലിക, അംബ നദികള്‍ അപകടരേഖ തൊട്ടു. ഗാധിയിലെയും ഉല്ലാസിലെയും ജലനിരപ്പ് അപായ സൂചനാ മാര്‍ക്കിനടുത്താണ് ഒഴുകുന്നത്.

മുംബൈ, റായ്ഗഡ്, പാല്‍ഘര്‍ ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മഹാരാഷ്ട്രയിലുടനീളം 12 ടീമുകളെ എന്‍ഡിആര്‍എഫ് വിന്യസിച്ചിട്ടുണ്ട്. മുംബൈയില്‍ അഞ്ച് ടീമുകളെയും പാല്‍ഘര്‍, റായ്ഗഡ്, രത്നഗിരി, കോലാപൂര്‍, സാംഗ്ലി, നാഗ്പൂര്‍, താനെ എന്നിവിടങ്ങളില്‍ ഓരോ ടീമിനെയും വിന്യസിച്ചിട്ടുണ്ട്.

തുടര്‍ച്ചയായ മഴയില്‍ റയില്‍പാതകളില്‍ വെള്ളം കയറിയതോടെ കൊങ്കണ്‍ വഴിയുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. മേഖലയില്‍ പലയിടങ്ങളിലും വെള്ളപ്പൊക്കമാണ്. ദീര്‍ഘദൂര ട്രെയിനുകളടക്കം റദ്ദ് ചെയ്തു.

വിവിധ സ്റ്റേഷനുകളിലായി ആറായിരം യാത്രക്കാര്‍ കുടുങ്ങിക്കിടക്കുകയാണെന്ന് റയില്‍വേ അറിയിച്ചു. ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളിലെ സുരക്ഷിത സ്ഥലങ്ങളിലാണെന്നും അവയിലെ യാത്രക്കാര്‍ സുരക്ഷിതരാണെന്നും ഭക്ഷണവും വെള്ളവും നല്‍കുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.