മണിപ്പൂര്‍ കലാപം: പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം ഇന്ന്; സഭയില്‍ ഹാജരാകാന്‍ കോണ്‍ഗ്രസ് എംപിമാര്‍ക്ക് വിപ്പ്

മണിപ്പൂര്‍ കലാപം: പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം ഇന്ന്; സഭയില്‍ ഹാജരാകാന്‍ കോണ്‍ഗ്രസ് എംപിമാര്‍ക്ക് വിപ്പ്

ന്യൂഡല്‍ഹി: മണിപ്പൂരിലെ വംശീയ കലാപത്തെക്കുറിച്ച് പ്രധാനമന്ത്രി മറുപടി പറയണം എന്നാവശ്യപ്പെട്ട് ലോക്സഭയില്‍ ഇന്ന് പ്രതിപക്ഷം സഖ്യമായ 'ഇന്ത്യ' (ഇന്ത്യന്‍ നാഷണല്‍ ഡെവലപ്‌മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്) അവിശ്വാസ പ്രമേയം കൊണ്ടുവരും.

സഭയില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംപിമാര്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്. രാവിലെ 10 ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അധ്യക്ഷതയില്‍ പ്രതിപക്ഷ നേതൃയോഗം ചേരും.

 പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ കരട് പരിഗണിച്ച ശേഷമായിരിക്കും നോട്ടീസ് തയ്യാറാക്കുക. ചട്ടം 198 പ്രകാരമാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്. നോട്ടീസിന് 50 അംഗങ്ങളുടെ എങ്കിലും പിന്തുണയുണ്ടെങ്കില്‍ മാത്രമേ അവിശ്വാസത്തിന് അവതരണാനുമതി ലഭിക്കൂ.

അവിശ്വാസ പ്രമേയം പരാജയപ്പെടുമെന്ന് ഉറപ്പാണെങ്കിലും മണിപ്പൂര്‍ വിഷയത്തില്‍ മോഡി സര്‍ക്കാരിനെ കൂടുതല്‍ സമ്മര്‍ദത്തിലാക്കുക എന്നതാണ് പ്രതിപക്ഷ നീക്കങ്ങളുടെ ലക്ഷ്യം.

രാജ്യസഭയില്‍ ചട്ടം 267 പ്രകാരം വിശദമായ ചര്‍ച്ച നടത്തണമെന്ന് ആവശ്യപ്പെട്ട് 50 പ്രതിപക്ഷ എംപിമാര്‍ നോട്ടീസ് നല്‍കി. രാജ്യസഭ അധ്യക്ഷന്‍ ജഗ്ദീപ് ധന്‍കര്‍ ഇത് അംഗീകരിച്ചു. ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ടതായതിനാല്‍ അമിത് ഷാ മറുപടി പറഞ്ഞാല്‍ മതിയെന്ന നിലപാടിലാണ് സര്‍ക്കാര്‍.

അതേസമയം വിഷയത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയില്‍ ആവര്‍ത്തിച്ചു. ഇക്കാര്യമറിയിച്ച് അദേഹം ഇരുസഭകളിലെയും കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന ഖാര്‍ഗേ, അധീര്‍ രഞ്ജന്‍ ചൗധിരി എന്നിവര്‍ക്ക് ഇന്നലെ കത്ത് നല്‍കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.