കൊട്ടാരക്കര: ഉമ്മന്നൂർ പഞ്ചായത്തിൽ ഇടത് മുന്നണിയെ അട്ടിമറിച്ച് ബിജെപി അംഗങ്ങളുടെ പിന്തുണയോടെ കോൺഗ്രസ് അധികാരത്തിൽ. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥികൾ വിജയിച്ചു.
മൂന്ന് ബിജെപി അംഗങ്ങളാണ് കോൺഗ്രസ് സ്ഥാനാർഥികൾക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇടത് വോട്ടുകളിലൊരെണ്ണം അസാധുവായി.
വിപ്പ് ലംഘിച്ച് കോൺഗ്രസിന് വോട്ട് ചെയ്ത മൂന്ന് അംഗങ്ങളെയും പാർട്ടി ചുമതലയിൽനിന്നും പ്രാഥമികാംഗത്വത്തിൽനിന്നും പുറത്താക്കാൻ ശുപാർശ ചെയ്തതായി ബിജെപി നേതൃത്വം അറിയിച്ചു.
അതേസമയം ബിജെപി പിന്തുണയോടെ ലഭിച്ച സ്ഥാനങ്ങൾ രാജിവെക്കാൻ ഡിസിസി നൽകിയ നിർദേശം അംഗങ്ങൾ നിരസിച്ചു. 18 വർഷത്തിനുശേഷമാണ് പഞ്ചായത്തിൽ കോൺഗ്രസ് അധികാരത്തിലെത്തുന്നതെന്നും സ്ഥാനങ്ങൾ രാജിവെക്കില്ലെന്നും പ്രസിഡന്റ് സ്ഥാനത്തേക്ക് ജയിച്ച ഷീബ ചെല്ലപ്പനും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജയിച്ച എസ്.സുജാതനും പറഞ്ഞു.
കോൺഗ്രസ് അംഗങ്ങളെ പിന്തുണച്ച തീരുമാനം വ്യക്തിപരമാണെന്നും പാർട്ടി അച്ചടക്കനടപടികൾ എന്തായാലും സ്വീകരിക്കുമെന്നും ബിജെപി അംഗങ്ങളും വ്യക്തമാക്കി.
20 അംഗ പഞ്ചായത്തിൽ എൽഡിഎഫ് - ഒമ്പത്, യുഡിഎഫ്- എട്ട്, ബിജെപി - മൂന്ന് എന്നിങ്ങനെയാണ് കക്ഷിനില. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി ബിന്ദു പ്രകാശിന് എട്ടും കോൺഗ്രസ് സ്ഥാനാർഥി ഷീബ ചെല്ലപ്പന് 11 ഉം വോട്ടുകൾ ലഭിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.