ഏറ്റുമുട്ടല്‍ ശക്തമാക്കി ഭരണ, പ്രതിപക്ഷങ്ങള്‍; 'ഇന്ത്യ'യുടെ നിര്‍ണായക യോഗം അടുത്ത മാസം മുംബൈയില്‍

ഏറ്റുമുട്ടല്‍ ശക്തമാക്കി ഭരണ, പ്രതിപക്ഷങ്ങള്‍; 'ഇന്ത്യ'യുടെ നിര്‍ണായക യോഗം അടുത്ത മാസം മുംബൈയില്‍

മുംബൈ: വിശാല പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'യുടെ അടുത്ത യോഗം ഓഗസ്റ്റ് 25, 26 തിയതികളില്‍ മുംബൈയില്‍ ചേരും. ശിവസേന ഉദ്ധവ് താക്കറെ വിഭാഗവും എന്‍.സി.പി ശരത് പവാര്‍ വിഭാഗവും ആതിഥേയത്വം വഹിക്കും.

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ശേഷമാണ് യോഗം. മുംബൈയില്‍ സംയുക്ത റാലി നടത്താന്‍ പദ്ധതിയുണ്ടെങ്കിലും യോഗം ചേരുന്ന സമയത്തെ കാലാവസ്ഥ പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം.

യോഗത്തിന്റെ കോഡിനേഷന്‍ കമ്മിറ്റിയെ തീരുമാനിക്കാനുള്ള ചര്‍ച്ചകള്‍ നടന്നു വരികയാണ്. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഡി.എം.കെ, എ.എ.പി, ജെഡി(യു), ആര്‍.ജെ.ഡി, ശിവസേന, എന്‍.സി.പി, ജെ.എം.എം, സമാജ്വാദി പാര്‍ട്ടി, സി.പി.എം എന്നിങ്ങനെ 11 പാര്‍ട്ടികളുടെ പ്രതിനിധികള്‍ കമ്മിറ്റിയില്‍ ഉണ്ടാകും.

പ്രതിപക്ഷ സഖ്യത്തിന്റെ മൂന്നാമത്തെ യോഗമാണിത്. ആദ്യയോഗം ജൂണ്‍ 23 ന് പട്നയിലും തുടര്‍ന്ന് ജൂലൈ 17, 18 തിയതികളില്‍ ബംഗളൂരുവിലും യോഗം നടന്നു. ബംഗളൂരു യോഗത്തിലാണ് സഖ്യത്തിന് ഇന്ത്യ (ഇന്ത്യന്‍ നാഷണല്‍ ഡെവലപ്മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്) എന്ന് പേരിട്ടത്.

പട്നയില്‍ ചേര്‍ന്ന പ്രഥമ യോഗത്തില്‍ 15 പാര്‍ട്ടികളാണ് പങ്കെടുത്തത്. എന്നാല്‍ ബംഗളൂരുവില്‍ പാര്‍ട്ടികളുടെ എണ്ണം 26 ആയി ഉയര്‍ന്നു. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ വിശാല പ്രതിപക്ഷ ഐക്യം രൂപപ്പെടുത്തുക എന്നതാണ് ഇന്ത്യയുടെ മുഖ്യ ലക്ഷ്യം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.