ചിക്കാഗോ: ഇന്ത്യയ്ക്ക് പുറത്ത് സീറോ മലബാർ സഭയ്ക്ക് ആദ്യമായി ലഭിച്ച ചിക്കാഗോ രൂപതയുടെ വിജയകരമായ 25 വർഷം പൂർത്തിയാക്കുന്നതിൻ്റെ ഭാഗമായി നടത്തുന്ന ജൂബിലി കൺവെൻഷൻ്റെ കിക്കോഫ് ടെക്സാസിലെ കോപ്പൽ സെൻ്റ് അൽഫോൻസാ ദേവാലയത്തിൽ നടന്നു. രൂപതാധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട് കിക്കോഫ് നിർവ്വഹിച്ചു.
ഇടവക വികാരി ഫാദർ മാത്യു മുഞ്ഞനാട്ടിൻ്റെയും ഇടവകാംഗങ്ങളുടെയും നേതൃത്വത്തിൽ മാർ ജോയ് ആലപ്പാട്ടിന് സ്വീകരണം നൽകി. ഇടവക കൺവെൻഷൻ പ്രതിനിധികളായ സിജിമോൾ ജോസഫ്, റോബിൻ കുര്യൻ, ട്രസ്റ്റിമാരായ ജോഷി കുര്യാക്കോസ്, രഞ്ജിത്ത് തലക്കോട്ടൂർ, റോബിൻ ജേക്കബ് എന്നിവർ കിക്കോഫ് ചടങ്ങിന് നേതൃത്വം നൽകി.
തൻ്റെ സന്ദേശത്തിൽ മാർ ജോയ് ആലപ്പാട്ട് കൺവെൻഷൻ്റെ പ്രാധാന്യം വിശദീകരിച്ചു. തലമുറകളുടെ സംഗമം, സൗഹൃദ കൂട്ടായ്മ, സഭയുടെ ശോഭന ഭാവിക്ക് ഉതകുന്ന ചർച്ചകൾ, യുവജന പങ്കാളിത്തം എന്നിവയാണ് ഈ കൺവെൻഷനിലൂടെ താൻ വിഭാവനം ചെയ്യുന്നത്. വിശ്വാസത്തിൻ്റെ ഈ മഹാസമ്മേളനത്തിലേക്ക് രൂപതയിലെ എല്ലാ കുടുംബങ്ങളും വന്നുചേരണമെന്നാണ് തൻ്റെ ആഗ്രഹമെന്നും യുവജനങ്ങളെ പ്രത്യേകം ഇതിലേക്ക് കൊണ്ടുവരണമെന്നും മാർ ജോയ് ആലപ്പാട്ട് ആഹ്വാനം ചെയ്തു.
ഈ വേളയിൽ രൂപതയുടെ പ്രഥമ മെത്രാനായ മാർ ജേക്കബ് അങ്ങാടിയത്തിൻ്റെ മെത്രാഭിഷേക രജത ജൂബിലി കൂടി ആഘോഷിക്കുന്നുണ്ട്. കഴിഞ്ഞ 25 വർഷങ്ങളിലായി രൂപതയുടെ വളർച്ചയിൽ പങ്കാളികളായ എല്ലാവരെയും അദേഹം ഓർമ്മിച്ചു. കൺവെൻഷൻ ഫിനാൻസ് ചെയർമാൻ ആൻഡ്രൂസ് തോമസ് കൺവെൻഷനെക്കുറിച്ച് വിശദീകരിച്ചു. 2026 ജൂലൈ മാസം നടക്കുന്ന ഈ കൺവെൻഷൻ രൂപതയുടെ ചരിത്രത്തിൽ തന്നെ സ്ഥാനം പിടിക്കുന്ന തരത്തിൽ വിജയകരമാക്കാൻ വിപുലമായ പ്രവർത്തനങ്ങൾ നടന്നുവരികയാണ്.
ഇപ്പോൾ രജിസ്റ്റർ ചെയ്യുന്നവർക്ക് ബുക്കിംഗ് നിരക്കിൽ ഇളവ് ലഭിക്കുന്നതാണ്. ഈ ഇളവ് ഡിസംബർ 31 വരെ മാത്രമേ ലഭിക്കൂ എന്നും എല്ലാവരും ഈ അവസരം ഉപയോഗിക്കണമെന്നും അദേഹം അഭ്യർത്ഥിച്ചു. കൺവെൻഷനോടനുബന്ധിച്ച് നടത്തുന്ന വിവിധ പരിപാടികളെക്കുറിച്ച് നാഷണൽ ഫണ്ട് റൈസിംഗ് കോർഡിനേറ്റർ ജോൺസൺ കണ്ണൂക്കാടൻ വിശദീകരിച്ചു.
2026 ജൂലൈ ഒമ്പത് മുതൽ 12 വരെ ചിക്കാഗോ നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന മക്കോർമിക് പ്ലേസും അതോട് ചേർന്ന മൂന്ന് ഹോട്ടലുകളും ആയിരിക്കും കൺവെൻഷൻ വേദി. ദിവസേനയുള്ള ദിവ്യബലി, ആരാധന എന്നിവയോടൊപ്പം വൈവിധ്യമാർന്ന വിഷയ അവതരണങ്ങൾ, സംഘടനാ കൂട്ടായ്മകൾ, കലാപരിപാടികൾ, യുവജനങ്ങൾക്കും മുതിർന്നവർക്കും വേണ്ടിയുള്ള പ്രത്യേക ട്രാക്കുകളിലെ മത്സരങ്ങൾ എന്നിവയും ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും www.syroconvention.org എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.