മുംബൈ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ ശിവരാജ് പാട്ടീല്‍ അന്തരിച്ചു. 91 വയസായിരുന്നു. ഇന്ന് പുലര്‍ച്ച 6:30 ന് ലാത്തൂരിലെ വസതിയിലായിരുന്നു അന്ത്യം. അസുഖബാധിതനായി വീട്ടില്‍ ചികിത്സയിലായിരുന്നു.
2004 മുതല്‍ 2008 വരെ ആദ്യ യുപിഎ സര്‍ക്കാരില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി ആയിരുന്നു. 2008 ല്‍ മുംബൈ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ അദേഹം രാജിവച്ചു.
മഹാരാഷ്ട്രയിലെ ലാത്തൂരില്‍ വിശ്വനാഥ റാവുവിന്റെയും ഭാഗീരഥി ഭായിയുടേയും മകനായി 1935 ഒക്ടോബര്‍ 12 നാണ് ശിവരാജ് പാട്ടീല്‍ ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഹൈദരാബാദിലുള്ള ഉസ്മാനിയ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബി.എസ്.സിയും ബോംബെ യൂണിവേഴ്സിറ്റിയില്‍ നിന്ന് നിയമ ബിരുദവും നേടി.
ദേശീയ രാഷ്ട്രീയത്തിലും കോണ്‍ഗ്രസ് രാഷ്ട്രീയത്തിലും ഏറെ സംഭാവനകള്‍ ചെയ്ത നേതാവായിരുന്നു ശിവരാജ് പാട്ടീല്‍. പാര്‍ലമെന്റില്‍ നിരന്തരം പല പ്രധാന വിഷയങ്ങളും ഉന്നയിച്ചിരുന്നു. ആദ്യം ഇന്ദിരാ ഗാന്ധിയുടെ മന്ത്രിസഭയിലും പിന്നീട് രാജീവ് ഗാന്ധിയുടെ മന്ത്രിസഭയിലും അംഗമായിരുന്നു. നെഹ്റു, ഗാന്ധി കുടുംബവുമായി അദേഹം അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. 1991 ല്‍ സ്പീക്കറായിരിക്കുമ്പോഴാണ് ലാത്തൂരില്‍ ഭൂകമ്പം ഉണ്ടാകുന്നത്. ആ സമയം ദുരന്ത മുഖത്ത് നേരിട്ടെത്തുകയും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുകയും ചെയ്തിരുന്നു.
1972 ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മഹാരാഷ്ട്ര നിയമസഭയിലേക്ക് വിജയിച്ചു. പിന്നീട് മന്ത്രിയായും സ്പീക്കറായും പ്രവര്‍ത്തിച്ചു. 1980 ല്‍ ലാത്തൂരില്‍ നിന്ന് ആദ്യമായി ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2004 വരെ ലാത്തൂര്‍ മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി ഏഴ് തവണ ലോക്സഭാംഗമായിരുന്നു.
1980 മുതല്‍ 1989 വരെ കേന്ദ്രമന്ത്രിയായും പ്രവര്‍ത്തിച്ചു. 1991 മുതല്‍ 1996 വരെ ലോക്സഭ സ്പീക്കറായിരുന്നു. 2010 മുതല്‍ 2015 വരെ പഞ്ചാബ് ഗവര്‍ണറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.