പ്രിൻസിപ്പൽ നിയമന വിവാദം; അനധികൃത ഇടപെടൽ നടത്തിയിട്ടില്ല, പരാതി പരിഹരിക്കാനാണ് ശ്രമിച്ചത്: മന്ത്രി

പ്രിൻസിപ്പൽ നിയമന വിവാദം; അനധികൃത ഇടപെടൽ നടത്തിയിട്ടില്ല, പരാതി പരിഹരിക്കാനാണ് ശ്രമിച്ചത്: മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിൽ പ്രിൻസിപ്പൽ നിയമനത്തിനുള്ള പട്ടികയിൽ ഇടപെട്ടെന്ന വിവാദത്തിൽ വിശദീകരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. നിയമനപട്ടിക തയ്യാറാക്കിയതുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാനാണ് താൻ നിർദേശം നൽകിയതെന്നും വിഷയത്തിൽ നിയമ വിരുദ്ധമായി യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. യുജിസി ചട്ടങ്ങളും സ്‌പെഷ്യൽ റൂൾസ് നിബന്ധനകളും പാലിച്ചാണ് നിയമനം നടന്നതെന്നും മന്ത്രി പ്രതികരിച്ചു.

സെലക്ഷൻ കമ്മിറ്റി നിർദേശിച്ച 47 പേരുടെ അന്തിമ പട്ടികയിൽ അയോഗ്യരായവരെ കൂടി ഉൾപ്പെടുത്താൻ മന്ത്രി ഇടപെടൽ നടത്തിയെന്ന് വിവരാവകാശ രേഖ പ്രകാരം വ്യക്തമായിരുന്നു. എന്നാൽ ഈ പട്ടിക തയ്യാറാക്കിയതിലെ അപാകതകൾ ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ പ്രതികരണം. 55 ഒഴിവുകൾ ഉണ്ടായിരുന്നതിലേക്ക് സെലക്ഷൻ കമ്മിറ്റി 67 പേരുടെ ലിസ്റ്റ് തയ്യാറാക്കുകയായിരുന്നു. പിന്നീട് സബ് കമ്മിറ്റി ഈ പട്ടികയിൽ നിന്നും 20 പേരെ ഒഴിവാക്കി 47 പേരായി ചുരുക്കി. ഈ സബ് കമ്മിറ്റി തയ്യാറാക്കിയ ലിസ്റ്റ് താൻ കണ്ടിട്ടില്ലെന്നും പ്രിൻസിപ്പൽമാരുടെ നിയമനം സംബന്ധിച്ച അന്തിമ പട്ടിക തയ്യാറായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

സാങ്കേതിക പിഴവുകൾ കൊണ്ടാണ് ലിസ്റ്റ് ചുരുങ്ങിയത്. ഇതിനെതിരെ പട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ടവർ വ്യാപകമായി പരാതി ഉന്നയിച്ചതിനെത്തുടർന്ന് പരാതി പരിഹരിക്കാനാണ് നിർദേശം നൽകിയതെന്നും ആദ്യത്തെ ലിസ്റ്റ് തള്ളാതെ തന്നെ അക്കാര്യം പരിശോധിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

പരാതികൾ പരിഹകരിച്ച് നിയമനം നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കോളജ് അധ്യാപകരുടെ സീനിയോരിറ്റിയുടെ അടിസ്ഥാനത്തിലാണ് പ്രിൻസിപ്പൽമാരായി നിയമിക്കുന്നത്. ഈ ചട്ടം പാലിച്ചുതന്നെ മുന്നോട്ട് പോകുമെന്നും ലിസ്റ്റിലേക്ക് ആരെയും കുത്തിക്കയറ്റണം എന്ന താത്പര്യം സർക്കാരിന് ഇല്ലെന്നും മന്ത്രി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.