കൊച്ചി: അഞ്ച് വയസുകാരിയെ മാലിന്യ കൂമ്പാരത്തില്‍ ചാക്കിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവം കേരള മനസാക്ഷിയെ നൊമ്പരപ്പെടുത്തുന്ന വിങ്ങലായി മാറിയിരിക്കുകയാണ്. കുട്ടിയെ പ്രതി ആസ്ഫാഖ് ആലം പീഡിപ്പിച്ച ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞതോടെ എത്രമാത്രം ക്രൂരതയ്ക്ക് പിഞ്ചുകുഞ്ഞ് ഇരയായതെന്ന് കരളലിവുള്ള ആര്‍ക്കും ഊഹിക്കാനേ കഴിയില്ല.
ശരീരത്തില്‍ നിറയെ മുറിവുകളോടെയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. സ്വകാര്യ ഭാഗത്തടക്കം മുറിവുകളുണ്ടായിരുന്നു. ലൈംഗിക പീഡനത്തിന് ഇരയായതായി ആദ്യം പൊലീസ് സ്ഥിരീകരിച്ചിരുന്നില്ലെങ്കിലും പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമാണ് കുട്ടി കൊല്ലപ്പെട്ടത് പീഡനത്തിന് ശേഷമാണെന്ന് ഫോറന്‍സിക് സംഘം സ്ഥിരീകരിച്ചു.
പീഡനത്തിന് ശേഷം കുട്ടിയുടെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ഫോറന്‍സിക് സംഘത്തില്‍ നിന്നും പൊലീസിന് ലഭിച്ച വിവരം. കുട്ടി ധരിച്ചിരുന്ന ബനിയന്‍ കഴുത്തില്‍ മുറുക്കിയാണ് കൊലപാതകം നടത്തിയത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ആലുവ ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. നാളെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകും.
ഞായറാഴ്ച രാവിലെ 7.30 മുതല്‍ ഒമ്പത് വരെ ചാന്ദ്‌നി പഠിച്ച തായിക്കാട്ടുകര എല്‍പി സ്‌കൂളില്‍മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് കീഴ്മാട് ശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിക്കും.
അഞ്ചു വയസുകാരി ചാന്ദ്‌നിയുടെ കൊലപാതകത്തിന് പിന്നാലെ സംഭവത്തില്‍ പൊലീസിന്റെ അനാസ്ഥയാണ് ചര്‍ച്ചയാവുന്നത്. പ്രതിയുടെ മൊഴി വിശ്വസിച്ച് മാത്രമാണ് പൊലീസ് അന്വേഷണം നടത്തിയത്. കുട്ടിയെ പ്രതി കടത്തിക്കൊണ്ട് പോവുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നെങ്കിലും ഇത് കേന്ദ്രീകരിച്ച് കൃത്യമായ അന്വേഷണമുണ്ടായില്ല.
അന്ന് രാത്രി തന്നെ പ്രതിയെ പിടികൂടാനായെങ്കിലും മദ്യലഹരിയിലായിരുന്ന ഇയാള്‍ പറഞ്ഞ മൊഴി അതേപടി വിശ്വസിക്കുകയാണ് പൊലീസ് ചെയ്തത്. കുട്ടിയെ മറ്റൊരാള്‍ക്ക് കൈമാറിയെന്ന പ്രതിയുടെ മൊഴി കണക്കിലെടുത്ത പൊലീസ് ഇയാളുടെ സുഹൃത്തിനെയും കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ നഗരത്തിലുള്‍പ്പെടെ കാര്യക്ഷമമായ തിരച്ചില്‍ നടത്തിയില്ല. അന്വേഷണം വഴിതെറ്റിക്കാനുള്ള പ്രതിയുടെ ശ്രമം ഇതോടെ വിജയിച്ചു.
സംഭവം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞാണ് ശനിയാഴ്ച രാവിലെയോടെ കുട്ടിയെ കാണാതായത് സംബന്ധിച്ച് സമൂഹ മാധ്യമങ്ങളില്‍ പൊലീസ് പോസ്റ്റര്‍ നോട്ടീസ് ഇറക്കിയത്. ഇത് വ്യാപകമായി പ്രചരിപ്പിക്കപ്പെടും മുമ്പേ ചാന്ദ്‌നി കൊല്ലപ്പെട്ട വാര്‍ത്തയും എത്തി. പിന്നാലെ കാണാതായ പെണ്‍കുട്ടിയെ ജീവനോടെ കണ്ടെത്താനാകാത്തതില്‍ വേദന പങ്കുവച്ച് കേരള പൊലീസ് ഫേസ്ബുക്ക് 'മകളേ മാപ്പ്' എന്ന കുറിപ്പിട്ടു. പോസ്റ്റിന് താഴെ പോലീസിന്റെ അനാസ്ഥയെ പഴിച്ച് നിരവധിപ്പേരാണ് കമ്മന്റ് ചെയ്തിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.