കൊച്ചി: മോന്‍സണ്‍ മാവുങ്കല്‍ ഉള്‍പ്പെട്ട പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസില്‍ തന്നെ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് ഐജി ജി. ലക്ഷ്മണ്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍. സംസ്ഥാനത്തെ ചില സാമ്പത്തിക ഇടപാടുകളില്‍ മധ്യസ്ഥത വഹിക്കാനും തര്‍ക്കങ്ങള്‍ ഒത്തുതീര്‍ക്കാനും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഒരു അസാധാരണ ഭരണഘടനാ അതോറിറ്റി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഹര്‍ജിയില്‍ അദ്ദേഹം ആരോപിക്കുന്നു.
ഹൈക്കോടതി പല ആര്‍ബിട്രേറ്റര്‍മാര്‍ക്ക് പരിഹരിക്കാന്‍ നല്‍കുന്ന തര്‍ക്കങ്ങള്‍ പോലും പരിഹരിക്കുന്നത് ഈ അതോറിറ്റിയാണ്. തനിക്കെതിരെ കേസെടുത്ത നിയമവിരുദ്ധമായ നടപടി പോലും തിരശീലയ്ക്ക് പിന്നില്‍ കളിക്കുന്ന ഈ അദൃശ്യ കരങ്ങളുടെയും ഭരണഘടനാതീതമായ ബുദ്ധിയുടെയും ഇടപെടലാണെന്നും അഡ്വ. നോബിള്‍ മാത്യു മുഖേന നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.
ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് രാജ വിജയരാഘവന്‍ ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട് തേടിയിരിക്കുകയാണ്. 17 ന് ഹര്‍ജി വീണ്ടും പരിഹണിക്കും. അതിനാല്‍ ഹര്‍ജി ഫയലില്‍ സ്വീകരിച്ചിട്ടില്ല. കേസില്‍ മൂന്നാം പ്രതിയായ ലക്ഷ്മണിന് നേരത്തെ ഹൈക്കോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
വ്യജ പുരാവസ്തുക്കളുടെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ 2021 സെപ്റ്റംബര്‍ 25 നാണ് മോന്‍സണ്‍ മാവുങ്കലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. നിലവില്‍ പൊലീസ് ട്രെയിനിംഗ് ചുമതലയുള്ള ഐജി ലക്ഷ്മണിനെ കേസില്‍ മൂന്നാം പ്രതിയാക്കി ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കഴിഞ്ഞ ജൂണ്‍ ഒമ്പതിന് എറണാകുളം അഡി. സിജെഎം കോടതിയില്‍ റിപ്പോര്‍ട്ടു നല്‍കി.
ലക്ഷമണിന് പുറമേ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍, മുന്‍ ഡിഐജി എസ്.സുരേന്ദ്രന്‍ എന്നിവരെയും പ്രതി ചേര്‍ത്തിരുന്നു. എന്നാല്‍ ആദ്യ എഫ്‌ഐആറില്‍ തന്റെ പേരില്ലെന്ന് ഐജിയുടെ ഹര്‍ജിയില്‍ പറയുന്നു. സാക്ഷികളും ആരോപണം ഉന്നയിച്ചിട്ടില്ല.
നേരത്തെ പരാതിക്കാന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലും തന്റെ പേരുണ്ടായിരുന്നില്ല. വകുപ്പുതല അന്വേഷണത്തിലും ക്‌ളീന്‍ ചിറ്റ് നല്‍കി. ഇതിനുശേഷം ഒരു രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതി ചേര്‍ത്തതെന്നും ഐജി ലക്ഷ്മണ്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.