ടി-ചാം, ടി-ഫര്‍ണിഷിംഗ്സ്, ടി-ഫെന്‍ഡ്,ടി-വാഷ്,ടി-ബൈറ്റ്: സര്‍ക്കാര്‍ ഐടിഐകള്‍ ഉൽപ്പാദന-വിപണനകേന്ദ്രങ്ങളാകുന്നു

ടി-ചാം, ടി-ഫര്‍ണിഷിംഗ്സ്, ടി-ഫെന്‍ഡ്,ടി-വാഷ്,ടി-ബൈറ്റ്: സര്‍ക്കാര്‍ ഐടിഐകള്‍  ഉൽപ്പാദന-വിപണനകേന്ദ്രങ്ങളാകുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഐടിഐകള്‍ ഉൽപ്പാദന,വിതരണ, സേവനകേന്ദ്രങ്ങളായി മാറുന്നു. ഐടിഐ വിദ്യാര്‍ഥികളുടെ നൈപുണ്യശേഷിയും തൊഴിൽ സാധ്യതയും വര്‍ധിപ്പിക്കാനുള്ള എൽഡിഎഫ് സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായാണ് ഐടിഐകളിൽ ഉൽപ്പാദന, വിപണന,സേവന കേന്ദ്രങ്ങൾ ആരംഭിക്കുന്നത്.

കോഴിക്കോട് ഗവ. വനിതാ ഐടിഐയിൽ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി ബ്യൂട്ടി സൊല്യൂഷന്‍സ്, അരീക്കോട് ഗവ. ഐടിഐയിൽ ഫര്‍ണീച്ചര്‍ നിര്‍മ്മാണം, കൊല്ലം ചന്ദനത്തോപ്പ് ഐടിഐയിൽ ബേക്കറി ഉൽപ്പന്നങ്ങള്‍, സാനിറ്റൈസര്‍, ഹാന്‍ഡ് വാഷ് നിര്‍മ്മാണയൂണിറ്റ് എന്നിവ  തൊഴിൽ നൈപുണ്യ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ ഇന്ന് ഉദ്ഘാടനം ചെയ്യും. ഐടിഐകളിലെ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മെന്റെ കമ്മറ്റികളുടെ നേതൃത്വത്തിലാണ് വിദ്യാര്‍ഥികളും അധ്യാപകരും ഉൽപ്പാദന-വിതരണ-സേവനമേഖലകളിലക്ക് ഇറങ്ങുന്നത്.

മൂന്ന് ഐടിഐകളിൽ ആരംഭിക്കുന്ന ഉൽപ്പാദന-വിതരണ-സേവന യൂണിറ്റുകള്‍ ഘട്ടംഘട്ടമായി എല്ലാ ഐടിഐകളിലേക്കും വ്യാപിപ്പിക്കും. വിദ്യാര്‍ഥികളുടെ സംരംഭകത്വശേഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവും പദ്ധതിക്കുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി അത്യാധുനിക സൗകര്യങ്ങളോടെയാണ് കോഴിക്കോട് വനിതാ ഐടിഐയിൽ ടി-ചാം എന്ന പേരിൽ ബ്യൂട്ടി സൊല്യൂഷന്‍സ് പ്രവര്‍ത്തനമാരംഭിക്കുന്നത്. ഒരേ സമയം നാലുപേര്‍ക്ക് ഇവിടെ സേവനം ലഭ്യമാകും. ബ്യൂട്ടി ക്ലിനിക്കുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ടി ചാമിൽ ലഭിക്കുമെന്ന പ്രത്യേകതയുമുണ്ട്. കേരളത്തിൽ കോസ്മെറ്റോളജി ട്രേഡ് ഉള്ള ഏക ഐടിഐയാണ് കോഴിക്കോട്.മലപ്പുറം അരീക്കോട് ഗവ. ഐടിഐയിൽ നിര്‍മ്മിക്കുന്ന മരം കൊണ്ടുള്ള ഫര്‍ണീച്ചര്‍ ഉൽപ്പന്നങ്ങള്‍ വ്യാവസായിക പരിശീലനവകുപ്പിന്‍റെ ബ്രാന്‍ഡ് നെയിമായ ടി-ഫര്‍ണിഷിംഗ്സ് എന്ന പേരിലാണ് വിപണിയിൽ ഇറക്കുക. സര്‍ക്കാര്‍ ഐടിഎകളിൽ ആദ്യമായാണ് ഫര്‍ണീച്ചര്‍ നിര്‍മ്മാണകേന്ദ്രം ആരംഭിക്കുന്നത്.

സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാസ്ഥാപനങ്ങള്‍ക്കും സ്വകാര്യസ്ഥാപനങ്ങള്‍ക്കും വീടുകളിലേക്കും ആവശ്യമനുസരിച്ച് അരീക്കോട് ഐടിഐയിൽ നിന്ന് ഗുണമേന്മയുള്ള ഫര്‍ണീച്ചര്‍ നിര്‍മ്മിച്ചുനൽകും. ഐടിഐയിലെ കാര്‍പ്പെന്‍റര്‍ ട്രേഡുമായി സഹകരിച്ചാണ് പ്രൊഡക്ഷന്‍ സെന്‍റര്‍ പ്രവര്‍ത്തിക്കുക. ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മെന്‍റ് കമ്മറ്റി നേതൃ ത്വത്തിൽ വിദഗ്ധരായ കാര്‍പ്പന്‍റര്‍മാരെയും ഫര്‍ണീച്ചര്‍ നിര്‍മ്മാണത്തിന് നിയോഗിക്കും. കൊല്ലം ചന്ദനത്തോപ്പ് ഗവ. ബേസിക് ട്രെയിനിംഗ് സെന്‍ററിൽ ബേക്കറി -കണ്‍ഫക്ഷണറി യൂണിറ്റ് ആരംഭിക്കുന്നതോടൊപ്പം നിലവിലുള്ള സാനിറ്റൈസര്‍, ഹാന്‍ഡ് വാഷ് നിര്‍മ്മാണം വിപുലപ്പെടുത്തും. ടി ബൈറ്റ്, ടി-ഫെന്‍ഡ്, ടി-വാഷ് എന്നീ പേരുകളിലാണ് ബേക്കറി ഉൽപ്പന്നങ്ങളും സാനിറ്റൈസറും ഹാന്‍ഡ് വാഷും വ്യാവസായികാടിസ്ഥാനത്തി ഉൽപ്പാദിപ്പിക്കുക.

കോഴിക്കോട് വനിതാ ഐടിഐയിലെ ടി-ചാം ഇന്ന് കാലത്ത് 10 മണിയ്ക്ക് മന്ത്രി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. എ പ്രദീപ് കുമാര്‍ എംഎൽഎയുടെ അധ്യക്ഷതയിലാണ് ഉദ്ഘാടന ചടങ്ങ്. ചന്ദനത്തോപ്പ് ബിടിസിയിലെ പ്രൊഡക്ഷന്‍ സെന്റർ കാലത്ത് 11.30 ന് മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ അധ്യക്ഷതയിൽ മന്ത്രി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. അരീക്കോട് ഐടിഐയിലെ പ്രൊഡക്ഷന്‍ സെന്‍റര്‍ പന്ത്രണ്ട് മണിയ്ക്ക് പി കെ ബഷീര്‍ എംഎൽ എയുടെ അധ്യക്ഷതയിൽ മന്ത്രി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. അരീക്കോട് ഗ്രാമപഞ്ചായത്ത് അംഗം സൈനബ പട്ടീരി ഫര്‍ണീച്ചറിന്‍റെ ആദ്യ വിൽപ്പന നിര്‍വഹിക്കും. ചന്ദനത്തോപ്പിലും അരീക്കോടും വീഡിയോ കോണ്‍ഫറന്‍സ് മുഖേനയാണ് ഉദ്ഘാടനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.