വത്തിക്കാനു സമീപം നീറോ ചക്രവര്‍ത്തിയുടെ തിയേറ്ററിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി; ലഭിച്ചത് അസാധാരണ വസ്തുക്കള്‍

വത്തിക്കാനു സമീപം നീറോ ചക്രവര്‍ത്തിയുടെ തിയേറ്ററിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി; ലഭിച്ചത് അസാധാരണ വസ്തുക്കള്‍

റോം: റോമന്‍ ചക്രവര്‍ത്തിയായിരുന്ന നീറോയുടെ കാലത്തെ തിയറ്ററിന്റേതെന്ന് വിശ്വസിക്കപ്പെടുന്ന അവശിഷ്ടങ്ങള്‍ വത്തിക്കാനടുത്ത് പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നിന്ന് ഏതാനും ചുവടുകള്‍ മാത്രം അകലെയുള്ള പലാസോ ഡെല്ല റോവറി എന്ന കൊട്ടാരത്തിന്റെ പൂന്തോട്ടത്തിനടിയില്‍ നടത്തിയ പുരാവസ്തു ഗവേഷണത്തിലാണ് നീറോ ചക്രവര്‍ത്തിയുടെ തിയേറ്ററിന്റെ അവശിഷ്ടങ്ങളെന്ന് അനുമാനിക്കുന്ന ഘടനകള്‍ കണ്ടെത്തിയത്.

പുരാതന റോമന്‍ രചനകളില്‍ പരാമര്‍ശിച്ചിട്ടുള്ള, കവിതയ്ക്കും ഗാനാലാപനത്തിനും വേണ്ടിയുള്ള സ്ഥലമാണെന്ന് വിശ്വസിക്കപ്പെടുന്നതായി റോമിലെ സ്പെഷ്യല്‍ സൂപ്രണ്ട് ഡാനിയേല പോറോ പറഞ്ഞു. റോമന്‍ സാമ്രാജ്യത്തിന്റെ ചരിത്രത്തിലേക്കു കൂടുതല്‍ വെളിച്ചം വീശുന്നവയാണ് കണ്ടെത്തലുകളെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു പുരാതന വത്തിക്കാന്‍ നിര്‍മിതിയായ പലാസോ ഡെല്ല റോവറി, പുണ്യഭൂമിയിലെ ക്രിസ്ത്യാനികള്‍ക്ക് പണം സ്വരൂപിക്കുന്നതിനായി ആഡംബര ഹോട്ടല്‍ നടത്തിപ്പിന് പാട്ടത്തിന് നല്‍കിയിരിക്കുകയാണ്. ഇവിടെ തീയറ്ററിന്റെ യാതൊരു തെളിവുകളും അവശിഷ്ടങ്ങളും മുന്‍പ് കണ്ടെത്തിയിട്ടുണ്ടായിരുന്നില്ല.


വത്തിക്കാനു സമീപം ഖനനത്തില്‍ കണ്ടെത്തിയ പുരാവസ്തുക്കള്‍

കെട്ടിട നവീകരണത്തിന്റെ ഭാഗമായി 2020 മുതല്‍ ഗവേഷകര്‍ ഇവിടെ ഖനനം നടത്തി വരികയായിരുന്നു. ഗ്രാന്‍ഡ് പാലാസോയുടെ പ്രദേശത്ത് നടത്തിയ ഖനനത്തില്‍ മറ്റ് സമ്പന്നമായ ചരിത്ര കണ്ടെത്തലുകളും നടത്തിയിട്ടുണ്ട്. ഹെമിസൈക്കിള്‍ ആകൃതിയിലുള്ള ഇരിപ്പിടത്തിന്റെ ഒരു ഭാഗം, തിയേറ്ററിന്റെ സ്റ്റേജിനെ അലങ്കരിച്ചിരുന്ന വിലപിടിപ്പുള്ള മാര്‍ബിളുകള്‍, വസ്ത്രങ്ങള്‍ക്കും രംഗസജ്ജീകരണത്തിനുള്ള സാധനങ്ങള്‍ക്കുമുള്ള സംഭരണ മുറികള്‍ എന്നിവയും ഖനനത്തില്‍ കണ്ടെത്തിയതായി പറയുന്നു.

ഗ്രാന്‍ഡ് പാലാസോ പ്രദേശത്ത് നടത്തിയ ഖനനത്തില്‍ മറ്റ് സമ്പന്നമായ ചരിത്ര കണ്ടെത്തലുകളും നടത്തിയിട്ടുണ്ട്. പുരാതന റോമന്‍ ചക്രവര്‍ത്തി കലിഗുല നിര്‍മിച്ച കുതിരപ്പന്തയ സര്‍ക്കസായ ഹോര്‍ട്ടി ഡി അഗ്രിപ്പിനയുടെ അവശിഷ്ടങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ഇതുകൂടാതെ 15-ാം നൂറ്റാണ്ടിലെ പുരാവസ്തുക്കളും ലഭിച്ചു.



ഗ്ലാസ് ഗോബ്ലറ്റുകള്‍ (വെള്ളം കുടിക്കാനുപയോഗിക്കുന്ന ആഡംബര ഗ്ലാസുകള്‍), പാചക പാത്രങ്ങള്‍, നാണയങ്ങള്‍, സംഗീതോപകരണങ്ങളുടെയും അസ്ഥി കൊണ്ട് നിര്‍മ്മിച്ച ചീപ്പുകളുടെയും കഷ്ണങ്ങള്‍ എന്നിവയും കണ്ടെടുത്തിട്ടുണ്ട്.

15-ാം നൂറ്റാണ്ട് വരെയുള്ള റോമന്‍ സാമ്രാജ്യത്തിന്റെ അപൂര്‍വ ചിത്രം നല്‍കുന്നതിനാല്‍, ഖനനത്തില്‍ നിന്നുള്ള കണ്ടെത്തലുകള്‍ അസാധാരണമാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കണ്ടെത്തലുകളില്‍ ഉള്‍പ്പെടുന്ന പത്താം നൂറ്റാണ്ടിലെ നിറമുള്ള ഗ്ലാസ് ഗോബ്ലറ്റുകളും മണ്‍പാത്ര കഷണങ്ങളും അസാധാരണമാണ്, കാരണം റോമിലെ ഈ കാലഘട്ടത്തെക്കുറിച്ച് വളരെക്കുറച്ച് അറിവ് മാത്രമെ ഇപ്പോഴുള്ളു. ഈ കാലഘട്ടത്തിലെ ഏഴ് ഗ്ലാസ് പാത്രങ്ങള്‍ മാത്രമേ മുമ്പ് കണ്ടെത്തിയിരുന്നുള്ളൂവെന്നും ഇപ്പോള്‍ നടന്ന ഖനനത്തില്‍ ഏഴ് എണ്ണം കൂടി കണ്ടെത്തിയെന്നും സൈറ്റിന്റെ മുഖ്യ പുരാവസ്തു ഗവേഷകനായ മാര്‍സിയ ഡി മെന്റോ അഭിപ്രായപ്പെട്ടു.



പുരാതന റോമന്‍ എഴുത്തുകാരനും തത്ത്വചിന്തകനുമായ പ്ലിനി ദി എല്‍ഡറിന്റെ ഗ്രന്ഥങ്ങളില്‍ പരാമര്‍ശിച്ചിരിക്കുന്ന നീറോസ് തീയേറ്റര്‍, ടൈബര്‍ നദിക്കപ്പുറത്തുള്ള സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ഇതിന്റെ അടിസ്ഥാനത്തിലുള്ള പരിശോധനയിലാണ് പുരാവസ്തു ഗവേഷകര്‍ മാര്‍ബിള്‍ സ്തംഭങ്ങളടക്കമുള്ള അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മാറ്റാന്‍ കഴിയുന്ന പുരാവസ്തുക്കള്‍ ഒരു മ്യൂസിയത്തിലേക്ക് മാറ്റുമെന്നും എല്ലാ പഠനങ്ങളും പൂര്‍ത്തിയാക്കിയ ശേഷം തീയേറ്ററിന്റെ മറ്റ് അവശിഷ്ടങ്ങള്‍ വീണ്ടും മൂടുമെന്നും അധികൃതര്‍ പറഞ്ഞു.

റോമന്‍ സാമ്രാജ്യത്തിലെ അഞ്ചാമത്തെ ചക്രവര്‍ത്തിയായിരുന്നു നീറോ. 30-ാം വയസ്സില്‍ അദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നു. റോമന്‍ സെനറ്റ്, പൊതു ശത്രുവായി പ്രഖ്യാപിച്ചതോടെയാണ് തന്റെ ജീവിതം അവസാനിപ്പിക്കാന്‍ നീറോ തീരുമാനിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.