അംബരചുംബികള്‍ കീഴടക്കിയ ഫ്രഞ്ച് സാഹസികന്‍ അറുപത്തെട്ടാം നിലയില്‍നിന്ന് വീണ് മരിച്ചു

അംബരചുംബികള്‍ കീഴടക്കിയ ഫ്രഞ്ച് സാഹസികന്‍ അറുപത്തെട്ടാം നിലയില്‍നിന്ന് വീണ് മരിച്ചു

ഹോങ്കോങ്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടങ്ങള്‍ കീഴടക്കുന്നതിലൂടെ ശ്രദ്ധേയനായ ഫ്രഞ്ച് സാഹസികന്‍ ഹോങ്കോങ്ങിലെ 68 നില കെട്ടിടത്തിന്റെ മുകളില്‍നിന്ന് വീണ് മരിച്ചു. മുപ്പതുകാരനായ റെമി ലൂസിഡി ഹോങ്കോങ്ങിലെ 721 അടി ഉയരമുള്ള ട്രെഗണ്ടര്‍ ടവര്‍ കീഴടക്കാനുള്ള ശ്രമത്തിനിടെ 68-ാം നിലയില്‍നിന്ന് താഴേക്ക് വീഴുകയായിരുന്നു.

ഫ്രഞ്ച് സാഹസികനായ റെമി ലൂസിഡി ഒരു സുഹൃത്തിനെ കാണാന്‍ എത്തിയതാണെന്നാണ് അപകടം നടന്ന ഫ്‌ളാറ്റിലെ സുരക്ഷാ ഗാര്‍ഡിനോട് പറഞ്ഞത്. എന്നാല്‍ ലൂസിഡിയെ അറിയില്ലെന്ന് അവിടുത്തെ താമസക്കാരന്‍ പിന്നീട് വ്യക്തമാക്കി. കെട്ടിടത്തിനകത്തേക്ക് കടക്കാനായി ലൂസിഡി കള്ളം പറയുകയായിരുന്നു. തടയാന്‍ ശ്രമിക്കുന്നതിന് മുന്‍പ് തന്നെ അദ്ദേഹം ലിഫ്റ്റില്‍ കയറി മുകളിലേക്ക് പോയതായും സുരക്ഷാ ഗാര്‍ഡ് പറഞ്ഞു.



49-ാം നിലയില്‍ എത്തിയശേഷം ലിഫ്റ്റില്‍ നിന്ന് ഇറങ്ങിയ ലൂസിഡി തുടര്‍ന്ന് കെട്ടിടത്തിന് മുകളിലേക്ക് കയറുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

രാത്രിയില്‍ ഒരു റൂമിന്റെ പുറംഭാഗത്ത് കുടുങ്ങിയ ലൂസിഡി രക്ഷപ്പെടാനായി ജനാലയില്‍ നിരവധി തവണ തട്ടിവിളിച്ചു. എന്നാല്‍ സഹായം എത്തിക്കുന്നതിന് മുന്‍പ് അദ്ദേഹം കാല്‍വഴുതി താഴേക്ക് വീഴുകയും തല്‍ക്ഷണം മരിക്കുകയുമായിരുന്നു. സംഭവസ്ഥലത്തുനിന്ന് ലൂസിഡിയുടെ ക്യാമറ പോലീസ് കണ്ടെത്തിയിട്ടുണ്ട്. മരണകാരണം പോലീസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

സുരക്ഷാ ഉപകരണങ്ങളൊന്നും ഇല്ലാതെ ലൂസിഡി സാഹസികമായി കെട്ടിടങ്ങളില്‍ കയറുന്നത് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ച ഫോട്ടോകളിലും വീഡിയോകളിലും കാണാം. ലൂസിഡിയുടെ 'റെമി എനിഗ്മ' എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന് നിവരധി ഫോളോവേഴ്സുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.