ഗര്‍ഭച്ഛിദ്രം തങ്ങളുടെ ആചാരമാണെന്ന് അമേരിക്കന്‍ കോടതിയില്‍ വാദിച്ച സാത്താനിക് ടെമ്പിള്‍ സംഘടനയ്ക്ക്‌ തിരിച്ചടി

ഗര്‍ഭച്ഛിദ്രം തങ്ങളുടെ ആചാരമാണെന്ന് അമേരിക്കന്‍ കോടതിയില്‍ വാദിച്ച സാത്താനിക് ടെമ്പിള്‍ സംഘടനയ്ക്ക്‌ തിരിച്ചടി

ടെക്‌സസ്: ഗര്‍ഭച്ഛിദ്രം തങ്ങളുടെ ആചാരമാണെന്നും ടെക്‌സസ് സംസ്ഥാനത്തെ ഗര്‍ഭച്ഛിദ്ര നിരോധന നിയമം തങ്ങളുടെ മതസ്വാതന്ത്ര്യത്തിന് എതിരാണെന്നും കോടതിയില്‍ വാദിച്ച പൈശാചിക സാത്താന്‍ സംഘടനയായ സാത്താനിക് ടെമ്പിളിന് തിരിച്ചടി. ഗര്‍ഭച്ഛിദ്രം തങ്ങളുടെ ഒരു കൂദാശയാണെന്ന നിലയില്‍ പോലും പരാമര്‍ശിച്ച സംഘടനയുടെ വാദങ്ങള്‍ പക്ഷേ കോടതിയില്‍ വിലപ്പോയില്ല.

ആന്‍ ഡോ എന്നറിയപ്പെടുന്ന ഒരു സ്ത്രീക്ക് വേണ്ടിയാണ് സാത്താനിക് ടെമ്പിള്‍ കേസ് ഫയല്‍ ചെയ്തത്. അബോര്‍ഷന്‍ നിയന്ത്രണങ്ങള്‍ എടുത്തുകളയണം എന്നതായിരുന്നു ആവശ്യം. എന്നാല്‍ സാത്താനിക് ടെമ്പിളിന്റെ അവകാശ വാദങ്ങള്‍ സംശയാസ്പദവും നിഗൂഢവുമാണെന്ന് ജില്ലാ ജഡ്ജി ചാള്‍സ് എസ്‌ക്രിഡ്ജ് വിലയിരുത്തി. അവരുടെ 'മത നിയമങ്ങള്‍ക്ക്' വ്യക്തതയോ കൃത്യമായ വിശദീകരണമോ ഇല്ലെന്നും കോടതി നിരീക്ഷിച്ചു. തുടര്‍ന്ന് കേസ് കോടതി തള്ളി.

അബോര്‍ഷന്‍ എന്ന ആചാരം തങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത് കുറ്റബോധം, സംശയം, ലജ്ജ എന്നീ വികാരങ്ങളില്‍ നിന്ന് സ്ത്രീകള്‍ക്ക് പുറത്തു കടക്കാനും സംഘടനയിലെ അംഗങ്ങളെ അവരുടെ സ്വന്തം ശരീരത്തിനും മനസിനും മേല്‍ നിയന്ത്രണം സ്ഥാപിക്കാന്‍ പ്രാപ്തരാക്കുന്നതിനും വേണ്ടിയാണെന്ന് സംഘടന വാദിച്ചു.

സാത്താനിക് ടെമ്പിളിന്റെ കേസ് ഒരു പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണെന്ന് ഫാമിലി റിസര്‍ച്ച് കൗണ്‍സില്‍ സെന്റര്‍ ഫോര്‍ റിലീജിയസ് ലിബര്‍ട്ടിയുടെ ഡയറക്ടര്‍ ഏരിയല്ലെ ഡെല്‍ ടര്‍ക്കോ കുറ്റപ്പെടുത്തി. മതസ്വാതന്ത്ര്യത്തിന്റെ മറവില്‍ നല്ല ലക്ഷ്യത്തോടെ പിന്തുടരുന്ന മതവിശ്വാസങ്ങളെ തുരങ്കം വയ്ക്കാനുള്ള ശ്രമമാണ് സാത്താനിക് ടെമ്പിള്‍ സംഘടനയുടേതെന്ന് ഏരിയല്ലെ പറഞ്ഞു.

സാത്താനിക് ടെംപിളിന്റെ കേസ് തള്ളാനുള്ള കോടതിയുടെ തീരുമാനത്തില്‍ ഏരിയല്ലെ സംതൃപ്തി പ്രകടിപ്പിച്ചു. സംഘടനയുടെ കുതന്ത്രങ്ങളെക്കുറിച്ച് ആളുകള്‍ക്ക് അറിയാമെന്നും അവരുടെ അധംപതിച്ച ഗെയിമില്‍ വീഴരുതെന്നും അവര്‍ സൂചിപ്പിക്കുന്നു.

ഗര്‍ഭച്ഛിദ്രാവകാശങ്ങളെയും മതസ്വാതന്ത്ര്യത്തെയും കുറിച്ചുള്ള ചര്‍ച്ചകളില്‍ ഈ വിധി സുപ്രധാനമാണെന്നു നിയമ വിദഗ്ധര്‍ വിലയിരുത്തുന്നു.

സാത്താനിക് ടെമ്പിളിലെ അംഗങ്ങളില്‍ അന്‍പതു ശതമാനത്തില്‍ അധികവും സ്വവര്‍ഗാനുരാഗികളും നിരീശ്വരവാദികളുമാണ്. ക്രൈസ്തവ സഭകള്‍ ഇത്തരം അരാജകത്വ ആശയങ്ങള്‍ക്കെതിരേ പ്രവര്‍ത്തിക്കുമ്പോള്‍ സാത്താനിക് ടെമ്പിള്‍ അവരുടെ ആശയങ്ങള്‍ക്കു കൂടുതല്‍ പ്രചാരം നല്‍കുകയാണു ചെയ്യുന്നത്. ഗര്‍ഭച്ഛിദ്രത്തിന്റെ നിയന്ത്രണങ്ങളെ വെല്ലുവിളിച്ച് പലയിടത്തും സംഘടന കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്.

സാത്താനിക് ടെമ്പിള്‍ സംഘടന കലിഫോര്‍ണിയയിലെ ഒരു സ്‌കൂളില്‍ 'ആഫ്റ്റര്‍ സ്‌കൂള്‍ സാത്താന്‍ ക്ലബ്ബ്' ആരംഭിച്ചത് വലിയ വിമര്‍ശനത്തിനിടയാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.